എം-സോണ്‍ റിലീസ് – 2538
ഭാഷ | കൊറിയന്‍ | |
സംവിധാനം | Sang-Jin Kim | |
പരിഭാഷ | തൗഫീക്ക് എ | |
ജോണർ | ആക്ഷൻ, കോമഡി |
വിജയിച്ച ഒരു സിനിമയുടെ ഒന്നാം ഭാഗത്തിന്റെ തുടർച്ച എടുക്കുമ്പോൾ അതിൻ്റെ സംവിധായകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഒന്നാം ഭാഗത്തിനോട് നീതി പുലർത്തുക എന്നത്. അങ്ങനെ ചെയ്തതിൽ വളരെ ചുരുക്കം ചിലത് മാത്രമാണ് ഒന്നാം ഭാഗത്തിൻ്റെ കുറവുകൾ എല്ലാം നികത്തി അതിനേക്കാൾ മികച്ച ഒരു സിനിമ സമ്മാനിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഒരു കോമഡി ആക്ഷൻ മൂവിയാണ് 2010’ൽ പുറത്തിറങ്ങിയ അറ്റാക്ക് ദി ഗ്യാസ് സ്റ്റേഷൻ 2. ഒന്നാം പാർട്ട് ആയ അറ്റാക്ക് ദി ഗ്യാസ് സ്റ്റേഷനേക്കാൾ(റിലീസ് നമ്പർ 2233) ഒരു പടി മുകളിലാണ് ഈ സിനിമ, അത് കോമഡിയുടെ കാര്യത്തിലും, ബാക്കി എല്ലാത്തിൻ്റെയും കാര്യത്തിലും.
മുതലാളി ഇപ്പോ പഴയ മുതലാളിയല്ല. അൽപ്പം ബുദ്ധിയൊക്കെ വെച്ചു. ഗ്യാസ് സ്റ്റേഷൻ നിരന്തം മോഷ്ടിക്കാൻ ആളുകൾ ക്യു നിൽക്കുന്നതോടെ അത് തടയാൻ പുതിയൊരു വഴി തേടി പുള്ളിക്കാരൻ. മാർഷ്യൽ ആർട്സിൽ അഗ്രകണ്യരായ പണിക്കാരെ ജോലിക്ക് നിർത്തുക. ആ സാഹചര്യത്തിൽ തന്നെയാണ് പുതിയൊരു നാൽവർ സംഘം അടുത്ത മോഷണത്തിന് പ്ലാൻ ചെയ്യുന്നത്. ഒന്നാം ഭാഗത്തിലെ പ്ലോട്ട് തന്നെയാണെങ്കിലും പഴയ കഥാപാത്രങ്ങൾ മാറി, പുതിയ അനവധി കഥാപാത്രങ്ങൾ ഇതിൽ കടന്നുവരുന്നു.
ആദ്യഭാഗത്തിൽ കഥയെ കോമഡിക്കായി പറ്റുന്നത്ര ഉപയോഗിക്കാൻ സാധിക്കാതിരുന്നതിന്റെ വിഷമം രണ്ടാം ഭാഗത്തിൽ തീർത്തിട്ടുണ്ട്. അത്ര നർമ്മങ്ങൾ നിറഞ്ഞ അവതരണമാണ് ഇത്തവണ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. ജോലിക്ക് നിൽക്കുന്നവരും മോഷ്ടിക്കാൻ വരുന്നവരും ചുമ്മാ വന്നുപോവുന്നവർ വരെ വൺലൈനറിലൂടെ ചിരിപ്പിക്കുന്നുണ്ട്. ഇരുന്നൂറോളം കലാകാരന്മാരെയും അമ്പതോളം ബൈക്ക് സ്റ്റണ്ട് ആർട്ടിസ്റ്റുകളെയും അണി നിരത്തി അര മണിക്കൂറോളം നീളുന്ന ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്, ഒപ്പം ഇടക്കിടെ ഉള്ള നല്ല രസികൻ ആക്ഷൻ രംഗങ്ങളും അടിപൊളി കോമഡി രംഗങ്ങളും കൂടിയാവുമ്പോൾ ഫൺ ഗ്യാരന്റി. 2010 ലെ കൊറിയൻ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് കൂടിയാണ് അറ്റാക്ക് ദ ഗ്യാസ് സ്റ്റേഷൻ 2.