എം-സോണ്‍ റിലീസ് – 2141
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Bad Robot Productions |
പരിഭാഷ | ഗിരി പി എസ്, ഷാരുൺ പി.എസ്, മാജിത് നാസർ, ജോൺ വാട്സൺ, ഫ്രെഡി ഫ്രാൻസിസ്, ശ്രുതിന്‍, അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി, വിവേക് സത്യൻ, ആര്യ നക്ഷത്രക് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി |
ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ വിശേഷണങ്ങളും പ്രത്യേകതകളും അനവധിയാണ് ഈ ഇതിഹാസത്തിന്. ആദ്യ എപ്പിസോഡിന്റെ സംപ്രക്ഷേണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും വലിയൊരു ആരാധക വൃന്ദം ഈ സീരീസിനുണ്ട്. ആഖ്യാനരീതി പലപ്പോഴും നോൺ ലീനിയറാണ്. വെബ് സീരീസിൽ നോൺ ലീനിയർ സ്ക്രിപ്റ്റ്, ഒക്കെ തുടങ്ങി വെച്ചത് ഈ സീരീസാണെന്ന് പറയപ്പെടുന്നു.
അഡ്വഞ്ചർ, ഹൊറർ, സർവൈവൽ, സയൻസ് ഫിക്ഷൻ, സൂപ്പർനാച്യുറൽ ഫിക്ഷൻ, ഡ്രാമ, ഫാന്റസി, ത്രില്ലെർ, തുടങ്ങി വ്യത്യസ്ത ജേണറുകൾ ഒരു കുടക്കീഴിൽ. ലോസ്റ്റിന്റെ ജേണർ പറയാൻ ഒന്നു വിയർക്കും. കാരണം, ഒരു വിധം എല്ലാ ജേണറുകളിലൂടെയും ഈ ജെ. ജെ അബ്രാംസ് സൃഷ്ടി
കടന്നുപോകുന്നുണ്ട്.
ആറ് സീസണുകളിൽ, നൂറ്റി ഇരുപതിന് മേൽ എപ്പിസോഡുകളായി പരന്ന് കിടക്കുന്ന, അത്യാവശ്യം നല്ല ദൈർഖ്യമുള്ള ഒന്നാണ് ലോസ്റ്റ് സീരീസ്. ഓരോ സീസൺ കഴിയുന്തോറും കഥയുടേയും, അവതരണത്തിന്റേയും ക്യാൻവാസ് കൂടിവരുന്നു. ട്വിസ്റ്റുകളുടെ കലവറയാണ് ലോസ്റ്റ് പ്രേക്ഷകർക്കായി തുറന്നിടുന്നത്. ക്ലിഫ് ഹാങ്ങർ എന്ന വിശേഷണത്തിന് ഏറ്റവും അർഹൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ദാ ഇവിടുണ്ട്.
സിഡ്‌നിയിൽ നിന്നും ലോസ് അഞ്ചൽസിലേക്ക് പോവുന്ന ഓഷ്യാനിക് ഫ്ലൈറ്റ് 815ലെ യാത്രികരാണ് സീരീസിലെ കഥാപാത്രങ്ങൾ. യാത്രാമധ്യേ ഉണ്ടാവുന്ന ചില സാങ്കേതിക തകരാറുകൾ കാരണം ഒരജ്ഞാത ദ്വീപിലേക്ക് വിമാനം ഇടിച്ചിറങ്ങുകയാണ്. യാത്രികരിൽ പകുതിയിലേറെ പേരും കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുന്നു. ഒടുവിൽ വെറും നാല്പതിനടുത്ത് യാത്രികർ മാത്രം ദ്വീപിൽ ജീവനോടെ ശേഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ നിന്നുമാണ് സീരീസ് ആരംഭിക്കുന്നത്.
തുടർന്നുള്ള നൂറ്റി ഇരുപത്തി ഒന്ന് എപ്പിസോഡുകളും ഇവരെ മാറി മാറി കേന്ദ്രീകരിച്ച കൊണ്ടാണ് പുരോഗമിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ, അവരുടെ ഭൂതകാലത്തെ ചില സംഭവങ്ങളിലൂടെ, അവയെ വർത്തമാനകാലത്തെ കഥയുടെ പുരോഗതിയുമായി ബന്ധിപ്പിച്ചാണ് സീരീസ് മുന്നോട്ട് പോവുന്നത്. തങ്ങളെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന കഥാപാത്രങ്ങളുടെ പ്രതീക്ഷ പതിയെ കെട്ടടങ്ങുന്നത് തങ്ങൾ എത്തിപ്പെട്ട സ്ഥലം സാധാരണമായ ഒരിടമല്ല എന്ന തിരിച്ചറിവ് കിട്ടിത്തുടങ്ങുമ്പോഴാണ്. ഒരു രീതിയിലും വിശദീകരിക്കാൻ കഴിയാത്ത സംഭവങ്ങളാണ് ദ്വീപിൽ അരങ്ങേറുന്നത്. എന്നാൽ ഏറ്റവും ഭീതിപ്പെടുത്തുന്നത്, ഇരുളിന്റെ മറവിൽ കാട്ടിൽ നിന്നും കേൾക്കുന്ന വിചിത്ര ശബ്ദങ്ങളും, സംഭവങ്ങളുമാണ്.
പ്രൈംടൈം എമ്മി അവാർഡ്, മികച്ച ടെലിവിഷൻ സീരീസിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഗോൾഡൻ റീൽ പുരസ്കാരങ്ങൾ, സാറ്റലൈറ്റ് പുരസ്കാരം, ALMA അവാർഡ്‌സ്… അങ്ങനെ ഒരുപാട് പുരസ്കാരങ്ങളും ലോസ്റ്റ് നേടുകയുണ്ടായി.
തുടക്കത്തിൽ അനവധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും പോകെപ്പോകെ ഇവയ്‌ക്കെല്ലാം വിശദീകരണങ്ങൾ സീരീസ് നൽകുന്നുണ്ട്. ജാക്ക്, ബെൻ, സോയർ, ജിൻ, സൺ, സയീദ്, ലോക്ക്, ബൂൺ, ക്ലെയർ, ഇക്കോ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളേയും ലോസ്റ്റ് സമ്മാനിക്കുന്നുണ്ട്. അവസാനത്തോട് അടുക്കുമ്പോൾ ആവേശവും, സന്തോഷവും, രോമാഞ്ചവും ഒരല്പം സങ്കടവുമെല്ലാം സമം ചേർത്ത് മികച്ചൊരു അനുഭവം ലോസ്റ്റ് ഉറപ്പ് നൽകുന്നു. വരൂ, നമുക്കും കാലത്തിൽ നഷ്ടപ്പെടാം.