എം-സോണ് റിലീസ് – 2490
ഭാഷ | കൊറിയൻ |
സംവിധാനം | Dae-gyu Kang |
പരിഭാഷ | പരിഭാഷ 1: തൗഫീക്ക് എ & ഹബീബ് ഏന്തയാർ പരിഭാഷ 2: ദിവിഷ് എ എൻ |
ജോണർ | കോമഡി, ഡ്രാമ, ഫാമിലി |
അച്ഛനാവാൻ രക്തബന്ധം വേണമെന്നില്ല, മകളാവാൻ സ്വന്തം ചോരയിൽ പിറക്കണമെന്നില്ല, ഈ വരികൾ ഒരു തവണ കൂടി അടിവര ഇട്ടുറപ്പിക്കുന്ന 2020ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം ആണ് പോൻ. ആക്‌സിഡൻ്റൽ ഡിറ്റക്ടീവ് (2100, 2343) ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ സങ് ഡോങ് ഇൽ; ബാ:ബോ(864), ഡിറ്റോ(2297) തുടങ്ങി ചിത്രങ്ങളിലൂടെ മനം കവർന്ന നായിക ഹാ ജീ വോൻ; പ്രശസ്ത അമേരിക്കൻ ടെലിവിഷൻ സീരീസായ ലോസ്റ്റ്(1905), മിസ് മ നെമസിസ് (2263) എന്നതിലൂടെ പ്രശസ്തയായ യൂൻജിൻ കിം; തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ കഥ 1990 കാലഘട്ടത്തിലാണ് നടക്കുന്നത്.
ഫിനാൻസിംഗ് കമ്പനിയിലെ ജോലിക്കാരാണ്, ആർമിയിൽ നിന്ന് വിരമിച്ച സർജൻ്റ് പാർക്ക് ദു സോകും അസിസ്റ്റന്റ് ആയ ജോങ് ബേയും. പലിശ പിരിക്കലാണ് രണ്ടുപേരുടെയും ജോലി, അങ്ങനെയിരിക്കെ പണം വാങ്ങി തിരിച്ചു അടക്കാത്ത അനധികൃത കുടിയേറ്റക്കാരിയായ കാങ് മ്യൂങ് ജായിൽ നിന്നും പണം പിരിക്കാൻ പോകുകയും കാശ് തരാത്തതു കൊണ്ട് പണയമുതലായി അവരുടെ മകളായ കുട്ടിയെ എടുത്തു കൊണ്ട് പോരുകയും ചെയ്യുന്നു. കുടിയേറ്റക്കാരി ആയതിനാൽ പോലീസ് പരാതിപ്പെടാൻ പോലും അവർക്കു കഴിയുന്നില്ല. എന്നാൽ അവിടുന്ന് കാര്യങ്ങൾ തകിടം മറിയുകയാണ്. ഈ കുട്ടി ഇവർ രണ്ടു പേരുടെയും ജീവിതം തന്നെ മാറ്റി മറിക്കുകയും അവിടെ ഒരു അഭേദ്യമായ ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വല്യ ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാതെ കാണുന്നവരുടെ മനസ്സ് നിറക്കുന്ന ഒരു കൊച്ചു ചിത്രമാണ് പോൻ. കൊറിയൻ ഫീൽഗുഡ് ചിത്രങ്ങളിൽ ചേർത്ത് വെക്കാവുന്ന, ഒരു ചെറു പുഞ്ചിരിയോടെയും അൽപം കണ്ണീരോടെയും കണ്ട് തീർക്കാൻ കഴിയുന്ന ഈ ചിത്രം, ബാലതാരമായി വന്ന കൊച്ചു കുട്ടിയുടെ അത്ഭുത പ്രകടനം കൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റി. 2020 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നു കൂടിയാണ് ചിത്രം.