Night and Fog
നൈറ്റ് ആന്‍ഡ്‌ ഫോഗ് (1955)

എംസോൺ റിലീസ് – 24

1955 ലാണ് അലന്‍ റെനെയുടെ നൈറ്റ് ആന്‍ഡ്‌ ഫോഗ് പുറത്തിറങ്ങുന്നത് . ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും ‘പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു.

‘കാവ്യാത്മകമായ മുഖപ്രസംഗം’ എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങല്‍ക്കൊണ്ട് റെനെ ഇളക്കി മറിക്കുന്നത്‌. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ നിര്‍മ്മാണത്തില്‍ തുടങ്ങി അവ മരണത്തിന്റെ ഫാക്ടറികള്‍ ആകുന്നതു വരെയുള്ള വളര്‍ച്ച പടിപടിയായി വിവരിക്കപ്പെടുമ്പോള്‍ , മനുഷ്യന് സാധ്യമാകുന്ന ക്രൂരതകളുടെ വിഷപ്പാടുകള്‍ കണ്ടു നടുങ്ങാതിരിക്കാന്‍ മനസ്സുള്ളവര്‍ക്ക് കഴിയില്ല. ഒരു തരത്തിലും സംഗ്രഹിക്കാന്‍ കഴിയാത്ത നിസ്സഹായതയുടെ മിടിപ്പുകളാണ് നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ അവസാന ദൃശ്യം വരെ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക. ഇത്തരമൊരു ചിത്രം നിര്‍മ്മിക്കുന്നതിന് താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ റെനെ ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. ഓഷ് വിറ്റ്സിലെ തടങ്കല്‍ പാളയങ്ങളില്‍ ചിത്രീകരിക്കുന്നതിനുള്ള അനുവാദം നിരന്തരം നിരസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്ര നിര്‍മ്മാണ സഭയുടെ പ്രത്യേകമായ ഉത്തരവുണ്ടായിട്ടും വളരെക്കുറച്ചു സമയം മാത്രമാണ് ചിത്രീകരണത്തിനു അനുവദിച്ചത്. ചിത്രത്തിന്റെ പലഭാഗങ്ങളും മുറിച്ചുമാറ്റുന്നതിനു ഭരണാധികാരികളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. എങ്കിലും ലോകമനസ്സാക്ഷിയെ ഉണര്‍ത്താന്‍ ഇത്തരമൊരു ചിത്രം കൂടിയേ കഴിയൂ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു.

ചരിത്രത്തോട് റെനെക്കുള്ള അഗാധമായ താത്പര്യത്തിന്റെ പ്രതിഫലനം തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയും സാക്ഷ്യപ്പെടുത്തുന്നത്, ‘ഹിരോഷിമാ മോണ്‍ അമാര്‍ ‘. നാസി തടങ്കല്‍പാളയത്തില്‍ നിന്നും രക്ഷപ്പെട്ട കവിയും നോവലിസ്റ്റുമായ ജീന്‍ കേറോള്‍ ആണ് നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ രചന നിര്‍വഹിച്ചത്. ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരു തടവുകാരനാണ് ചിത്രത്തിന്റെ നരേഷന്‍ നിര്‍വഹിച്ച മൈക്കല്‍ ബൌക്കറ്റ്.