എംസോൺ റിലീസ് – 3153
ഭാഷ | കൊറിയൻ |
സംവിധാനം | Tae-joon Kim |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ മിസ്റ്ററി ത്രില്ലറാണ് “അൺലോക്ക്ഡ്“. “എമർജൻസി ഡിക്ലറേഷൻ (2021)” എന്ന സിനിമയിലൂടെ ഏവരെയും ഞെട്ടിച്ച ഇം സി വാൻ നായകനാവുന്ന ചിത്രത്തിൽ, “ഹാൻ ഗോങ്-ജു (2013)“, “ദി വെയിലിംഗ് (2016)“, “മദര്‍ (2009)” എന്നിവയിലൂടെ ശ്രദ്ധേയയായ ചുൻ വോൻ ഹീയാണ് നായിക. ലോകം തന്നെ വിരൽത്തുമ്പിൽ ലഭ്യമാവുന്ന ഈ സ്മാർട്ട്ഫോൺ യുഗത്തിൽ, അതിന്റെ മറ്റൊരു വശമാണ് ചിത്രം തുറന്നുകാട്ടുന്നത്.
മാസിറ്റ് ഗോനാക് എന്ന ജെല്ലി കമ്പനിയിൽ ജോലി ചെയ്യുന്ന, ഏവരെയും പോലെ ജീവിതം തന്നെ സ്മാർട്ട്ഫോണിൽ കഴിച്ച് കൂട്ടുന്ന ഒരു സാധാരണ കൊറിയൻ യുവതിയായ ലീ നാ മീക്ക്, ഒരു ദിവസം രാത്രി ബസ് യാത്രയ്ക്കിടെ തന്റെ ഫോൺ നഷ്ടമാവുന്നു. എന്നാൽ ആ ഫോൺ ലഭിക്കുന്നത് ഒരു സൈക്കോ കില്ലറിനാണ്. തുടർന്നങ്ങോട്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ തുടങ്ങി ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ ചിത്രം മെയിൻ പ്ലോട്ടിലേക്ക് കയറുന്നു. അതിനാൽ തന്നെ തീരെ ലാഗ് അനുഭവപ്പെടാതെയുള്ള അതിവേഗ മേക്കിംഗാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. ഇം സി വാന്റെ തകർപ്പൻ അഭിനയവും ചിത്രത്തിലുടനീളം വരുന്ന ട്വിസ്റ്റുകളും 2023 ലെ മികച്ചൊരു ത്രില്ലറാക്കി ചിത്രത്തെ മാറ്റുന്നു.
സ്മാർട്ട്ഫോൺ യുഗത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സംഭവിക്കാവുന്ന കാര്യങ്ങൾ കോർത്തിണക്കിയ ചിത്രം അതിലെ ചതിക്കുഴികളെയും അപകടങ്ങളെയും വരച്ചുകാട്ടുന്നു. ജീവിതം തന്നെ സ്മാർട്ട് ഡിവൈസുകളിൽ ബന്ധിപ്പിക്കപ്പെട്ട ഇന്നത്തെ തലമുറയ്ക്ക് ഒരു സന്ദേശം കൂടി ചിത്രം നൽകുന്നു. പുറത്തിറങ്ങി ഒരാഴ്ചക്കകം 17 രാജ്യങ്ങളിൽ #1 ആയ ചിത്രം, വേൾഡ് വൈഡ് ആയി #2 സ്ഥാനം സ്വന്തമാക്കി.