The Social Dilemma
ദി സോഷ്യൽ ഡിലമ (2020)

എംസോൺ റിലീസ് – 2680

Download

7580 Downloads

IMDb

7.6/10

2020 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്ത് പിന്നെ അതേ വർഷം തന്നെ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തതോടെ ലോകശ്രദ്ധയാകർഷിച്ച ഡോക്യു-ഡ്രാമയാണ് ‘ദി സോഷ്യൽ ഡിലമ’. ഗൂഗിൾ, ഫേസ്ബുക്ക്, റ്റ്വിറ്റർ, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ നമ്മോട് സംസാരിക്കുന്ന ഡോക്യുമെന്ററിയും, അതിനൊപ്പം തന്നെ ഈ മാധ്യമങ്ങൾ കൗമാരക്കാരെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കാണിക്കുന്ന ഒരു ഡ്രാമയും ഇടകലർന്നതാണ് ഈ ചിത്രം.

സ്വന്തം സൃഷ്ടികളുടെ ദൂഷ്യങ്ങളെ പറ്റി തുറന്ന് പറയുകയാണ് സാമൂഹിക മാധ്യമങ്ങൾ രൂപകല്പന ചെയത സോഫ്റ്റ്‌വെയർ വിദഗ്ധർ. സാമൂഹിക മാധ്യമങ്ങൾ മയക്ക് മരുന്ന് ആണെന്നും നിങ്ങളെ അതിന്റെ അടിമകളാകാൻ വേണ്ടി മനപ്പൂർവം അങ്ങനെ രൂപകല്പന ചെയ്തിരിക്കുന്നതാണെന്നും, നിങ്ങളുടെ ഓരോ നീക്കവും നിരീക്ഷിച്ച് നിങ്ങളുടെ അഭിരുചികൾ മനസ്സിലാക്കി കോൺസ്പിറസി തിയറികളും വ്യാജ വാർത്തകളും പടർത്തി ആളുകളെ സ്ക്രീനിന്റെ മുന്നിൽ തളച്ചിട്ട് നിങ്ങളെ പരസ്യക്കമ്പനികൾക്ക് വിൽക്കുകയാണ് അവരുടെ വാണിജ്യ ലക്ഷ്യമെന്ന് അവർ തുറന്ന് പറയുന്നു. സമൂഹത്തിലും രാഷ്ട്രീയത്തിലും സാമൂഹിക മാധ്യമങ്ങളുടെ പ്രഭാവം, കൗമാരക്കാരുടെ മാനസിക ആരോഗ്യം എന്നിവയും ചർച്ച ചെയ്യുന്നു.

കേട്ട് പഴകിയ ഒരു ചൊല്ലുണ്ട്. If you are not paying for something then you are the product. അതെ നിങ്ങളാണ് ഉല്പന്നം. നമ്മൾ കണ്ണുമടച്ച് ഈ കമ്പനികൾക്ക് തീറെഴുതിക്കൊടുക്കുന്ന നമ്മുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് സോഫ്റ്റ്‌വെയർ അൽഗോരിതങ്ങൾ നമ്മളെ എങ്ങനെ ചൊടിപ്പിക്കാം എങ്ങനെ നിയന്ത്രിക്കാം എങ്ങനെ സ്ക്രീനിന്റെ അടിമയാക്കാം എന്ന് പഠിക്കുന്നു. കാരണം നിങ്ങൾ എത്രത്തോളം സമയം സ്ക്രീനിനു മുന്നിൽ ചിലവിടുന്നോ അത്രത്തോളം പരസ്യം കാണിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാം.

സാമൂഹിക മാധ്യമങ്ങളുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്നതെന്തെന്ന് ഈ ഡോക്യുമെന്ററി കണ്ടെങ്കിലും എല്ലാവരും മനസ്സിലാക്കുക. നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിച്ചോളൂ പക്ഷെ സോഷ്യൽ മീഡിയ നിങ്ങളെ ഉപയോഗിക്കാൻ ഇട കൊടുക്കരുത്. നാം ശബ്ദമുയർത്തിയാൽ ഇവയുടെ രൂപകല്പനയിൽ മാറ്റം വരുത്താൻ പറ്റുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.

സബ്ടൈറ്റിൽ .ass ഫോർമാറ്റിൽ ഉള്ളതിനാൽ, സബ് വീഡിയോയിൽ ആഡ് ചെയ്യുന്നതിന് മുൻപായി ഡൗൺലോഡ് ചെയ്ത സിപ് ഫയലിലുള്ള Readme Pdf ഫയൽ വായിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

സബ്‌ടൈറ്റിൽ നമ്പർ02

“ഞങ്ങളുടെ മക്കൾക്ക് ഞങ്ങൾ സോഷ്യൽ മീഡിയ കൊടുക്കാറേയില്ല”

ഇത് ഏതോ കർക്കശക്കാരനായ, ടെക്‌നോളജിയെ പറ്റി അറിവില്ലാത്ത അമ്മാവന്റെ വാക്കുകളല്ല. മറിച്ച് ഇത് ഒരു കൂട്ടം ആളുകളുടെ വാക്കുകളാണ്.

ആ ഒരു കൂട്ടം ആളുകൾ തന്നെയായിരുന്നു മുകളിൽ പറഞ്ഞ സോഷ്യൽ മീഡിയകളുടെ നടത്തിപ്പുകാർ എന്നറിയുമ്പോഴാണ് ഈ ഡോക്യൂമെന്ററിയുടെ പ്രാധാന്യം വർദ്ധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നിങ്ങൾ ഈ ഡോക്യൂമെന്ററി കണ്ടിരിക്കേണ്ടതും.

ജെഫ് ഓർലൗസ്കിയുടെ സംവിധാനത്തിൽ Exposure ലാബിന്റെ അണിയറയിൽ നിർമിച്ച സാമൂഹിക പ്രാധാന്യമുള്ള ഡോക്യൂമെന്ററിയാണ് 2020ൽ നെറ്റ്ഫ്ലിക്സിൽ ഇറങ്ങി ലോക. ശ്രദ്ധ നേടിയ “ദി സോഷ്യൽ ഡിലമ”. ലാറിസ റോഡ്‌സ് ആണ് ഇത് നിർമിച്ചിരിക്കുന്നത്. ഗൂഗിൾ, ഫേസ്ബുക്ക് പോലുള്ള വമ്പൻ ടെക്‌നോളജി കമ്പനികളുടെ അണിയറയിൽ പ്രവർത്തിച്ച ഒരു കൂട്ടം ജോലിക്കാർ നടത്തുന്ന തുറന്നു പറച്ചിലുകൾ ഈ ഡോക്യൂമെന്ററിയുടെ ആദ്യവസാനം വരെ നിങ്ങളെ ഒരു കാര്യത്തിൽ ഇരുത്തി ചിന്തിപ്പിക്കും. സോഷ്യൽ മീഡിയ കളയണോ? അതോ ഫോൺ തന്നെ കളയണോ? എന്ന കാര്യത്തിൽ.
ബാക്കി നിങ്ങൾ കണ്ട ശേഷം തീരുമാനിക്കുക.