എംസോൺ റിലീസ് – 2972
ഓസ്കാർ ഫെസ്റ്റ് 2022 – 02
ഭാഷ | ജാപ്പനീസ് |
സംവിധാനം | Ryûsuke Hamaguchi |
പരിഭാഷ | രോഹിത് ഹരികുമാര്‍ & മുബാറക്ക് ടി.എന്‍. |
ജോണർ | ഡ്രാമ |
ഹാറുകി മുറകാമിയുടെ Men Without Women എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നുള്ള ചില കഥകളെ അടിസ്ഥാനമാക്കി, റുസുക്കെ ഹാമാഗുച്ചി സംവിധാനം ചെയ്ത്, 2021-ൽ
പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ഡ്രൈവ് മൈ കാർ.
ജപ്പാനിലെ അറിയപ്പെടുന്ന നാടക നടനും, സംവിധായകനുമാണ് യുസുകി കാഫുക്കു. അയാളുടെ ഭാര്യയായ ഓത്തോ പ്രശസ്ത തിരകഥാകൃത്താണ്. വർഷങ്ങൾക്ക് മുന്നേ ന്യുമോണിയ ബാധിച്ച് മരണപ്പെട്ട തങ്ങളുടെ 4 വയസ്സുകാരിയായ മകളുടെ വേർപാടിൽ നിന്നും, അവരിരുവരും കരകയറിയിട്ടില്ല. ഒരു ദിവസം, ജോലിയിൽ നിന്നും മടങ്ങി വന്ന ശേഷം, പ്രധാനപ്പെട്ടൊരു കാര്യം ചർച്ച ചെയ്യാനുണ്ട് എന്നു പറഞ്ഞ് ഓത്തോ, കാഫുക്കുവിനെ യാത്രയയക്കുന്നു. രാത്രി മടങ്ങിയെത്തുന്ന കഫുകു കാണുന്നത്, മരിച്ചു കിടക്കുന്ന ഒട്ടോയെയാണ്.
രണ്ടു വർഷങ്ങൾ കടന്നു പോയി. ആൻ്റൺ ചെഖോവിൻ്റെ “അങ്കിൾ വന്യ”യെ ആസ്പദമാക്കി നിർമ്മിക്കുന്ന ഒരു നാടകം സംവിധാനം ചെയ്യാൻ കാഫുക്കു ഹിരോഷിമയിലെത്തുന്നു. നാടകത്തിലേക്കായി അയാൾക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അവിടെ അയാളുടെ ഡ്രൈവറായി, അന്തർമുഖയായ ഒരു യുവതിയെ നിയമിക്കുന്നു. തൻ്റെ പ്രിയപ്പെട്ട കാർ, മറ്റൊരാൾ ഓടിക്കുന്നത് ഇഷ്ടമല്ലെങ്കിൽ കൂടി, അധികൃതരുടെ നിർബന്ധത്തിന് വഴങ്ങി കാഫുക്കു സമ്മതിക്കുന്നു. അവിടെ വെച്ചാണ് തൻ്റെ ഭാര്യയുടെ തിരക്കഥകളിൽ അഭിനയിച്ചിട്ടുള്ള തക്കാട്സുക്കിയെ അയാൾ കണ്ടുമുട്ടുന്നത്. തൻ്റെ ഭാര്യയെ കുറിച്ച്, അയാൾക്ക് പറയാനുള്ളത് എന്താണ്? ഡ്രൈവറായ യുവതിയുടെ വിചിത്രമായ പെരുമാറ്റത്തിനു പിന്നിലെ കാരണമെന്താണ്? അവളെ അലട്ടുന്ന പ്രശ്നങ്ങളെന്തൊക്കെയാണ്?
തനൊരു സിനിമയുടെ ഭാഗമാണെന്ന് പ്രേക്ഷകന് തോന്നുമ്പോഴാണ്, ഒരു സിനിമ പരിപൂർണ്ണമായി അയാൾക്ക് ആസ്വദിക്കാൻ കഴിയുന്നത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം, ഒരിടത്തു പോലും ഇഴഞ്ഞു നീങ്ങുന്നതായി പ്രേക്ഷകർക്ക് അനുഭവപ്പെടില്ല. മനോഹരമായ ഛായാഗ്രഹണ മികവിനാലും, നിശബ്ദതയെ കൃത്യമായി ഉപയോഗിക്കുന്നത് വഴിയും, അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നു തന്നെ പറയാം.
മികച്ച നിരൂപക പ്രശംസ നേടിയ ഈ ചിത്രം പല അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍സ് ചലച്ചിത്ര മേളയില്‍ പാം ഡി ഓറിന് മത്സരിച്ച് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടുകയും ചെയ്തു. കൂടാതെ, മികച്ച ചിത്രം, സംവിധാനം, തിരക്കഥ (അവലംബിതം), അന്താരാഷ്ട്ര ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കാർ നോമിനേഷനുകൾ ലഭിക്കുകയും, മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം നേടുകയും ചെയ്തു.