എംസോൺ റിലീസ് – 2961
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jon Watts |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി |
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തിയേഴാമത്തെയും, സ്പൈഡർ-മാൻ: ഹോം കമിംഗ് (2017), സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് സ്പൈഡർ-മാൻ: നോ വേ ഹോം.
പീറ്റർ പാർക്കറാണ് യഥാർത്ഥ സ്പൈഡർ-മാനെന്ന വെളിപ്പെടുത്തലോടെയായിരുന്നു ‘സ്പൈഡർമാൻ: ഫാർ ഫ്രം ഹോം’ അവസാനിച്ചത്. എന്നാൽ തന്റെ ഐഡന്റിറ്റി രഹസ്യമായിത്തന്നെ നിലനിർത്താൻ സ്പൈഡർ-മാൻ, ഡോക്ടർ സ്ട്രേഞ്ചിന്റെ സഹായം തേടുന്നതാണ് ‘നോ വേ ഹോമിന്റെ’ പ്രമേയം.
മിസ്റ്റീരിയോയുടെ മരണമൊഴി വീഡിയോ പുറത്തുവന്നതോടെ പീറ്റർ പാർക്കറിന്റെ ജീവിതം തന്നെ മാറിമറിയുന്നു. കാമുകിയായ MJയുടേയും ഉറ്റ ചങ്ങാതിയായ നെഡിന്റേയും സ്വകാര്യജീവിതത്തെ വരെ ഈ വെളിപ്പെടുത്തൽ കാര്യമായി ബാധിച്ചതോടെ പീറ്റർ ആശയക്കുഴപ്പത്തിലായി. സ്വസ്ഥമായി സ്കൂളിലും പുറത്തും പോകാൻ കഴിയാത്ത സ്ഥിതി. ഇതിനൊരന്ത്യം വരണമെങ്കിൽ പീറ്റർ പാർക്കറാണ് യഥാർത്ഥ സ്പൈഡർ-മാനെന്ന സത്യം ആളുകളുടെ മനസ്സിൽനിന്നു മായ്ച്ചു കളയണം. അതിനൊരാൾക്കേ കഴിയൂ. കാലത്തിന്റെ ഗതിപോലും മാറ്റാൻ കഴിയുന്ന സാക്ഷാൽ ഡോക്ടർ സ്ട്രേഞ്ചിന്.
അങ്ങനെ പീറ്റർ, ഡോക്ടർ സ്ട്രേഞ്ചിന്റെ അടുത്തെത്തി തന്റെ വിഷമം തുറന്നുപറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും നിഷ്കളങ്കനായ പീറ്ററിന്റെ സങ്കടത്തിനു മുന്നില്‍ സ്ട്രേഞ്ചിന്റെ മനസ്സലിഞ്ഞു. ചെയ്താൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന വോങിന്റെ മുന്നറിയിപ്പ് അവഗണിച്ച് ആ സ്പെൽ (മന്ത്രം) ഡോക്ടർ സ്ട്രേഞ്ച് ചെയ്യുന്നു. ഇവിടെയാണ് സ്പൈഡർ-മാൻ: നോ വേ ഹോം ട്രാക്ക് മാറി ബുള്ളറ്റ് സ്പീഡിലേക്കു മാറുന്നത്. പിന്നീടങ്ങോട്ട് ട്വിസ്റ്റുകളുടെ പൂരക്കാഴ്ചകളാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുക.
വിഷ്വൽ എഫക്റ്റുകളാൽ സമ്പന്നമായ ഫ്രെയിമുകളും, സൗണ്ട് ട്രാക്കും രസകരമായ കഥാഗതികളും, കഥാപാത്രങ്ങളുടെ പ്രകടനവും ഇമോഷണൽ രംഗങ്ങളും, ആക്ഷനും, ആവേശവുമെല്ലാം ഒരുമിച്ചു ചേർന്നുവെന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. മള്‍ട്ടിവേഴ്‍സ് എന്ന കൺസെപ്റ്റിനെ അത്രയേറെ ‘കൺവിൻസിങ്’ ആയ രീതിയിലാണ് സംവിധായകൻ ജോൺ വാട്‌സ് പ്രേക്ഷകനു മുന്നിലെത്തിച്ചത്.