എംസോൺ റിലീസ് – 3012
ഭാഷ | ഇംഗ്ലീഷ് & മാൻഡറിൻ |
സംവിധാനം | Dan Kwan & Daniel Scheinert |
പരിഭാഷ | മുബാറക്ക് ടി. എൻ & അരുൺ ബി. എസ്, കൊല്ലം. |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, കോമഡി |
മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട്, അമേരിക്കയിലേക്ക് കുടിയേറിയ ചൈനീസ് ദമ്പതികളാണ് വെയ്മണ്ടും, എവ്‌ലിനും. ഉപജീവനത്തിനായി ഒരു laundromat നടത്തി ജീവിക്കുന്ന അവർക്ക്, ടാക്സ് സംബന്ധമായ അനേകം പ്രശ്നങ്ങളുമുണ്ട്. ചൈനീസ് വംശജരോട് വെറുപ്പുള്ള ടാക്സ് ഉദ്യോഗസ്ഥയുടെ നടപടികൾ അവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഒരു ദിവസം ടാക്സ് അടയ്ക്കാനായി ഓഫീസിലേക്ക് പോകുന്ന എവ്‌ലിനു മുന്നിൽ, മൾട്ടിവേഴ്സിൻ്റെ വാതിലുകൾ തുറക്കപ്പെടുകയാണ്. മൾട്ടിവേഴ്സിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന ഒരു ദുഷ്ട ശക്തി ഉടലെടുത്തതായി മനസ്സിലാക്കുന്ന എവ്‌ലിൻ, അവിടുള്ളവരെ സഹായിക്കാനായി ഇറങ്ങി പുറപ്പെടുന്നു. സ്നേഹമെന്തെന്നറിയാത്ത, കാരുണ്യം തൊട്ടു തീണ്ടിയില്ലാത്ത, സർവ്വ ശക്തയായ ഒരു ശത്രുവിനെ എവ്‌ലിൻ എങ്ങനെ നേരിടുന്നു എന്നതാണ്, Dan Kwan, Daniel Scheinert എന്നിവരുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിന്റെ പ്രമേയം.
അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും, ചടുലമായ എഡിറ്റിംഗ് കൊണ്ടും, കൃത്യമായ Pop Culture റഫറൻസുകൾ കൊണ്ടും, ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസാണ്. ഇതേ തീം അടിസ്ഥാനമാക്കിയുള്ള മറ്റു സിനിമകളുടെ ബജറ്റിനേക്കാൾ കുറഞ്ഞ മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിൻ്റെ VFX കൈകാര്യം ചെയ്തിരിക്കുന്നത്, സംവിധായകരുൾപ്പടെയുള്ള വെറും 9 പേരാണ്. മൾട്ടിവേഴ്സിൻ്റെ അനന്ത സാധ്യതകൾ പ്രേക്ഷകനു മുന്നിൽ തുറന്നിടുന്നതിനോടൊപ്പം തന്നെ, ഏഷ്യൻ – അമേരിക്കൻ വംശജർ നേരിടുന്ന പ്രശ്നങ്ങൾ, Toxic Parenting, Nihilism, Dadaist Absurdism, Modal Realism, Existentialism എന്നീ ആശയങ്ങൾ കൂടി ചിത്രം പങ്കുവെക്കുന്നുണ്ട്. കൃത്യമായ ഒരു genre ൽ ഉൾപ്പെടുത്താൻ കഴിയാത്ത ഈ ചിത്രം, അതിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ Black Comedy, Science Fiction, Fantasy, Martial arts, Animation, Romance, Horror തുടങ്ങിയ Genres ഒരേ സമയം കൈകാര്യം ചെയ്യുന്നു.
സിനിമാ പ്രേമികളുടെയും, നിരൂപകരുടെയും കൂട്ടായ്മയായ Letterboxd ൽ, ദി ഗോഡ് ഫാദര്‍ (1972), പാരസൈറ്റ് (2019), എന്നീ ചിത്രങ്ങളെ പിന്തള്ളി എറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച ഈ ചിത്രം, സിനിമയെന്ന സങ്കേതത്തിൻ്റെ വ്യത്യസ്തമായൊരു പരീക്ഷണമെന്നു തന്നെ പറയാം.