എംസോൺ റിലീസ് – 521
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Cameron |
പരിഭാഷ | എല്വിന് ജോണ് പോള് |
ജോണർ | ഡ്രാമ, റൊമാൻസ് |
ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹചിത്രസംയോജനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കെൽഡിഷ് എന്ന പര്യവേക്ഷണ കപ്പൽ ഉപയോഗിച്ച് 1912-ൽ മുങ്ങിയ ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ഡയമണ്ട് നെക്ലേസ് തപ്പുവാണ് ബ്രോക്ക് ലവറ്റ് എന്ന നിധിവേട്ടക്കാരൻ. ബ്രോക്കിന് മാല കിട്ടുന്നില്ലെങ്കിലും, മാല ധരിച്ച ഒരു യുവതിയുടെ പെൻസിൽ സ്കെച്ച് കപ്പലിൻ്റെ അവശിഷ്ടങ്ങളിൽ നിന്നും കിട്ടുന്നു. ഈ ചിത്രം പര്യവേക്ഷണത്തെക്കുറിച്ചുള്ള ടിവിയിലെ വാർത്തയിൽ കണ്ട റോസ് കാൽവെർട്ട് എന്ന 100 വയസ്സുള്ള സ്ത്രീ ചിത്രത്തിലെ യുവതി താനാണെന്നും പറഞ്ഞ് ബ്രോക്കിനെ വിളിക്കുന്നു. ഡയമണ്ടിന് എന്തുപറ്റിയെന്ന് അറിയാൻ വേണ്ടി അവരുടെ കഥ കേൾക്കാൻ ബ്രോക്കും സംഘവും റോസിനെയും കൊച്ചുമകളെയും തങ്ങളുടെ കപ്പലിലേക്ക് ക്ഷണിക്കുന്നു. അവിടെ വെച്ച് റോസ് താൻ ചെറുപ്പമായിരുന്നപ്പോൾ ടൈറ്റാനിക്കിൽ നടത്തിയ യാത്രയെക്കുറിച്ചും, ആ യാത്രക്കിടെ പരിചയപ്പെട്ട ആളുകളെക്കുറിച്ചുമുള്ള (പ്രത്യേകിച്ച് ജാക്ക് ഡോസൺ എന്ന ഒരു യുവാവിനെക്കുറിച്ചുള്ള) ഓർമ്മകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
1959-ൽ ബെൻ-ഹർ പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ടൈറ്റാനിക്'(11 ഓസ്കാർ). 1950 ൽ പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവ്, 2016 ൽ പുറത്തിറങ്ങിയ ലാ ലാ ലാൻഡ് എന്നീ ചിത്രങ്ങളുമായി ഏറ്റവും കൂടുതൽ ഓസ്കാർ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രം എന്ന റെക്കോർഡും ടൈറ്റാനിക് പങ്കിടുന്നു. മൂന്ന് ചിത്രങ്ങൾക്കും 14 വീതം നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. റിലീസ് ചെയ്ത സമയത്ത് ലോക ബോക്സ് ഓഫീസ് ചരിത്രത്തിൽ ആദ്യമായി 100 കോടി ഡോളർ കളക്ഷൻ നേടിയ ചിത്രം നിലവിൽ റീ-റിലീസ് കളക്ഷനുകൾ കൂടി കൂട്ടുമ്പോൾ ഏകദേശം 225 കോടി ഡോളർ കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.