Goodbye Children
ഗുഡ്‌ബൈ ചിൽഡ്രൻ (1987)
എംസോൺ റിലീസ് – 1133
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Louis Malle |
പരിഭാഷ: | അഖില പ്രേമചന്ദ്രൻ, സിനിഫൈൽ |
ജോണർ: | ഡ്രാമ, വാർ |
സംവിധായകന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു ബാല്യകാലാനുഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഗുഡ്‌ബൈ, ചിൽഡ്രൻ (Au Revoir Les Enfants).
നാസി ജർമനിയുടെ അധീനതയിലായിരുന്ന ഫ്രാൻസിലെ ഒരു പ്രവിശ്യയിലുള്ള കാത്തലിക് ബോർഡിങ് സ്കൂളിൽ, ഭരണകൂടം അറിയാതെ രഹസ്യമായി താമസിച്ചു പഠിച്ചിരുന്ന ജൂതരായ കുട്ടികളും ഉണ്ടായിരുന്നു. നാസി പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ വംശീയ വിദ്വേഷമായിരുന്നു. കൗമാരത്തിലേക്ക് കാലൂന്നിത്തുടങ്ങുന്ന മിടുക്കനായ കുട്ടിയാണ് ജൂലിയൻ. അവന്റെ ചേട്ടനും സ്കൂളിൽ സീനിയർ വിദ്യാർത്ഥി ആയി പഠിക്കുന്നുണ്ട്. വെക്കേഷന് ശേഷം സ്കൂൾ തുറന്നപ്പോൾ തന്റെ ക്ലാസ്സിൽ പുതുതായി വന്ന മിടുക്കനായ വിദ്യാർത്ഥി ഷോൺ ബൊനെയോട് ജൂലിയന് ആദ്യം ഒട്ടും ഇഷ്ടമല്ലായിരുന്നു. ക്രമേണ അവർ തമ്മിലുള്ള ഉൾപ്പോര് സൗഹൃദത്തിന് വഴിമാറുന്നു. സ്കൂളിൽ നിന്നും സാധനങ്ങൾ അനധികൃതമായി കടത്തി കരിഞ്ചന്തയിൽ വിറ്റതിന് കുശിനിജോലിക്കാരനായ ജോസഫിനെ പിരിച്ചു വിടുന്നു. അതിനു ശേഷം, ഒളിച്ചുകഴിയുന്ന ജൂതരെത്തേടി ഗെസ്റ്റപ്പോ (നാസി രഹസ്യപൊലീസ്) സ്കൂളിൽ പരിശോധനക്കെത്തുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശ ഫ്രാൻസിലെ സ്ഥിതിഗതികൾ ഒരു കൊച്ചുബാലന്റെ കണ്ണുകളിലൂടെയാണ് കാണുന്നതെങ്കിലും സഹജീവിസ്നേഹത്തിന്റെ മധുരവും, വംശീയമായ വെറുപ്പിന്റെ കയ്പ്പും ആ കാഴ്ചകളിൽ നേരിൽ അനുഭവപ്പെടും വിധം ലളിതമാണ് ഈ ചിത്രം.