എംസോൺ റിലീസ് – 3167
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Cameron |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ & വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി |
2009-ൽ സാക്ഷാൽ ജെയിംസ് ക്യാമറൂണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവതാർ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാർ: ദ വേ ഓഫ് വാട്ടർ.
കേണൽ മൈൽസ് ക്വാറിച്ചിനെ വകവരുത്തി, അയാളുടെ നേതൃത്വത്തിലുള്ള പട്ടാള സൈന്യത്തെ പാൻഡോറയിൽനിന്ന് തുരത്തിയോടിക്കുന്നതോടെയാണ് അവതാർ ആദ്യ ഭാഗം അവസാനിച്ചത്. തങ്ങളുടെ മണ്ണും നിലനില്‍പ്പും പൊരുതി നേടിയ നാവികള്‍ ഓര്‍മ്മകളുടെ മുറിവുണക്കി സന്തോഷത്തിന്റെ നല്ല നാളുകളിലേക്ക് തിരികെയെത്തിയിരുന്നു. മനുഷ്യന്റെ പൊയ്മുഖങ്ങള്‍ വലിച്ചെറിഞ്ഞ് പൂര്‍ണ്ണമായും നാവിയായി മാറിയ ജെയ്ക്ക് സള്ളിയും, നെയ്തീരിയും, ഡോക്ടർ ഗ്രേസിന്റെ അവതാറിൽനിന്നും സൃഷ്ടിച്ച കിരിയടക്കം നാല് മക്കളുമായി വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകുമ്പോഴാണ് നീണ്ട 15 വർഷങ്ങൾക്ക് ശേഷം ആകാശവാസികൾ (മനുഷ്യർ) വീണ്ടും പാൻഡോറയിലെത്തുന്നത്.
ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്ന ഭൂമിക്കു പകരം പാൻഡോറയിൽ മനുഷ്യാവാസ വ്യവസ്ഥ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ ആ സ്പേസ്ഷിപ്പിൽ പാൻഡോറയിലേക്ക് മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ജെയ്ക്ക് സള്ളിയെയും കുടുംബത്തേയും എങ്ങനെയും വകവരുത്തണമെന്ന പ്രതികാരം മനസ്സിലേറ്റി നടക്കുന്ന കേണൽ മൈൽ ക്വാറിച്ചിന്റെ നാവി ക്ലോൺ.
ഇനിയുമൊരു യുദ്ധം ചിലപ്പോൾ പാൻഡോറയുടെയും നാവി വംശത്തിന്റെയും അവസാനമായിരിക്കുമെന്നത് ജെയ്ക്കിന് നന്നായി അറിയാം. ക്വാറിച്ചിന് വേണ്ടത് തന്നെയും തന്റെ കുടുംബത്തെയുമാണ്. അങ്ങനെ ജെയ്ക്കിനും കുടുംബത്തിനും കാടും മലയും ഉപേക്ഷിച്ച് പാൻഡോറയുടെ കിഴക്കൻ തീരദേശത്തേക്ക് കുടിയേറേണ്ടി വരികയാണ്. പുതിയ സ്ഥലത്തോടും രീതികളോടും പൊരുത്തപ്പെട്ട് അതിജീവനത്തിന് ശ്രമിക്കുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും മാനസിക സംഘർഷങ്ങളും ഏറ്റുമുട്ടലുകളുമാണ് രണ്ടാം ഭാഗത്തിൽ കാണാനുള്ളത്.