The Thin Red Line
ദ തിൻ റെഡ് ലൈൻ (1998)

എംസോൺ റിലീസ് – 2669

Download

5377 Downloads

IMDb

7.6/10

ടെറൻസ് മാലിക്കിന്റെ സംവിധാനത്തിൽ, 1998ൽ ഇറങ്ങിയ എപ്പിക് വാർ ഫിലിമാണ് ‘ദ തിൻ റെഡ് ലൈൻ’. രണ്ടാം ലോക മഹായുദ്ധ കാലത്ത് പസഫിക് സമുദ്രത്തിലെ ഗുഡൽകനാൽ ദ്വീപിൽ അമേരിക്കയും ജപ്പാനും തമ്മിലുണ്ടായ രൂക്ഷമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഗുഡൽകനാൽ ദ്വീപിന്റെ വന്യസൗന്ദര്യവും ചേർന്ന് നല്ലൊരു അനുഭവം ചിത്രം സമ്മാനിക്കുന്നു. ഷോൺ പെൻ, ഏഡ്രിയൻ ബ്രോഡി, ജോർജ് ക്ലൂണി, ജോൺ ട്രാവോൾട്ട, വൂഡി ഹാരിൽസൺ, ജോൺ ക്യുസാക്ക് എന്നീ വലിയ താരനിര ചിത്രത്തിലുണ്ട്.

ഗുഡൽകനാലിനെ ജപ്പാന്റെ അധീനതയിൽ നിന്ന് തിരിച്ചു പിടിക്കാനും, അവരെ ഓസ്ട്രേലിയയിലേക്ക് കടക്കുന്നത് തടയാനും അമേരിക്കൻ പട്ടാളക്കാരുടെ ഒരു സംഘം ദ്വീപിലെത്തുന്നു. തുടക്കത്തിൽ മനുഷ്യ സാന്നിധ്യമില്ലെന്നു തോന്നിപ്പിച്ച ദ്വീപിൽ ജപ്പാൻകാർ നിലയുറപ്പിച്ചിരിക്കുന്ന ‘ഹിൽ 210’ എന്ന മല അവർ കണ്ടെത്തുന്നു. അവിടത്തെ ജാപ്പനീസ് ബങ്കറിൽ നിന്നുള്ള രൂക്ഷമായ ആക്രമണത്തെ ചെറുത്താണ് അവർക്ക് മുന്നേറേണ്ടത്. വലിയ വെല്ലുവിളി ആകുമെന്നറിഞ്ഞിട്ടും മല കീഴടക്കാൻ തന്നെ നിശ്ചയിച്ച് അവർ മുന്നേറുന്നു. തുടർന്ന് രൂക്ഷമായ പോരാട്ടം നടക്കുന്നു.

യുദ്ധം എന്ന വിപത്തിനെയും മരണം എന്ന യാഥാർത്ഥ്യത്തെയും തത്വശാസ്ത്രപരമായ വീക്ഷണത്തിലൂടെ സിനിമയിലുടനീളം അവതരിപ്പിക്കുന്നതും ‘ദ തിൻ റെഡ് ലൈനി’ന്റെ പ്രത്യേകതയാണ്. ചിത്രത്തിന് ഏഴ് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു.