എംസോൺ റിലീസ് – 3205
ക്ലാസിക് ജൂൺ 2023 – 07
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Robert Bresson |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ഡ്രാമ, ത്രില്ലർ, വാർ |
1956 ല്‍ പുറത്തിറങ്ങിയ റോബര്‍ട്ട് ബ്രസോണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ജയില്‍ ചാട്ട സിനിമയാണ് “എ മാന്‍ എസ്കേപ്പ്ഡ്” രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടവില്‍ കഴിഞ്ഞ ആന്ദ്രേ ഡെവിഗ്നെയുടെ ഓര്‍മ്മക്കുറിപ്പുകളും, ബ്രെസോണിന്റെ അനുഭവങ്ങളുമാണ് ചിത്രത്തിന് ആധാരം.
1943-ല്‍ ഫ്രഞ്ച് റെസിസ്റ്റന്‍സ് ഫൈറ്ററായ ഫോണ്‍ടെയ്ന്‍ നാസികളുടെ പിടിയിലായി ജയിലില്‍ അടയ്ക്കപ്പെടുന്നു. ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഫോണ്‍ടെയ്ന്‍ ഏതു മാര്‍ഗ്ഗമുപയോഗിച്ചും രക്ഷപ്പെടാന്‍ തീരുമാനിച്ചുറപ്പിച്ചവനാണ്. ജയിലില്‍ തനിക്ക് കിട്ടുന്ന പരിമിതമായ സാധനങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ടെയ്ന്‍ തന്റെ ജയില്‍ ചാട്ടം ആസൂത്രണം ചെയ്യുന്നു.
പില്‍ക്കാലത്ത് ഇറങ്ങിയ എല്ലാ ജയില്‍ചാട്ട സിനിമകളും ഏതെങ്കിലും ഒരു തരത്തില്‍ ബ്രസോണിന്റെ ഈ സിനിമയോട് കടപ്പെട്ടിരിക്കുന്നു. ചിത്രത്തിന് 1957-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. ലോകപ്രശസ്ത ചലച്ചിത്ര നിരൂപകനായ റോജര്‍ ഇബര്‍ട്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് : ” എ മാന്‍ എസ്കേപ്പ്ഡ് പോലൊരു ചിത്രം കാണുന്നത് സിനിമയെക്കുറിച്ച് ഒരു പാഠം പഠിക്കുന്നത് പോലെയാണ്. ഒരു സിനിമയില്‍ അനാവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഒഴിവാക്കി കൊണ്ട് അത് നമ്മളെ പഠിപ്പിക്കുന്നു. അപ്രകാരം, നമ്മള്‍ കണ്ടുശീലിച്ച മിക്ക കാര്യങ്ങളും അധികപ്പറ്റാണെന്ന് ചിത്രം പറയുന്നു. അനാവശ്യമായൊരു ഷോട്ട് പോലും എ മാന്‍ എസ്കേപ്പ്ഡില്‍ എനിക്ക് കണ്ടെത്താനാവില്ല.”
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ എന്ന് കരുതി കാണാതെ മാറ്റി വെച്ചാൽ, ലോക സിനിമയിലെ തന്നെ ഏറ്റവും ത്രില്ലിംഗ് ആയ അവസാന 30 മിനിറ്റുകളായിരിക്കും നിങ്ങൾക്ക് നഷ്ടപ്പെടുന്നത്.