എംസോൺ റിലീസ് – 3210
ക്ലാസിക് ജൂൺ 2023 – 10
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Carpenter |
പരിഭാഷ | എല്വിന് ജോണ് പോള് |
ജോണർ | ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ |
“നമ്മുടെ ബോധമനസ്സിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്‍ക്ക് നമ്മളെ ഭരിച്ചോണ്ടുപോകാന്‍ സാധിക്കൂ.”
1988 ൽ (ഹാലോവീൻ (1978), ദ തിങ്ങ് (1982), മുതലായവ സംവിധാനം ചെയ്ത) ജോൺ കാർപ്പൻ്റർ രചനയും, സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് “ദേ ലിവ്“. ചിത്രത്തിൽ മുഖ്യ വേഷത്തിൽ അഭിനയിച്ചത് അന്തരിച്ച പ്രശസ്ത പ്രൊഫഷണൽ റെസിലിങ് താരമായ റോഡി പൈപ്പറാണ്.
ഒരു സുപ്രഭാതത്തിൽ ജോലി തേടി പൈപ്പറിൻ്റെ കഥാപാത്രം ഒരു നഗരത്തിൽ എത്തുന്നു. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി ശരിയാക്കുന്ന അയാൾ രാത്രി തങ്ങാനായി ഒരു സ്ഥലം കണ്ടെത്തുന്നു. അങ്ങനെയിരിക്കെ താൻ താമസിക്കുന്ന സ്ഥലത്തിൻ്റെ അടുത്തുള്ള ഒരു കെട്ടിടത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കുറെ ആളുകൾ കൂടുന്നത് ആയാൾ നിരീക്ഷിക്കുന്നു. ആ കെട്ടിടത്തിന് അകത്ത് കേറി അവിടെ നിന്നും ഒരു പെട്ടി അയാൾ എടുക്കുന്നു. ആ പെട്ടിയിൽ ഉണ്ടായിരുന്നത് തൻ്റെ ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ഒരു ഞെട്ടിക്കുന്ന രഹസ്യം അയാൾക്ക് വെളിപ്പെടുത്തി കൊടുക്കുന്നു. തുടർന്നുള്ള സിനിമ ഈ സത്യം മറ്റുള്ളവരെയും അറിയിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമത്തിൻ്റെ ഉദ്വേഗഭരിതമായ കഥയാണ്.
പ്രാഥമികമായി “ദേ ലിവ്” കാണികളെ ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ സിനിമയാണെങ്കിലും, സിനിമയിലെ സബ് ടെക്സ്റ്റിലൂടെ മുതലാളിത്തത്വവും, ഉപഭോഗ സംസ്കാരവും യാതൊരു നിയന്ത്രണമില്ലാതെ വളരുന്നത് എങ്ങനെ ആളുകൾ തമ്മിലുള്ള സാമ്പത്തിക അസ്മത്വത്തെ വർദ്ധിപ്പിക്കുന്നു എന്നും, അത് സമൂഹത്തെ എങ്ങനെ ദൂഷ്യമായി ബാധിക്കുന്നുവെന്നും കാണിച്ചുതരുന്നു. റിലീസ് ചെയ്തു 35 വർഷങ്ങൾക്ക് ഇപ്പുറം നിയന്ത്രണമില്ലാതെ ക്യാപ്പിറ്റലിസം മുന്നേറുന്ന, ആളുകൾ തമ്മിലുള്ള സാമ്പത്തിക അസമത്വം മുൻപുള്ളതിനേക്കാളും വളർന്നു വലുതാവുന്ന ഈ കാലഘട്ടത്തിൽ “ദേ ലിവിൻ്റെ” സന്ദേശം നമ്മൾ എല്ലാവരും ഒന്ന് പുനര്വിചിന്തനം ചെയ്യുന്നത് നല്ലതാണ്.
“അവർ ജീവിക്കുന്നു. നമ്മൾ ഉറങ്ങുന്നു.”