എംസോൺ റിലീസ് – 3291
ഏലിയൻ ഫെസ്റ്റ് – 21
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chris McKay |
പരിഭാഷ | ജിതിൻ ജേക്കബ് കോശി & വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ |
ഖത്തറിലെ കത്തുന്ന വേനലില്‍ 2022 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍. അലറിവിളിക്കുന്ന ഗ്യാലറിയുടെ അകമ്പടിയോടെ ബ്രസീൽ സ്ട്രൈക്കർ പന്തുമായി എതിർ ഗോൾമുഖത്തേക്ക് പാഞ്ഞടുക്കുന്നു. പെട്ടെന്നാണ് ആകാശം പിളര്‍ന്ന് കുറെ പട്ടാളക്കാർ മാനത്തുനിന്ന് ഗ്രൗണ്ടിലേക്ക് നടന്നിറങ്ങിയത്. ലോകമാകെ സ്തംഭിച്ചുപോയി.
2051-ൽ നിന്നും വന്ന സമയയാത്രികരായിരുന്നു അവർ. നാളത്തെ യുദ്ധത്തെ കുറിച്ചുള്ള അടിയന്തരസന്ദേശം നൽകാൻ എത്തിയവർ. മുപ്പത് വർഷം കഴിയുമ്പോൾ വൈറ്റ്സ്പൈക്ക്സ് എന്ന അന്യഗ്രഹജീവിവർഗ്ഗം ഭൂമി ആക്രമിക്കുമെന്നും, ആ ആഗോളയുദ്ധത്തിൽ മനുഷ്യകുലം വംശനാശത്തിലേക്ക് അടുക്കാറായെന്നും അവർ വെളിപ്പെടുത്തുന്നു. ജനസംഖ്യ നന്നേ കുറഞ്ഞയാ ഘട്ടത്തില്‍ തങ്ങളുടെ പൂർവ്വികരോട് ഭാവിയിലെ യുദ്ധത്തിലേക്ക് ടൈംട്രാവൽ ചെയ്ത് തങ്ങളോടൊപ്പം പോരാടണമെന്നാണ് അവരുടെ അഭ്യർത്ഥന. ക്യാമറാക്കണ്ണുകളിലൂടെ മുഴുവന്‍ ലോകത്തോടും അവർ യാചിച്ചു.
അങ്ങനെ ലോകരാഷ്ട്രങ്ങൾ, അന്യഗ്രഹജീവികളുമായി യുദ്ധം ചെയ്യുന്നതിന് ഇവിടെയുള്ള പട്ടാളക്കാർക്ക് പുറമേ സാധാരണക്കാരെയും ആഴ്ച തോറും ഭാവിയിലേക്ക് അയച്ചു. പക്ഷേ ഭൂരിഭാഗവും അവിടെ വച്ച് കൊല്ലപ്പെട്ടപ്പോൾ ഈ നിർബന്ധിത റിക്രൂട്ട്മെന്റ് ഏവർക്കും പേടിസ്വപ്നമായി. അപ്പോഴാണ് ഡാൻ എന്ന ഹൈസ്ക്കൂള്‍ അധ്യാപകന് ഭാവിയുദ്ധത്തിൽ പങ്കെടുക്കാനുള്ള ഉത്തരവ് കിട്ടുന്നത്. അങ്ങനെ ഗത്യന്തരമില്ലാതെ 2051-ൽ ചെല്ലുന്ന ഡാനിന്റെ അതിജീവനത്തിനായുള്ള പോരാട്ടവും മനുഷ്യരാശിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുമാണ് പിന്നീടങ്ങോട്ട് ചിത്രത്തിൽ. ആക്ഷൻ കൊണ്ടും ത്രില്ലിങ് സന്ദർഭങ്ങൾ കൊണ്ടും സമ്പന്നമായ ഒരു പോപ്പ്കോൺ ചിത്രം.