എംസോൺ റിലീസ് – 2691
ഭാഷ | ജാപ്പനീസ് |
സംവിധാനം | Shuhei Yabuta |
പരിഭാഷ | വിഷ്ണു പി പി, അഖിൽ ജോബി, വൈശാഖ് പി.ബി, അജിത്ത് ബി.ടി.കെ, ഹബീബ് ഏന്തയാർ, ഫഹദ് അബ്ദുൾ മജീദ് |
ജോണർ | അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന് |
എക്കാലത്തെയും മികച്ച മാങ്കകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വിൻലൻഡ് സാഗയുടെ ഇതേപേരിലുള്ള ദൃശ്യാവിഷ്കാരമാണ് 24 എപ്പിസോഡുകൾ നീണ്ട ഈ അനിമേ സീരീസ്.
വ്യാളിമുഖമുള്ള ചുണ്ടൻവള്ളങ്ങളിൽ ഗ്രാമങ്ങൾ തോറും പ്രത്യക്ഷപ്പെട്ടിരുന്നവരാണ് വൈക്കിങ്ങുകൾ. അവർ ഒരു ഗ്രാമത്തിൽ കാലു കുത്തിയാൽ, ആ ഗ്രാമം പിന്നെ ബാക്കി കാണില്ലായിരുന്നു. ഒരു കാലത്ത് യൂറോപ്പിന്റെ മൊത്തം പേടിസ്വപ്നമായിരുന്നു ഇവർ. പൈശാചികതയുടെ പര്യായമായി ചരിത്രകാരന്മാർ വിലയിരുത്തുന്ന ഒരു ജനസമൂഹം. കൊലയും കൊള്ളയും കൊള്ളിവെപ്പും ഇഷ്ടവിനോദങ്ങൾ. കടലിന്റെ മാറിലൂടെ സമ്പുഷ്ടമായ നാടുകൾ തേടിയലഞ്ഞ ഇവരുടെ യാത്രകളും അധിനിവേശങ്ങളും ചരിത്രത്താളുകളിലെ മായാത്ത ചിത്രങ്ങളാണ്.
പതിനൊന്നാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നടന്ന വൈക്കിങ് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വിൻലൻഡ് എന്ന സമ്പുഷ്ടമായ നാടിനെ പറ്റിയും കടലിലൂടെ നടത്തിയ ഒരുപാട് യാത്രകളെ പറ്റിയും ലെയ്ഫ് മുത്തശ്ശൻ പറഞ്ഞുകൊടുത്ത കഥകൾ കേട്ടാണ് തോർഫിൻ വളർന്നത്. യുദ്ധത്തിന്റെ ജ്വാലകൾ ചെന്നെത്തിയിട്ടില്ലാത്ത ഒരു നാട്ടിൽ. ഇംഗ്ലണ്ടിലേക്കുള്ള ഡെന്മാർക്ക്(വൈക്കിങ്) അധിനിവേശം ശക്തമാകുന്ന കാലമായിരുന്നു അത്. ക്രമേണ യുദ്ധത്തിന്റെ ജ്വാലകൾ ആ ഗ്രാമത്തെയും തേടിയെത്തുന്നു. തോർഫിന് അവൻ ഒരുപാട് സ്നേഹിച്ച അച്ഛനെ നഷ്ടപ്പെടുന്നു. തന്റെ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാനായി നാടുവിടുന്ന തോർഫിന്റെ കഥയാണ് വിൻലൻഡ് സാഗ പറയുന്നത്. യുദ്ധത്തിന്റെ ജ്വാലയിലേക്ക് ഈയാം പാറ്റകളെ പോലെ ചാടിവീഴുന്ന ഒരുപാട് പേരെ നമുക്കിതിൽ കാണാം. യഥാർത്ഥ പോരാളിക്ക് വാളിന്റെ ആവശ്യമില്ല, ആർക്കും ആരും ശത്രുക്കളല്ല എന്നിങ്ങനെയുള്ള ആശയങ്ങളാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. യുദ്ധത്തിന്റെ നിരർത്ഥകതയും പൊള്ളത്തരവുമെല്ലാം ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
മറ്റു ചരിത്ര സീരീസുകളെ വെച്ചു നോക്കുമ്പോൾ ചരിത്രവസ്തുതകളെ കണിശമായി പിന്തുടരുന്നുണ്ട് ഈ സീരീസ്. ഒരു കാലഘട്ടത്തെ അതേ പോലെ അടയാളപ്പെടുത്തുന്ന ഈ സീരീസ് ചരിത്രകുതുകികളെയും തൃപ്തിപ്പെടുത്താൻ പാകത്തിനുള്ളതാണ്.
വിൻലൻഡ് (ഇന്നത്തെ വടക്കേ അമേരിക്ക) തേടിയുള്ള തോർഫിന്റെ യാത്രകളുടെ തുടക്കം മാത്രമാണ് ഈ സീരീസ്. ഇതിന്റെ രണ്ടാം സീസൺ അനൗൺസ് ചെയ്തിട്ടുണ്ട്.