എം-സോണ് റിലീസ് – 255
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ridley Scott |
പരിഭാഷ | വിജയകുമാർ ബ്ലാത്തൂർ |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ |
നാസയിൽ നിന്നും 2035-ൽ ആരെസ് – 111 എന്ന ചൊവ്വ ദൗത്യത്തിനു പോകുന്ന ഒരു പറ്റം ബഹിരാകാശയാത്രികരുടെ കഥയാണ് ദി മാർഷ്യൻ കൈകാര്യം ചെയ്യുന്നത്. 18 സോളുകൾ (ചൊവ്വയിലെ ഒരു ദിവസം, ഭൂമിയിലെ 23 മണിക്കൂർ, 56 മിനിറ്റ്, 4 സെക്കന്റിനു തുല്ല്യം) ചൊവ്വയിൽ പരീക്ഷണനിരീക്ഷണങ്ങളിൽ മുഴുകിക്കഴിയുന്ന ഈ സംഘത്തിന് അപ്രതീക്ഷിതമായി തീവ്രത കൈവരിക്കുന്ന ഒരു മണൽക്കാറ്റിനെത്തുടന്ന് തങ്ങളുടെ ദൗത്യം അവസാനിപ്പിച്ച് മടങ്ങേണ്ടി വരുന്നു. മടക്കയാത്രയുടെ തിടുക്കങ്ങൾക്കിടയിൽ സംഘത്തിലെ ബോട്ടണിസ്റ്റായ മാർക്ക് വാറ്റ്നി അപകടത്തിൽപ്പെടുകയും, അയാൾ മരിച്ചു എന്നു കരുതി മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്യുന്നു. ദൗത്യസംഘം മടങ്ങി മണിക്കൂറുകൾക്ക് ശേഷം ബോധം തിരികെ ലഭിച്ചുണരുന്ന വാറ്റ്നി ഭൂമിയിൽ നിന്നും 140 മില്ല്യൺ മൈലുകൾ അകലെയുള്ള ചൊവ്വയിൽ താൻ ഒറ്റയ്ക്ക് അകപ്പെട്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കുന്നു. ദൗത്യസംഘം അവിടെക്കഴിഞ്ഞ സമയത്ത് സ്ഥാപിച്ച പരീക്ഷണശാലയും, ചുരുങ്ങിയ കാലയളവിലേക്കുള്ള ഭക്ഷണശേഖരവും, സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന ഒരു റോവറും, അല്ലറചില്ലറ മറ്റുപകരണങ്ങളും മാത്രമാണ് ജീവൻ നിലനിർത്താൻ വാറ്റ്നിക്ക് ഉപകാരപ്പെടത്തക്ക രീതിയിൽ അവശേഷിക്കുന്ന വസ്തുക്കൾ. വാറ്റ്നിക്ക് സംഭിവച്ച അപകടത്തിൽ ഭൂമിയിലെ സാസ കേന്ദ്രവുമായി ആശയവിനിമയം സാധ്യമാക്കിയിരുന്ന ഉപകരണങ്ങൾ നശിച്ചുകപോകുകയും ചെയ്തിരിക്കുന്നു.
താൻ ജീവിച്ചിരിക്കുന്നു എന്ന വസ്തുത ഭൂമിയിലുള്ളവരെ എങ്ങനെ അറിക്കണം എന്നറിയാതെ, പരിമിതമായ വിഭവങ്ങൾ വിനിയോഗിച്ച് ജീവൻ നിലനിർത്തിക്കൊണ്ട്, 4 വർഷങ്ങൾക്കു ശേഷം ചൊവ്വിയിലെ ഷിയാപറെല്ലി ക്രേറ്റർ എന്ന മറ്റൊരു പോയിന്റിലേക്ക് നാസ നിശ്ചയിച്ചിരിക്കുന്ന ആരെസ് 1V എന്ന അടുത്ത ചൊവ്വ ദൗത്യത്തിനായി കാത്തിരിക്കുക മാത്രമാണ് വാറ്റ്നിക്കു മുമ്പിലുള്ള ഏകപോംവഴി. ഇപ്പോൾ അയാൾ ഉള്ള പോയിന്റിൽ നിന്ന് 3,200 കിലോമീറ്റർ അകലെയാണ് ഷിയാപറെല്ലി ക്രേറ്റർ. അടുത്ത ചൊവ്വാദൗത്യത്തിനും വളരെ മുമ്പ് തന്നെ പരീക്ഷണശാലയിലുള്ള ഭക്ഷണശേഖരം തീർന്ന് പട്ടിണി കിടന്ന് മരിക്കാനുള്ള സാധ്യതയാണ് വാറ്റ്നിയുടെ മുമ്പിൽ തെളിഞ്ഞു കാണുന്നത്. പക്ഷേ നിരാശനാകാതെ, ഒരു ബോട്ടണിസ്റ്റ് എന്ന നിലയിലുള്ള തന്റെ കഴിവുകളും, ബഹിരാകാശയാത്രികൻ എന്ന നിലയിൽ നാസിയിൽ നിന്ന് ലഭിച്ച പരിശീലവത്തിലൂടെ ആർജ്ജിച്ച അറിവുകളും ഉപയോഗപ്പെടുത്തി ഒരു കൈ നോക്കാൻ തന്നെയായിരുന്ന വാറ്റ്നിയുടെ തീരുമാനം. അതിജീവനത്തിനായുള്ള വാറ്റ്നിയുടെ ഈ സമരമാണ് തുടർന്നുള്ള കഥാഗതിയെ ഉദ്വേകജനകമാക്കുന്നത്.