എം-സോണ്‍ റിലീസ് – 226

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Robert Zemeckis |
പരിഭാഷ | നിദർഷ് രാജ്, നിതിൻ പി. ടി |
ജോണർ | ഡ്രാമ, റൊമാൻസ് |
1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എന്ന അമേരിക്കൻ ചലച്ചിത്രം 1986ൽ ഇതേപേരിൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. വിന്റോസ്റ്റൺ ഗ്രൂം സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ ടോം ഹാങ്ക്സ്, റോബെർട്ട് സെമക്കിസ്സ്, റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ, സാലി ഫീൽഡ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു.
ഫോറസ്റ്റ് ഗമ്പ് എന്ന വ്യക്തിയുടെ ജീവത്തിലൂടെയുള്ള ഒരുയാത്രയാണ് സിനിമ. അടിസ്ഥാനമാക്കിയ നോവലിൽ നിന്നും തികച്ചും വ്യത്യസ്തമായി ഗമ്പിന്റെ വ്യക്തിത്വം മറ്റ് പ്രധാനസംഭവങ്ങൾ എന്നിവ സിനിമക്കായി കൂട്ടിച്ചേർത്തിട്ടുള്ളതാണ്.
ചെറിയ മാനസിക, ശാരീരിക വൈകല്യങ്ങളോടെ പിറന്ന ഫോറസ്റ്റ് ഗമ്പ് അച്ഛൻ ഉപേക്ഷിച്ചു പോയ തന്റെ അമ്മയുടെ കൂടെയാണ് വളർന്നത്. അമ്മ വളരെ കഷ്ടപ്പെട്ടാണ് ഗമ്പിനെ വളർത്തുന്നത്. കുട്ടിക്കാലം മുതൽ കൂടെയുണ്ടായിരുന്ന ജെന്നി എന്ന പെൺകുട്ടിയുടെ പിന്തുണയും, നേരിടേണ്ടി വന്ന ജീവിത സാഹചര്യങ്ങളും തന്റെ ശാരീരിക വൈകല്യങ്ങൾ മറികടന്നു അവിശ്വസനീയമായ വേഗതയിൽ നിർത്താതെ ഓടാൻ കഴിവുള്ള ഒരു വ്യക്തിയായി മാറാൻ ഫോറസ്റ്റ് ഗമ്പിനെ സഹായിക്കുന്നു. സാധാരണ ഗതിയിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയില്ലാത്തയത്ര വൈവിധ്യമാർന്ന മേഖലകളിൽ ഗമ്പ് എത്തിപ്പെടുന്നു. സൈനികൻ, പിംഗ് പോങ്ങ് കളിക്കാരൻ, ഓട്ടക്കാരൻ, കൊഞ്ചു ബിസിനസുകാരൻ തുടങ്ങി പല രീതികളിലും ശോഭിക്കാൻ ഗമ്പിനു കഴിഞ്ഞു.
ജെന്നി എന്നും ഗമ്പിന്റെ മനസ്സിലുണ്ടായിരുന്നെങ്കിലും കോളേജ് കാലഘട്ടം തൊട്ടു രണ്ടുപേരും വെവ്വേറെ വഴികളിലായി. ആഗ്രഹിച്ചതൊന്നും നേടാൻ കഴിയാതിരുന്ന ജന്നിയുടെ യാത്രകൾ മുഴുവൻ കുത്തഴിഞ്ഞ വഴികളിലൂടെയായിരുന്നു. എങ്കിലും ഗമ്പിന്റെ ജീവിതത്തിൽ വല്ലപ്പോഴും അവൾ വന്നും പോയുമിരുന്നു. പക്ഷേ ഗമ്പ് ആഗ്രഹിച്ച പോലെ അവൾ ഒരിക്കലും അയാളുടേതായി മാറിയില്ല.
അമ്മയുടെ മരണ ശേഷം പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്ന ഗമ്പിന്റെ ജീവിതത്തിലേക്ക് വലിയൊരു സർപ്രൈസുമായി ജെന്നി വീണ്ടും കടന്നു വരുന്നതോടെ സിനിമ മറ്റൊരു മൂഡിലേക്ക് മാറുന്നു.
ഫ്ലാഷ് ബാക്കുകളിലൂടെ പതിഞ്ഞ താളത്തിലാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ഫോറസ്റ്റ് ഗമ്പിനെ ടോം ഹാങ്ക്സ് ഗംഭീരമായി കൈകാര്യം ചെയ്തിരിക്കുന്നു.
ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത് ജോർജിയ, നോർത്ത് കരോലിന, സൌത്ത് കരോലിന, എന്നിവിടങ്ങളിലായാണ്. പ്രത്യേക പശ്ചാത്തല സംവിധാനങ്ങളും സിനിമക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. 1994 ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ചലച്ചിത്രം ഒരു വലിയ വാണിജ്യ വിജയം നേടി.