എംസോൺ റിലീസ് – 3099
ഭാഷ | കൊറിയൻ |
സംവിധാനം | Hirokazu Koreeda |
പരിഭാഷ | ജീ ചാങ് വൂക്ക്, മുബാറക് ടി എൻ, സജിൻ എം എസ് |
ജോണർ | ഡ്രാമ |
ഷോപ്പ്ലിഫ്റ്റേഴ്‌സ് (2018), അവർ ലിറ്റിൽ സിസ്റ്റർ (2015) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജാപ്പനീസ് സംവിധായകൻ Hirokazu Koreeda സംവിധാനം ചെയ്ത കൊറിയൻ ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ ബ്രോക്കർ.
വളർത്താൻ താൽപ്പര്യമില്ലാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെടുന്ന Baby Box എന്ന സംവിധാനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. പള്ളിയുടെ കീഴിലുള്ള ഇത്തരമൊരു Baby Box ലെ ജീവനക്കാരനായ ദോങ്-സുവും, അയാളുടെ സുഹൃത്തായ സങ്-ഹ്യൂണും ചേർന്ന്, ഇവിടെ നിന്നും ലഭിക്കുന്ന കുഞ്ഞുങ്ങളെ നിയമവിരുദ്ധമായി വിൽക്കുന്നു. ഒരു രാത്രി അവിടേക്കൊരു യുവതി കടന്നു വരികയും, തന്റെ കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് ഈ കുഞ്ഞിനെ വിൽക്കാൻ ദോങ്-സുവും, സങ്-ഹ്യൂണും ശ്രമിക്കുന്നു. പക്ഷേ, തൻ്റെ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട്, അവന്റെ അമ്മ വീണ്ടും അവർക്കിടയിലേക്ക് വരുന്നു. ഇതിനിടയിൽ, നിയമവിരുദ്ധമായി നടക്കുന്ന ഈ പ്രവൃത്തിയെ നിരീക്ഷിച്ച്, രണ്ട് വനിതാ ഡിറ്റക്ടിവുകൾ ഇവരുടെ പിന്നാലെ കൂടുന്നു.
ഒരു റോഡ് മൂവി എന്ന നിലയിലാണ് സംവിധായകൻ ഈ ചിത്രത്തെ ഒരുക്കിയിട്ടുള്ളത് എങ്കിലും, അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ പോലെതന്നെ ഒരു കുടുംബ ചിത്രമാണ് ഇതും. പക്ഷേ അതിനപ്പുറത്തേക്ക്, സ്നേഹം, ശുഭാപ്തി വിശ്വാസം, ഒത്തുചേരലിന്റെ ആവശ്യകത എന്നീ ഘടകങ്ങളും അദ്ദേഹം പരിശോധിക്കുന്നുണ്ട്.
2022 ലെ കാൻസ് ചലച്ചിത്ര മേളയിൽ, മികച്ച നടനുള്ള പുരസ്കാരം നേടിയ Song Kang-Ho-ന്റെ പ്രകടനവും, സമൂഹത്തിലെ വിഭിന്ന തലങ്ങളിൽ ജീവിക്കുന്ന 5 കഥാപാത്രങ്ങളെ സൂക്ഷ്മമായി വരച്ചു കാട്ടിയ തിരക്കഥയും, മാതൃത്വം എന്ന ആശയത്തെ വ്യത്യസ്തമായി സമീപിച്ച രീതിയും ഈ ചിത്രത്തെ മികച്ചൊരു സിനിമയായി മാറ്റുന്നുണ്ട്. Koreeda എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നത് ലളിതമായ ഒരു തത്വമാണ്– പരസ്പരമുള്ള സഹായങ്ങളും, സഹാനുഭൂതിയുമാണ്, ഒരുവനെ മനുഷ്യനാക്കി മാറ്റുന്നതെന്ന്.