Super 8
സൂപ്പർ 8 (2011)

എംസോൺ റിലീസ് – 3289

Download

3482 Downloads

IMDb

7/10

കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇരുപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലൊരുക്കിയ നിരവധി ഹിറ്റ് സിനിമകൾക്കും സീരിസുകൾക്കും വഴികാട്ടിയായിരുന്നു ജെ. ജെ അബ്രാംസിന്റെ സൂപ്പർ 8.

1979-ലെ ഒരു ഫിലിം ഫെസ്റ്റിവലിലേക്ക് അയക്കാൻ ഒരു ഷോർട്ട് ഫിലിം എടുക്കാനുള്ള തത്രപ്പാടിലായിരുന്നു ഒരുകൂട്ടം കുട്ടികൾ. അങ്ങനെ പാതിരാത്രി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒരൊഴിഞ്ഞ റെയില്‍വേ സ്റ്റേഷനിൽ അവർ ഷൂട്ടിങ് നടത്തവേയാണ് ഒരു ചരക്കുട്രെയിൻ പാളം തെറ്റി അവിടെ ഭീകരമായ അപകടമുണ്ടായത്! അതിൽനിന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ട അവർ അപകടാനന്തരം ചെന്ന് പരിശോധിച്ചപ്പോൾ അത് എയർഫോഴ്സിന്റെ ട്രെയിനാണെന്നും അതിൽ നൂറുകണക്കിന് വിചിത്രമായ വെളുത്ത ക്യൂബുകൾ കടത്തുകയായിരുന്നെന്നും കണ്ടെത്തി.

അവർ ആ സംഭവത്തെപ്പറ്റി ആരോടും ഉരിയാടില്ലെങ്കിലും പിന്നീടങ്ങോട്ട് അന്നാട്ടിൽ കുഴപ്പങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു. പിറ്റേന്നുതന്നെ അവിടം എയർഫോഴ്സ് കയ്യേറുകയും നാട്ടുകാരെ ഒഴിപ്പിച്ച് എന്തോ നിഗൂഢമായ ഓപ്പറേഷന്‍ നടത്താൻ പദ്ധതിയിടുകയും ചെയ്തു. ഇതിന്റെ പിന്നിലെ സത്യാവസ്ഥ അറിയാൻ നമ്മുടെ കുട്ടിപ്പട്ടാളം ഇറങ്ങിത്തിരിക്കുകയായി!

കുട്ടികൾ ടീമായിട്ടുള്ള അഡ്വഞ്ചർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സാക്കരുതാത്ത ചിത്രമാണിത്. മനോഹരമായ ഫ്രെയിമുകൾക്കും ത്രില്ലടിപ്പിക്കുന്ന സംഭവങ്ങൾക്കും പുറമേ, ആദ്യ പ്രണയത്തിന്റെ മധുരവും കളങ്കമില്ലാത്ത സൗഹൃദത്തിന്റെ ഊഷ്മളതയും ബാല്യചാപല്യത്തിൽ നിന്ന് ഉദിക്കുന്ന തമാശകളുമൊക്കെ ഇത്തരം സിനിമകളിൽ ആസ്വദിക്കാനാകും.