എം-സോണ് റിലീസ് – 2149
ഭാഷ | ഹിന്ദി |
സംവിധാനം | Raj Kumar Gupta |
പരിഭാഷ | അജിത്ത് വേലായുധൻ, രജിൽ എൻ ആർ കാഞ്ഞങ്ങാട് |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
1980 കളിൽ യു.പിയിൽ നടന്ന, ഇൻഡ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഒരു ആദായ നികുതി റെയ്ഡിന്റെ കഥ.
നാൽപ്പത്തി ഒൻപതാമത്തെ ട്രാൻസ്ഫർ കിട്ടി അമയ് പട്നായിക് (അജയ് ദേവ്ഗൺ) എത്തിയത് ലക്നൗവിലേക്കാണ്. ഒരു അജ്ഞാത ഫോൺ സന്ദേശത്തിന്റെ ചുവട് പിടിച്ച് എം.പിയായ രമേശ്വർ സിങ്ങിന്റെ വീട്ടിൽ കള്ളപ്പണ വേട്ടയ്ക്കിറങ്ങുകയാണ് അമയ് പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഇൻകം ടാക്സ് സംഘം. അവിടെ ഉണ്ടാകുന്ന നാടകീയമായ സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു.
ഏറെ സ്വാധീനമുള്ള ഒരു രാഷ്ട്രീയക്കാരന്റെ വീട്ടിൽ റെയ്ഡ് നടത്താൻ കാണിക്കുന്ന; സങ്കോചം ഒട്ടുമില്ലാത്ത ധീരനായ ഇൻകം ടാക്സ് ഓഫീസറുടെ റോൾ അജയ് ദേവ്ഗണിന്റെ അഭിനയ ജീവിതത്തിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തുന്നു.
താവൂജിയെന്ന രാഷ്ട്രീയക്കാരന്റെ റോൾ അതി ഗംഭീരമായി ചെയ്ത സൗരഭ് ശുക്ല,
ഉത്തർ പ്രദേശിലെ പ്രത്യേക ചുവയുള്ള ഹിന്ദിയെ അതേ പോലെ പറിച്ച് നട്ട് മാസ്മരിക പ്രകടനം കാഴ്ച വെച്ച ലല്ലൻ സുധീർ എന്ന അമിത് സിയാൽ.
ഏവരേയും പിടിച്ചിരുത്തുന്ന തീപ്പൊരി ചിതറുന്ന സംഭാഷണ ശകലങ്ങൾ,
ഇമ്പമാർന്ന പാശ്ചാത്തല സംഗീതവും ഗാനങ്ങളും പിന്നെ
ശക്തമായ തിരക്കഥയും കൂടിയാവുമ്പൊ ഊണ് കഴിഞ്ഞ് രസവും കുടിച്ച് ഏമ്പക്കം വിട്ട പ്രതീതിയാണ് ഈ സിനിമ
നൽകുന്നത്.
രണ്ട് മണിക്കൂറിൽ താഴെയുള്ള അവസാനം നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന മികച്ച ഒരു ത്രില്ലർ സംവിധായകൻ രാജ് കുമാർ ഗുപ്ത മികവാർന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
യഥാർത്ഥത്തിൽ 1980 കളിൽ യു.പി യിൽ നടന്ന റെയ്ഡിനെ ആസ്പദമാക്കി നിർമ്മിച്ച സിനിമ അന്നത്തെക്കാലത്ത് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നേരിടേണ്ടി വന്ന വെല്ലു വിളികളുടെ നേർപ്പതിപ്പാണ്.
അക്കാലത്ത് പോലീസ് സ്റ്റേഷനുകളിൽ കുമിഞ്ഞ് കൂടിയ ആദായ നികുതി വകുപ്പുദ്യോഗസ്ഥരുടെ പരാതികളുടെ എഫ്.ഐ.ആറുകൾ, അവർ നേരിടേണ്ടി വന്ന ആക്രമണങ്ങളുടെ നേർ ചിത്രം വരച്ചു കാട്ടുന്നു.