എം-സോണ്‍ റിലീസ് – 2637
ഭാഷ | ഹീബ്രു |
സംവിധാനം | Oded Ruskin |
പരിഭാഷ | മുജ്തബ, ഷെഫിൻ, ബോണിഫസ് യേശുദാസ്. ഋഷികേശ് വേണു, നിഷ, ഫാസിൽ മാരായമംഗലം, ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ, ത്രില്ലർ |
മോസ്കോ ഹോട്ടലിൽ നിന്നും ഇറാനിയൻ പ്രതിരോധമന്ത്രിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു!!
സംഘത്തിലുണ്ടായിരുന്നവരുടെ ചിത്രങ്ങൾ റഷ്യ പുറത്തുവിട്ടു!!!
ഈ ന്യൂസ് സ്ക്രോളുകൾ കണ്ടുകൊണ്ടാണ് അന്ന് ഇസ്രായേലി ജനത ഉറക്കമെണീറ്റത്. ഇറാനിയൻ മന്ത്രിയുടെ തിരോധാനത്തിന് പിന്നിൽ അഞ്ച് ഇസ്രായേലി പൗരന്മാരാണെന്ന വാദത്തിൽ റഷ്യ ഉറച്ചുനിൽക്കുകയാണ്. ഇതൊന്നുമറിയാതെ രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയ ബെന്നിയോട് മകൾ ഓടിവന്ന് പറയുകയാണ്, “പപ്പാ, പപ്പയുടെ ഫോട്ടോ ടിവിയിൽ കാണിക്കുന്നു. പപ്പയെ ടിവി യിൽ കാണാൻ എന്ത് സുന്ദരനാ!” ബെന്നി ഞെട്ടിപ്പോയി. തന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല. ഇതൊക്കെയെന്താണ് ഇവിടെ സംഭവിക്കുന്നത്!
നതാലി അൽഫാസിയ ഇക്കാര്യമറിയുന്നത് ഒരു കല്യാണത്തിനിടയിലായിരുന്നു. സ്വന്തം കല്യാണത്തിനിടയിൽ! ആസിയ ബ്രിണ്ടിച്ചിന്റെയും എമ്മാ ലിപ്മന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. “നമ്മൾ പോലുമറിയാതെ നമ്മൾ അധോലോകമായി മാറി” എന്ന പ്രശസ്ത ഡയലോഗായിരിക്കും അവരുടെ അവസ്ഥ കാണുമ്പോൾ ഓരോരുത്തരുടെയും മനസ്സിൽ മിന്നിമറയുന്നത്. പക്ഷേ അവർക്ക് അതിൽ നിന്നും രക്ഷപ്പെടണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇതൊക്കെ ചെയ്തത് അവരല്ല എന്ന് അവരെങ്ങനെ സ്ഥാപിച്ചെടുക്കും? അതും സാഹചര്യതെളിവുകൾ അവർക്ക് എതിരായി നിൽക്കുമ്പോൾ!