എം-സോണ്‍ റിലീസ് – 1318
ഭാഷ | ഫ്രഞ്ച്, അറബിക് |
സംവിധാനം | Denis Villeneuve |
പരിഭാഷ | ശ്രീധർ, അഖില പ്രേമചന്ദ്രൻ, പ്രവീൺ അടൂർ |
ജോണർ | ഡ്രാമ, മിസ്റ്ററി, വാർ |
ഒരു സിനിമ കണ്ട് തരിച്ചിരിക്കാൻ തയാറുണ്ടെങ്കിൽ ആൻസൊന്തി (Incendies) അഥവാ Fires എന്ന ഈ ഫ്രഞ്ച് സിനിമ കാണാം. നവാൽ മർവാൻ എന്ന സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മരണശേഷം സ്വത്തുക്കൾ വീതം വയ്ക്കുന്നതിനോടൊപ്പം തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനോടും ജെൻ മർവാനോടും നിങ്ങൾക്ക് മറ്റൊരു സഹോദരൻ ഉണ്ടെന്നും അതുവരെ മരിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന തങ്ങളുടെ പിതാവ് ജീവനോടെ ഉണ്ടെന്നും ഒരു കത്തിലൂടെ അവർ പറയുന്നു. രണ്ട്പേരെയും കണ്ടെത്തുന്നത് വരെ തന്റെ ശവം അടക്കം ചെയ്യാൻ പാടില്ല എന്നായിരുന്നു വിൽപ്പത്രത്തിൽ നവാൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്. ശേഷം അമ്മയുടെ ഭൂതകാലം തേടിയുള്ള ആ രണ്ട് മക്കളുടേയും യാത്രകളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അല്ലെങ്കിൽ തന്റെ അമ്മയെ കൂടുതൽ അടുത്തറിയുകയാണ് ആ മക്കൾ എന്നും പറയാം.
ഒരു സ്ത്രീയും ഒരിക്കലും ദുസ്വപ്നത്തിൽപ്പോലും കാണാൻ ആഗ്രഹിക്കാത്ത അവസ്ഥകളിലൂടെയാണ് നവാൽ മർവാൻ കടന്നു പോയതെന്ന് കുട്ടികളോടൊപ്പം പ്രേക്ഷകനും ഒരു മരവിപ്പോടെ തിരിച്ചറിയുന്നു. ക്ലൈമാക്സിനോടടുക്കുമ്പോൾ ശ്വാസം നിലക്കുന്ന ട്വിസ്റ്റിലാണ് Denis Villeneuve എന്ന സംവിധായകൻ നമ്മെക്കൊണ്ടെത്തിക്കുന്നത്. നവാൽ ആയി വേഷമിട്ട Lubna Azabal ന്റെ ഞെട്ടിക്കുന്ന അഭിനയം ചിത്രത്തിന് മുതൽക്കൂട്ടാണ്. എത്ര കാലം കഴിഞ്ഞാലും ഒരു നീറ്റലായി പ്രേക്ഷകന്റെ മനസ്സിൽ അവശേഷിക്കുന്ന ചിത്രമാണ് ആൻസൊന്തി (Incendies).