എം-സോണ്‍ റിലീസ് – 149
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Nolan |
പരിഭാഷ | ഗിരി പി. എസ്. |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ 2005 യിൽ പുറത്തിറങ്ങിയ സൂപ്പർ ഹീറോ മൂവിയാണ് ബാറ്റ്മാൻ ബിഗിൻസ്. നോളന്റെ ബാറ്റ്മാൻ സീരിസിലെ ആദ്യ ചിത്രവും ബാറ്റ്മാന്റെ ഒറിജിൻ സ്റ്റോറിയുമാണ് ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസ്.
മാതാപിതാക്കളുടെ മരണ ശേഷം ബ്രൂസ് വെയ്ൻ നാടുവിടുന്നു, ജീവിത ലക്ഷ്യം തേടിയുള്ള യാത്രകളിൽ അയാൾ പലതും പഠിക്കുന്നു. പട്ടിണി കിടക്കേണ്ടി വരുന്നു, ഗുണ്ടയാവേണ്ടി വരുന്നു, മോഷ്ടിക്കേണ്ടി വരുന്നു അങ്ങനെ പലതും അയാൾ അനുഭവിക്കുന്നു.
ഒരിക്കൽ കൂട്ടുകാരുമൊത്ത് സ്വന്തം പേരിലുള്ള സാധനങ്ങൾ മോഷ്ടിച്ചതിന് അയാൾ ജയിലിൽ അടയ്ക്കപ്പെടുന്നു. അവിടെ അയാളെ കാണാൻ ഒരു അഥിതി വരുന്നു. ആ അഥിതി അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം, ആ അതിഥിയെ തിരക്കി ബ്രൂസ് വെയ്ൻ ഹിമാലയൻ മല നിരകൾ താണ്ടി ചെല്ലുന്നു. അവിടെ അയാളെക്കാത്ത് പുതിയൊരു പാത കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് അയാൾക്ക് അംഗീകരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. മോഷ്ടാവായി ഹിമാലയൻ മലക്കേറി ചെന്ന ബ്രൂസ് വെയ്ൻ അവിടുന്ന് പല അഭ്യാസമുറകൾ സ്വായത്തമാക്കിയ പുതിയൊരു മനുഷ്യനായി മലയിറങ്ങി സ്വന്തം നാടായ ഗോഥം നഗരത്തിലേക്ക് തിരികെ വരുന്നു. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് ഒരു പുതിയ നഗരമായിരുന്നു. തന്റെ അച്ഛന്റെ സ്വപ്നങ്ങൾക്ക് വിഭിന്നമായി തെറ്റുകളുടെയും കുറ്റകൃത്യങ്ങളുടെയും കൂടായി മാറിയിരുന്നു ഗോഥം അപ്പോഴേക്കും. അത് ബ്രൂസ് വെയ്നെ ചില തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതനാക്കുന്നു. അവിടെ ബാറ്റ്മാൻ ജനിക്കുന്നു.