Alien Fest

അന്യഗ്രഹ ജീവൻ! നക്ഷത്രങ്ങളിലേക്ക് നോക്കുന്ന മനുഷ്യരെ ഇത്രത്തോളം ആകർഷിച്ച മറ്റൊരു സങ്കൽപമുണ്ടാകില്ല, പ്രപഞ്ചത്തിൽ നാം തനിച്ചാണെന്ന് വിശ്വസിക്കുന്നവരുണ്ട്. നമ്മുടെയത്രയും ബുദ്ധിവികാസം ഇല്ലാത്തവർ ജോതിർഗോളങ്ങളിൽ എവിടെയോ ജീവിക്കുന്നെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുമല്ല, സാങ്കേതികവിദ്യയിൽ ഏറെ മുന്നിലുള്ള താരാപഥസമൂഹങ്ങൾ എവിടെയോ ഇരുന്ന് നമ്മെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും കരുതുന്നവരുണ്ട്. അവരുടെ വിശ്വാസപ്രകാരം, ഏലിയനുകൾ രഹസ്യമായി ഭൂമി സന്ദർശിച്ചിട്ടുണ്ടത്രേ. ഗവൺമെന്റുകൾ ഇതറിയുന്നെങ്കിലും സത്യം പുറത്തുവിടുന്നില്ല!

ഏതായാലും, നിരവധി വിചിത്രസംഭവങ്ങളും ചുമതലപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ വെളിപ്പെടുത്തലുകളും ഒക്കെയായി 2023നെ ഏലിയനുകളുടെ വർഷം എന്നാണ് രസകരമായി വിശേഷിപ്പിക്കുന്നത്. അവയിൽ പലതും അഭ്യൂഹങ്ങളാണെങ്കിലും ആ കഥകൾ കേൾക്കാനേറെ രസമുള്ളവയാണ്. കേൾക്കുന്നവരെ പിടിച്ചിരുത്തുന്നവയാണ്. അതുകൊണ്ടുതന്നെ അന്യഗ്രഹജീവികളെ വിഷയമാക്കി ലോകസിനിമകളുണ്ടായി. പലതും എംസോണിലൂടെ പ്രേക്ഷകഭാവനയെ അമ്പരപ്പിക്കുകയും ചെയ്തു. അന്യഗ്രഹജീവികളെ കുറിച്ചുള്ള പോസിറ്റീവ് മെസ്സേജ് തരുന്ന അറൈവലും, സ്നേഹത്തിന്റെ ഉദാത്തമാതൃകയായ ഇ.റ്റി.യും, അവരുടെ കടന്നാക്രമണത്തിന്റെ കഥ പറയുന്ന വാർ ഓഫ് ദ വേൾഡ്സും, ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഏലിയനും, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അതിൻ്റെ സീക്വലുമൊക്കെ നമ്മൾ മലയാളത്തിൽ ആസ്വദിച്ചപ്പോഴും ആ വിഷയത്തിലെ ചില ക്ലാസിക്കുകള്‍ ഉൾപ്പെടെയുള്ള അനേകം ചിത്രങ്ങള്‍ പരിഭാഷകരെ കാത്ത് മറഞ്ഞുകിടന്നു.

കൗതുകരമായ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി, അവയിൽ ശ്രദ്ധേയമായ ചില ചിത്രങ്ങൾ കോർത്തിണക്കി ഒരു ഫെസ്റ്റ് നടത്തുന്നതിന്റെ പണിപ്പുരയിലായിരുന്നു നമ്മുടെ ഒരു കൂട്ടം പരിഭാഷകർ. എന്നിരുന്നാലും Sci-fiയുടെ തന്നെ ഉപവിഭാഗമായതിനാൽ ആ പ്രത്യേക വിഷയം കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കാവുന്ന ആവർത്തനവിരസതയ്ക്ക് ഇട നൽകരുതെന്നും നിർബന്ധമുണ്ടായിരുന്നു. ആയതിനാല്‍ ആക്ഷന്‍, ഹൊറർ, കോമഡി, റൊമാൻസ്, ഡ്രാമ തുടങ്ങിയ വ്യത്യസ്ത ജോണറുകൾ Sci-fiൽ സമന്വയിപ്പിച്ച, വേറിട്ട ആസ്വാദനരുചിയുള്ള ഒരു പിടി ചിത്രങ്ങളാണ് പരിഭാഷയ്ക്കായി തിരഞ്ഞെടുത്തത്.

ഇനിയുള്ള രാത്രികളില്‍ തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ കാണുന്ന, എണ്ണമില്ലാത്ത നക്ഷത്രങ്ങളെയും അറ്റമില്ലാത്ത ശൂന്യതയെയും കാണുമ്പോൾ, അറിയാതെ ചിറക് വിരിക്കുന്ന സങ്കൽപങ്ങൾക്ക് മിഴിവേകാൻ എംസോണിൽ അന്യഗ്രഹജീവികൾ വിരുന്നെത്തുന്നു.