എം-സോണ് റിലീസ് – 1344
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Todd Phillips |
പരിഭാഷ | സുനിൽ നടക്കൽ , കൃഷ്ണപ്രസാദ് എം വി |
ജോണർ | ക്രൈം , ഡ്രാമ , ത്രില്ലർ |
ലോക കോമിക്/സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച, ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച വില്ലൻ കഥാപാത്രമാണ് ജോക്കർ. 1940 ൽ ഡിറ്റക്ടീവ് കോമിക്‌സ് പുറത്തിറക്കിയ ബാറ്റ്മാൻ എന്ന കോമിക് പുസ്തകത്തിലാണ് ജോക്കർ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്.
1966 ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ സിനിമയിലൂടെ ജോക്കർ വെള്ളിത്തിരയിൽ അവതരിച്ചു. തുടർന്ന് 1989 ലെ ബാറ്റ്മാൻ സിനിമയിലൂടെ വിഖ്യാത നടൻ ജാക്ക് നിക്കോൾസൺ ജോക്കറായി എത്തി. ലോക സിനിമാ ചരിത്രത്തിലെ മികച്ച വില്ലന്മാരിൽ ഒരാളായി ആ കഥാപാത്രം അറിയപ്പെട്ടു. ഇതിനെ തുടർന്ന് 2008 ൽ ദി ഡാർക്ക് നൈറ്റ് ൽ ഹീത്ത് ലെഡ്ജർ ജോക്കറിനെ അനശ്വരമാക്കിയതോടെ, ജോക്കർ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി.
12 വർഷങ്ങൾക്കിപ്പുറവും കോടിക്കണക്കിന് ആളുകളുടെ പ്രൊഫൈൽ പികച്ചറും സ്‌ക്രീൻ സേവറുമൊക്കെയായി ഹീത്ത് ലെഡ്ജർ ജോക്കറായി നമുക്കിടയിലുണ്ട്. ഇതിനിടയിൽ ലോകത്താകമാനം കോമിക് പുസ്തകങ്ങളിലൂടെയും സിനിമാ/സീരിയലുകളിലൂടെയും ജോക്കർ പല ഭാഷകളിലും അവതരിപ്പിക്കപ്പെട്ടു.
ഒരു സാധാരണ കോമിക്ക് സീരീസിലെ സൈക്കോപാത്ത് ആയ വില്ലന് അപ്പുറം ആരാണ് ജോക്കർ?എന്നതിന് ഉത്തരം തേടുകയാണ് ഈ സിനിമ. ഗോഥം നഗരത്തിന്റെ കോണിൽ ശയ്യാവലംബിയായ അമ്മയോടൊപ്പം താമസിക്കുകയാണ് ആർതർ ഫ്ലെക്ക്. തന്റെ അച്ഛനാരാണ് എന്ന് ഒരിക്കലും അമ്മ അയാളോട് വെളിപെടുത്തിയിട്ടില്ല. നഗരത്തിലെ കടകൾക്ക് മുൻപിൽ കോമാളി വേഷം കെട്ടി ആളുകളെ ആകർഷിക്കുന്ന ജോലിയാണ് അയാൾ ചെയ്തിരുന്നത്.
അധികമായി സന്തോഷിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും നിയന്ത്രണമില്ലാതെ ചിരിക്കുന്ന അസാധാരണ രോഗത്തിന് അടിമയാണയാൾ. ഒരു മികച്ച “സ്റ്റാൻഡ് അപ് കോമേഡിയൻ” ആവുകയാണ് അയാളുടെ ജീവിതാഭിലാഷം. അതിനായുള്ള പരിശ്രമങ്ങൾക്കിടയിലും പൊതു ഇടങ്ങളിലെ ഇടപെടലുകൾക്കിടയിലും അയാളുടെ രോഗം പലപ്പോഴും വില്ലനാകുന്നു. സഹജീവികളിൽ നിന്നുള്ള അവജ്ഞ നിറഞ്ഞ പെരുമാറ്റം അയാളെ പലപ്പോഴും അസ്വസ്തനാക്കുന്നു. താൻ ഗുരുവിനെ പോലെ കണ്ടിരുന്ന ആളിൽ നിന്നു കൂടെ തിക്താനുഭവം ഏറ്റു വാങ്ങേണ്ടി വന്നത് ആയാളുടെ ഹൃദയം തകർത്തു.
സമൂഹത്തിന്റെ താഴെ കിടയിൽ ജീവിക്കുന്ന സാധാരണക്കാരനായ ആർതർ ഫ്ളക്ക് എന്ന കോമാളി എങ്ങിനെയാണ് ഗോഥം നഗരത്തെ വിറപ്പിച്ച കൊടും വില്ലൻ ജോക്കറായത് എന്ന കഥയാണ് ജോക്കർ – 2019 ന് പറയാനുള്ളത്. ഹീത്ത് ലെഡ്ജർ സെറ്റ് ചെയ്തു വച്ച ജോക്കർ എന്ന മഹാമേരുവായ കഥാപാത്രത്തെ അതിന്റെ ആത്മാവ് അറിഞ്ഞ് അവതരിപ്പിക്കുന്നത് ജാക്വിൻ ഫിയോനിക്‌സ് ആണ്. മൂന്ന് പ്രാവശ്യം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ഓസ്കാർ ജോക്കറിലൂടെ ഫിയോനിക്‌സ് നേടുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത് .