എംസോൺ റിലീസ് – 2866
ഭാഷ | കൊറിയൻ |
സംവിധാനം | Jang-Hoon Lee |
പരിഭാഷ | ഹബീബ് ഏന്തയാർ & ഗോകുൽ എസ് എൻ ചെറുവല്ലൂർ |
ജോണർ | ഡ്രാമ |
കൊറിയൻ സിനിമാപ്രേമികളുടെ മനം കവർന്ന ‘ബീ വിത്ത് യൂ‘ വിന്റെ സംവിധായകനായ ലീ ജാങ് ഹൂണിന്റെ സംവിധാനത്തിലൊരുങ്ങി 2021ൽ പുറത്തിറങ്ങിയ ഫീൽഗുഡ്, റൊമാന്റിക്, ഡ്രാമ ചിത്രമാണ് ‘മിറക്കിൾ: ലെറ്റേഴ്സ് ടു ദി പ്രസിഡന്റ്’
ഗതാഗത സൗകര്യങ്ങൾ അത്യന്തം പരിതാപകരമായ ഒരു ഗ്രാമമാണ് ബുഞ്ചോൺ-രി. യാത്ര ചെയ്യാനായി അവിടുത്തെ ഗ്രാമവാസികളുടെ ഏക ആശ്രയം തീവണ്ടി മാത്രമാണ്. അതും സ്വന്തം ഗ്രാമത്തിൽ സ്റ്റേഷൻ ഇല്ലാത്തതിനാൽ റെയിൽവേ പാളത്തിലൂടെ കിലോമീറ്ററുകളോളം തുരങ്കങ്ങളും പാലങ്ങളും കടന്നു വേണം അയൽഗ്രാമത്തിലെ സ്റ്റേഷനിൽ എത്താൻ. പാസഞ്ചർ ട്രയിനുകളുടെ സമയം ഗ്രാമവാസികൾക്ക് അറിയാം. പക്ഷേ, സമയം തെറ്റി വരുന്ന ചരക്ക് തീവണ്ടികൾ ഒരുപാട് മനുഷ്യ ജീവനുകൾ കവർന്നിട്ടുണ്ട്. സ്റ്റേഷനില്ലാത്തതിനാൽ പാളത്തിലൂടെ നടക്കേണ്ടി വരുന്ന തന്റെ നാട്ടുകാരുടെ കഷ്ടതകൾ അവസാനിപ്പിക്കാൻ, ഒരു റെയിൽവേ വേണമെന്ന് ആവശ്യപ്പെട്ട് ജൂൻ ക്യുങ് എന്ന പയ്യൻ നിരന്തരമായി പ്രസിഡന്റിന് കത്തയക്കുന്നു. തന്റെ നാട്ടിലൊരു സ്റ്റേഷൻ കൊണ്ടുവരാനുള്ള അവന്റെ പരിശ്രമങ്ങളും ഹൈസ്‌കൂൾകാലത്തെ അവന്റെ പ്രണയവുമുൾപ്പെടെ ഒട്ടേറെ വൈകാരികനിമിഷങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്.
24 വർഷങ്ങൾക്ക് ശേഷം 2012ൽ അടച്ചുപൂട്ടിയ കൊറിയയിലെ ആദ്യത്തെ പ്രൈവറ്റ് സ്റ്റേഷനായ യാങ്‌വോണിന്റെ ഉദയത്തിന് പിന്നിലെ യഥാർത്ഥ സംഭവവും, ജൂൻ ക്യുങ് എന്ന ബാലൻ അവിടെ റെയിൽവേ സ്റ്റേഷൻ പണിയാൻ അത്രമേൽ ആഗ്രഹിച്ചിരുന്നതിന്റെ ആ സത്യവും രസകരമായ ഒരു കഥയിലൂടെ പറയുകയാണ് സംവിധായകൻ. സിനിമ അതിന്റെ പര്യവസാനത്തോട് അടുക്കുമ്പോൾ, തലക്കെട്ടിന്റെ അർത്ഥം മനസ്സിലാകുന്നതോടെ, കൊറിയൻ സിനിമ പ്രേമികൾക്ക് എന്നെന്നും മനസ്സിൽ സൂക്ഷിക്കാനുള്ള ഒരു മനോഹര ഗ്രാമ ചിത്രമായി മാറും ഈ സിനിമ.