എം-സോണ്‍ റിലീസ് – 1055
Best of IFFK 2018
ഭാഷ | ഇഗ്ലീഷ് |
സംവിധാനം | Peter Farrelly |
പരിഭാഷ | ശ്രീധർ , ഷിഹാബ് എ ഹസ്സൻ |
ജോണർ | ബയോഗ്രഫി, കോമഡി, ഡ്രാമ |
ഇതൊരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രമാണ്. കഥ നടക്കുന്നത് 1962 ല്‍ വര്‍ണ്ണവിവേചനത്തിന്റെ അലയൊലികള്‍ ഒടുങ്ങിയിട്ടില്ലാത്ത അമേരിക്കയിലാണ്. ലോകപ്രശസ്തനായ പിയാനിസ്റ്റും കറുത്തവര്‍ഗ്ഗക്കാരനുമായ ഡോക്ടര്‍. ഡോണ്‍ ഷേര്‍ളി അമേരിക്കയുടെ തെക്കന്ഉള്പ്രദേശങ്ങളിലെക്ക് സംഗീതപരിപാടി അവതരിപ്പിക്കാനുള്ള തന്റെ യാത്രയില്‍ വാഹനം ഓടിക്കാനും അതിലുപരി വര്ണ്ണവെറിയന്മാരില് നിന്നുള്ള സംരക്ഷണത്തിനുമായി ബാറില്‍ ബൌണ്‍സറായി ജോലി നോക്കിയിരുന്ന ഇറ്റാലിയന്‍ വംശജനായ ടോണി ലിപ്പിനെ നിയമിക്കുന്നു. സ്വഭാവവിശേഷങ്ങളിലും അഭിരുചികളിലും ഇരു ധ്രുവങ്ങളില്‍ നില്ക്കുന്ന ഇരുവര്‍ക്കുമിടയില്‍ വര്ണ്ണവെറിയന്മാരോടുള്ള പോരാട്ടത്തിനിടെ അസാധാരണമായ ഒരു ആത്മബന്ധം ഉടലെടുക്കുന്നു.
അതീവ ഗൌരവമുള്ള ഒരു വിഷയത്തെ തികഞ്ഞ നര്‍മ്മത്തില്‍ ചാലിച്ചാണ് സംവിധായകന് പീറ്റര്‍ ഫാരെല്ലി ഗ്രീന്‍ ബുക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡ്രൈവറായ ഇറ്റാലിയന്‍ വംശജനായ ടോണി ലിപ്പിനെ വിഗ്ഗോ മോര്റ്റെന്സണും, പിയാനിസ്റ്റ് ഡോക്ടര്‍. ഷേര്‍ളിയെ മഹേര്‍ഷല അലിയും അനശ്വരമാക്കിയിരിക്കുന്നു. 2019 ല്‍ ഏറ്റവും മികച്ച ചിത്രത്തിനും, ഡോ. ഷേര്‍ളിയെ അവതരിപ്പിച്ച മഹേര്‍ഷല അലിക്ക് മികച്ച സഹനടനുമുള്ള ഓസ്കര് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്.
ചിരിയുടെയും ചിന്തയുടെയും ലോകത്തിലൂടെ അനുവാചകനെ കൂട്ടിക്കൊണ്ടു പോകുന്ന, ഒരു നിമിഷം പോലും വിരസതയാനുഭവപ്പെടാത്ത ഏറെ പ്രത്യേകതകളുള്ള ഒരു മികച്ച ചിത്രമാണ് ഗ്രീന്‍ ബുക്ക്.