എം-സോണ് റിലീസ് – 2533
ഭാഷ | കൊറിയൻ, ഇംഗ്ലീഷ് | |
സംവിധാനം | Yong-Joo Lee | |
പരിഭാഷ | ഹബീബ് ഏന്തയാർ, ഗോകുൽ എസ് എൻ ചെറുവല്ലൂർ, റോഷൻ ഖാലിദ്, ദേവനന്ദൻ നന്ദനം | |
ജോണർ | ആക്ഷൻ, സയൻസ് ഫിക്‌ഷൻ, ത്രില്ലർ |
മരണം ഉറക്കം പോലെയാണ്. അല്പനേരത്തേക്കുള്ള മരണം പോലെയാണ് ഉറക്കമെങ്കിലും, ഉറങ്ങാൻ നമുക്ക് പേടിയില്ല. ഒരു പുത്തൻ പുലരിയിലേക്ക് നാം വീണ്ടും ഉണരുമെന്നുള്ള ആ വിശ്വാസം ഉള്ളതുകൊണ്ടാണ് നമുക്ക് ഉറങ്ങാൻ പേടിയില്ലാത്തത്.
മരണം, ജീവിതം, അനശ്വരമായ ജീവിതം, സൗഹൃദം, ജീവിതലക്ഷ്യം, എന്നിങ്ങനെ ജീവിതത്തിലെ സുപ്രധാനമായ ഘട്ടങ്ങളെക്കുറിച്ച് വൈകാരികമായി പറഞ്ഞുപോകുന്ന രണ്ട് പേരുടെ ആത്മബന്ധത്തിന്റെ കഥയാണിത്.
ട്രെയിൻ ടു ബുസാനിലൂടെ മലയാളി കൊറിയൻ സിനിമ പ്രേമികളുടെ മനസ്സിൽ കയറിയ പ്രിയ താരം “ഗോങ് യൂ” നായക വേഷത്തിൽ എത്തിയ സൗത്ത് കൊറിയൻ സയൻസ് ഫിക്‌ഷൻ സിനിമയാണ് “സ്യൊബോക്ക്.”
ഒരു വാഹനാപകടത്തിൽ മരണപ്പെട്ട തന്റെ മകന്റെ DNA വെച്ച് അമ്മയായ ഡോക്ടറാണ് ആദ്യമായി ആ മനുഷ്യ ക്ലോണിനെ നിർമ്മിക്കുന്നത്. ക്ലോണിന് പുറകെയുള്ള അപകടങ്ങൾ മുന്നിൽ കണ്ട് അതിന്റെ സംരക്ഷണത്തിനായി
മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനായ നായകനെ നിയോഗിക്കപ്പെടുന്നു. തങ്ങളുടെ സ്വകാര്യ നേട്ടങ്ങൾക്കായി ക്ലോണിനെ പലരും കൈക്കലാക്കാൻ ശ്രമിക്കുന്നു. എന്തെല്ലാമായിരിക്കും അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ? എങ്ങനെ അവർ അതെല്ലാം അതിജീവിക്കും? ഇതിന്റെ തുടർകഥകളും സംഭവ വികസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ക്ലോണിന്റെ സംരക്ഷണ ചുമതല കിട്ടുന്ന നായകനും, ക്ലോണും തമ്മിലുണ്ടാകുന്ന അടുപ്പം സിനിമയിൽ വളരെ വികാരഭരിതമായാണ് കാണിച്ചിട്ടുള്ളത്. മരണം എന്നതുപോലെ തന്നെ ഭയാനകമാണ് ഒരിക്കലും മരിക്കാത്ത അമരത്വമെന്ന അവസ്ഥയും എന്ന് സിനിമ പറയുന്നുണ്ട്. സയൻസ് ഫിക്‌ഷൻ, ആക്ഷൻ പ്രേമികളെ ഈ സിനിമ നിരാശപ്പെടുത്തില്ലെന്ന് തീർച്ചയാണ്. Sci-fi ആണെങ്കിലും സസ്പെൻസ് ആണെങ്കിലും കൊറിയക്കാർക്ക് വികാരങ്ങൾ വിട്ടുളള കളിയില്ലെന്ന് വേറെ കാര്യം. മികച്ച രീതിയിലുള്ള സിനിമാറ്റോഗ്രാഫിയും, VFX ഉം കൈകാര്യം ചെയ്തു എന്നത് ഈ സിനിമയുടെ ഒരു നല്ല വശമായി എടുത്തുപറയാം.