എംസോൺ റിലീസ് – 2674
ഭാഷ | കൊറിയൻ |
സംവിധാനം | Hee-chan Ra |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ആക്ഷൻ, കോമഡി |
ദി ഓഡ്ഡ് ഫാമിലി: സോംബി ഓൺ സെയിൽ (2019), വെൽകം ടു ഡോങ്മക്ഗോൾ (2005), കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജുങ് ജേ യോങിനെ നായകനാക്കി 2007 ൽ കൊറിയയിൽ പുറത്തിറങ്ങിയ കൊറിയയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ സിനിമയാണ് “ഗോയിങ് ബൈ ദ ബുക്ക്“. സിനിമയുടെ ജേണർ പറയുകയാണെങ്കിൽ ഒരു ഹൈസ്റ്റ്, കോമഡി, ഫീൽ ഗുഡ് ത്രില്ലർ എന്നു പറയേണ്ടി വരും. ഏതൊരു പ്രേക്ഷകനെയും പൊട്ടിച്ചിരിപ്പിച്ച് മുൾമുനയിൽ നിർത്തും വിധമുള്ള ഒരു ബാങ്ക് മോഷണത്തിന്റെ കഥയാണ് ഗോയിങ് ബൈ ദ ബുക്ക് പറയുന്നത്.
ജുങ് ദോ മാൻ വളരെ ബുദ്ധിമാനും തന്ത്രശാലിയും കർക്കശക്കാരനുമായ ഒരു ട്രാഫിക് പോലീസാണ്. അങ്ങനെയിരിക്കെ പുതിയതായി വന്ന ചീഫ് സൂപ്രണ്ടിന്, ദോ മാൻ സിഗ്നൽ തെറ്റിച്ചതിന് ഫൈൻ അടിച്ചു നൽകുന്നു. അവിടെ നിന്നാണ് കഥ തുടങ്ങുന്നതും ദോ മാന്റെ ജീവിതം തലകീഴായി മറിയുന്നതും. സാം പോ നഗരത്തിൽ ബാങ്ക് മോഷണങ്ങൾ തുടർക്കഥയാവുന്നതോടെ പോലീസിന് നേരെ വിമർശനങ്ങൾ ഏറുന്നു. ഇതോടെ പോലീസുകാർക്ക് ട്രെയിനിംഗ് കൊടുക്കാൻ ഒരു പ്ലാൻ പ്രകാരമല്ലാതെയുള്ള മോക്ഡ്രിൽ നടത്താൻ തീരുമാനിക്കുന്നു. എന്നാൽ മോഷ്ടാവായി അഭിനയിക്കാൻ ചീഫ് തിരഞ്ഞെടുത്തത് ദോ മാനെയും. അങ്ങനെ ട്രെയിനിംഗ് ദിവസമെത്തി. കാര്യങ്ങൾ എളുപ്പമാകുമെന്ന് കരുതിയ ചീഫിന് എട്ടിന്റെ പണി നൽകി “ട്രെയിനിംഗ് കള്ളൻ” വേഷം അഭിനയിക്കാൻ വന്ന ദോ മാൻ യഥാർത്ഥ മോഷ്ടാവായി മാറുന്നു. ഇതോടെ കാര്യങ്ങളാകെ തകിടം മറിയുന്നു. ബാങ്കിനുള്ളിൽ ജീവനക്കാരെയും ഉപഭോക്താക്കളെയും ബന്ദിയാക്കിയ ദോ മാൻ തന്റെ ദേഷ്യവും വാശിയും വീട്ടാൻ അവസരം മുതലാക്കുന്നു. എന്തായിരിക്കും ദോ മാൻ യഥാർത്ഥ മോഷ്ടാവായി മാറാൻ കാരണം? ദോ മാനെ പിടിക്കാൻ ചീഫിന് ആകുമോ? അങ്ങനെ പോലീസും ഒരേ ഒരു “പോലീസ് കള്ളനും” കൂടിയുള്ള മൈൻഡ് ഗെയിമാണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്.
ഒരു ഹൈസ്റ്റ് മൂവിയാണെങ്കിലും ഓരോ നിമിഷവും കൊണ്ടു വരുന്ന അപ്രതീക്ഷിത ട്വിസ്റ്റുകളും പോലീസിനെ കബളിപ്പിക്കാൻ നായകൻ പുറത്തെടുക്കുന്ന വിദ്യകളും പ്രേക്ഷകനെ ചിരിപ്പിച്ചു കൊണ്ട് മുൾമുനയിൽ നിർത്തും. പച്ചപ്പും ഹരിതാഭവും പ്രണയവും സൗഹൃദവും പശ്ചാത്തലമാക്കാതെ ഒരു ത്രില്ലിംഗ് മോഷണം എങ്ങനെ ഫീൽ ഗുഡ് ആക്കി പ്രേക്ഷകന്റെ മുഖത്ത് ചിരി വിടർത്താമെന്ന് സിനിമ കാണിച്ചു തരുന്നു. കൊറിയൻ സിനിമാ പ്രേമികൾ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഈ സിനിമ, കൊറിയയിലെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നും, മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ വരുന്നതുമാണ്.