എംസോൺ റിലീസ് – 3089
ഭാഷ | ഇംഗ്ലീഷ്, ഫ്രഞ്ച് |
സംവിധാനം | Steve Bendelack |
പരിഭാഷ | എൽവിൻ ജോൺ പോൾ |
ജോണർ | കോമഡി, ഫാമിലി |
ബ്രിട്ടീഷ് സിനിമാ താരമായ റോവന്‍ അറ്റ്കിന്‍സണ്‍ 1990-ല്‍ “മിസ്റ്റര്‍ ബീന്‍” എന്ന ടിവി പരമ്പരയിലൂടെ ലോകത്തിന് സമ്മാനിച്ച കഥാപാത്രമാണ് മിസ്റ്റര്‍ ബീന്‍. വളര്‍ന്നുവലുതായെങ്കിലും ഒരു കുട്ടിയുടെ മനസ്സുള്ള വ്യക്തിയാണ് മിസ്റ്റര്‍ ബീന്‍. ദൈനംദിന ജീവിതത്തില്‍ തന്റെ കുട്ടിത്തം വിട്ടുമാറാത്ത പെരുമാറ്റം കാരണം മിസ്റ്റര്‍ ബീന്‍ ചെന്ന് ചാടുന്ന രസകരമായ കുഴപ്പങ്ങളും, അത് എങ്ങനെ ബീന്‍ പരിഹരിക്കുന്നു, അല്ലെങ്കില്‍ പരിഹരിക്കാന്‍ നോക്കി പരാജയപ്പെടുന്നു എന്നതായിരുന്നു ടി വി പരമ്പരയിലെ ഓരോ എപ്പിസോഡിന്റെയും ഇതിവൃത്തം. ടിവി പരമ്പര ലോകമെങ്ങും എല്ലാ പ്രായത്തിലുള്ളവരെയും രസിപ്പിക്കുകയും അനേകം ആരാധകരെ നേടിയെടുക്കുകയും ചെയ്തു.
ടി വി പരമ്പര 1995-ല്‍ അവസാനിച്ചെങ്കിലും, തുടര്‍ന്ന് 1997-ല്‍ മിസ്റ്റര്‍ ബീന്‍ കേന്ദ്രകഥാപാത്രമായി “ബീന്‍” എന്ന സിനിമ പുറത്തുവരികയുണ്ടായി. സിനിമയും വന്‍ വിജയമായിരുന്നു. ആദ്യത്തെ സിനിമ റിലീസായതിന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മിസ്റ്റര്‍ ബീന്‍ കേന്ദ്രകഥാപാത്രമായി വന്ന സിനിമയാണ് “മിസ്റ്റര്‍ ബീന്‍സ് ഹോളിഡേ“
സിനിമ തുടങ്ങുന്നത് ഒരു ലക്കിടിപ്പിന്റെ വിജയിയെ പ്രഖ്യാപിക്കുന്ന സീനിലൂടെയാണ്. മിസ്റ്റര്‍ ബീനാണ് അതില്‍ ഒന്നാം സമ്മാനം ലഭിക്കുന്നത്. തെക്കന്‍ ഫ്രാന്‍സിന്റെ കടത്തീരങ്ങളിലേക്ക് ഒരാഴ്ചത്തെ വെക്കേഷനാണ് ഒന്നാം സമ്മാനം. അങ്ങനെ ഒരാഴ്ചത്തെ വെക്കേഷന്‍ ചിലവഴിക്കാന്‍ വേണ്ടി മിസ്റ്റര്‍ ബീന്‍ ഫ്രാന്‍സിലേക്ക് ട്രെയിന്‍ കയറുന്നു. ഫ്രാന്‍സില്‍ ചെന്ന ശേഷം ബീന്‍ പതിവ് പോലെ ഓരോ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നു. ഈ കുഴപ്പങ്ങളെല്ലാം പരിഹരിച്ച് അദ്ദേഹത്തിന് ബീച്ചില്‍ ചെന്നെത്താന്‍ കഴിയുമോ? അറിയാന്‍ സിനിമ കാണുക.