Chakravyuh
ചക്രവ്യൂഹ് (2012)

എംസോൺ റിലീസ് – 1033

IMDb

6.8/10

Movie

N/A

പ്രകാശ് ഝായുടെ മുന്‍ റിലീസുകളായ രാജ്നീതി (2010), സത്യാഗ്രഹ (2011) തുടങ്ങിയ സിനിമകള്‍ നല്‍കിയ അതേ തുടര്‍ച്ച തന്നെയാണ് ചക്രവ്യൂഹ (2012). അഴിമതി, കുത്തഴിഞ്ഞ ഭരണ വ്യവസ്ഥ, പോലീസ് രാജ് തുടങ്ങിയവയെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായ മാവോയിസ്റ്റ്‍-നക്സലൈറ്റ് പ്രവര്‍ത്തനങ്ങളിലൂടെ വരച്ച് കാട്ടുന്ന ഈ സിനിമ നക്സലിസത്തിനെ സപ്പോര്‍ട്ട് ചെയ്യുന്ന സിനിമയാണ് എന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിട്ടുണ്ട്. അംബാനി,ടാറ്റ, ബിര്‍ള തുടങ്ങിയ കമ്പനികളെ അപഹസിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്ക്രീനില്‍ മുന്നറിയിപ്പ് വരെ എഴുതിച്ചേര്‍ക്കേണ്ടി വന്നു. 2004 മുതല്‍ ബീഹാറില്‍ ലോക്സഭാ ഇലകഷനില്‍ മള്‍സരിക്കുന്ന പ്രകാശ് ഝായ്ക്ക് 2014 ലെ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നതും ഈ ‘അര്‍ബന്‍ മാവോയിസ്റ്റ്’ തത്വങ്ങള്‍ മൂലമായിരുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍-ത്രില്ലര്‍ രംഗങ്ങള്‍ക്കിടയിലും വളരെ മനോഹരമായി പറഞ്ഞ ഒരു സോഷ്യോ-പൊളിറ്റിക്കല്‍ പടമാണ് ചക്രവ്യൂഹ. നന്ദിഘട്ടിലെ മാവോയിസ്റ്റ് ആക്രമണങ്ങളെ അമര്‍ച്ച ചെയ്യാന്‍ ബീഹാര്‍ സംസ്ഥാനം നിയമിക്കുന്ന എസ്.പി ആദില്‍ ഖാന്‍, ഇന്‍റലിജന്സ് ഉദ്യോഗസ്ഥയും പോലീസുമായ ഭാര്യ റിയ, അവരുടെ കോമണ്‍ സുഹൃത്ത് കബീര്‍ എന്നിവരുടെ സൌഹൃദം, ഏറ്റവും അപകടകരമായ ഒരു ദൌത്യത്തിലേക്ക് നയിക്കുന്നു. കബീറിനെ ചാരനായി മാവോയിസ്റ്റുകളുടെ അടുത്തേക്ക് അയക്കുന്ന ആദിലിനു തെറ്റ് പറ്റുന്നു. ആദിവാസികളുടെ ശോചനീയാവസ്ഥയും, ഭരണകൂടത്തിന്‍റെ കരാള രീതികളും ജൂഹിയോടുള്ള പ്രണയവും കബീറിനെ മാവോയിസ്റ്റ് ആക്കി മാറ്റുന്നു.

മാവോയിസം, അര്‍ബന്‍ മാവോയിസം, ഭരണകൂട ഭീകരത, സല്‍വാ ജുദൂം പോലുള്ള ഭീകരതകള്‍ തുടങ്ങിയവയെ വരച്ചു കാണിക്കുന്ന ഈ സിനിമ ബീഹാറിന്‍റെ വികസനത്തില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ പ്രകാശ് ഝായുടെ തന്നെ ചില അനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടതാണ്.