എം-സോണ് റിലീസ് – 813
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Paul Greengrass |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ബയോഗ്രഫി, ഡ്രാമ, ക്രൈം, ത്രില്ലെർ, |
ടോം ഹാങ്ക്സിനെ നായകനാക്കി പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്ത ബയോഗ്രഫിക്കൽ ത്രില്ലറാണ് ക്യാപ്റ്റൻ ഫിലിപ്പ്സ്. അമേരിക്കൻ ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന റിച്ചാർഡ് ഫിലിപ്പിന്റെ ജീവിത കഥയായ “A Captain’s Duty: Somali Pirates, Navy Seals, and Dangerous Days at Sea” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബില്ലി റേയാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
സോമാലിയൻ കടൽക്കൊള്ളക്കാരെക്കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. കപ്പലുകളെ ആക്രമിച്ച് അതിലെ മുതലും പണവും കവരുക, അല്ലെങ്കിൽ കപ്പലിലെ യാത്രക്കാരെ ബന്ദികളാക്കി കോടികൾ മോചനദ്രവ്യം ആവശ്യപ്പെടുക തുടങ്ങിയവ ജീവിതോപാധിയായി സ്വീകരിച്ചിരിക്കുന്ന സൊമാലിയക്കാർ. സാധാരണ ഇത്തരം സിനിമകളിൽ ബന്ദികളാക്കപ്പെടുന്നവരുടെ നിസ്സഹായാവസ്ഥയും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും മാത്രമേ പ്രതിപാദിക്കാറുള്ളൂ. പക്ഷേ അതിൽനിന്നും വ്യത്യസ്തമായി കൊള്ളക്കാരുടെ ജീവിതവും അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അവരുടെ ദരിദ്ര ചുറ്റുപാടുകളും വരച്ചുകാട്ടാൻ ശ്രമിച്ചിട്ടുണ്ട് ഈ സിനിമയിൽ. കപ്പലുകൾ ആക്രമിച്ച് ദശലക്ഷക്കണക്കിന് ഡോളർ നേടിയെങ്കിലും അവരിൽ ഭൂരിഭാഗവും തുടർന്നും ദാരിദ്ര്യത്തിൽ തന്നെ ജീവിക്കുന്നു. കൊള്ള അവരുടെ ജീവിതോപാധി മാത്രമാണ്. അവർക്കതൊരു ക്രൈം ആകുന്നില്ല.
റിച്ചാർഡ് ഫിലിപ്പ് ക്യാപറ്റനായ മെസ്‌ക്ക് അലബാമ എന്ന അമേരിക്കൻ ചരക്കുകപ്പലിൽ ഒമാനിലെ സലാലയിൽ നിന്നും കെനിയയിലെ മോംബാസയിലേക്ക് പുറപ്പെടുന്നു. സോമാലിയൻ തീരത്തിനരികിലൂടെ സഞ്ചരിക്കുന്ന കപ്പലിനെ സോമാലിയൻ കടൽക്കൊള്ളക്കാർ പിന്തുടർന്നു പിടികൂടുന്നു. കപ്പലിലെ ജോലിക്കാരെ വിജയകരമായി സംരക്ഷിക്കുന്ന ക്യാപ്റ്റനെ സോമാലിയൻ കൊള്ളസംഘം തട്ടിക്കൊണ്ടുപോകുന്നു.
മികച്ച ചിത്രം, മികച്ച സഹനടൻ (ബർഖാദ് അബ്ദി), മികച്ച അഡാപ്റ്റഡ് തിരക്കഥ, മികച്ച ചിത്രസംയോജനം, മികച്ച ശബ്ദസംയോജനം, മികച്ച ശബ്ദമിശ്രണം എന്നീ വിഭാഗത്തിൽ 6 അക്കാദമി അവാർഡ് നോമിനേഷൻസ് നേടിട്ടുണ്ട്. ഒരുപാട് കാശുണ്ടാക്കിയിട്ട് അമേരിക്കയിൽ പോവണം, കാറ് വാങ്ങണം എന്നൊക്കെ ആഗ്രഹിച്ചിരുന്ന മൂസിന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്ന് എന്തായാലും നടപ്പായി. കപ്പൽ റാഞ്ചിയ കുറ്റത്തിന് യു.എസ്. ഫെഡറൽ കോടതി 2011ൽ മൂസിനെ 33 വർഷത്തെ തടവിന് ശിക്ഷിച്ചു. ഇപ്പോഴും അമേരിക്കയിലെ ജയിലിൽ തടവിലാണ് മൂസ്.