എംസോൺ റിലീസ് – 1000
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jabbar Patel |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം, സുനിൽ നടക്കൽ, ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൽ മജീദ്, പ്രവീൺ അടൂർ |
സാങ്കേതിക സഹായം | പ്രവീൺ അടൂർ & നിഷാദ് ജെ. എൻ |
ജോണർ | ബയോഗ്രഫി, ഹിസ്റ്ററി |
ഇന്ത്യ കണ്ട എക്കാലത്തേയും മഹാരഥൻമാരിലൊരാളായ അംബേദ്കറുടെ ജീവിത കഥ. 1901 മുതൽ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമ്മൾ കണ്ടും കേട്ടുമറിഞ്ഞതിനേക്കാൾ കയ്പ്പേറിയ അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം കടന്നുപോയതെന്ന് ചിത്രം വരച്ചിടുന്നു. തന്റെ സമുദായത്തിലത്തന്നെ ഏറ്റവും വിദ്യാസമ്പന്നനായിരുന്നിട്ടും ജാതിയുടെയും തൊട്ടുകൂടായ്മയുടേയും പേരിൽ നേരിട്ട അവഗണനകൾ, ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടു നിൽക്കുന്ന കാലയളവിൽ ഗാന്ധിജിയോട് അധഃകൃതർക്ക് വേണ്ടി ശക്തിയുത്തം വാദിച്ചിട്ടും സത്യാഗ്രഹമെന്ന ഗാന്ധിയൻ സമരരീതിക്കുമുന്നിൽ മുട്ടുമടക്കേണ്ടിവന്ന ഗതികേട്, ചതിക്കപ്പെടുമെന്നറിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടനയുടെ നേതൃപദവി അലങ്കരിച്ചുകൊണ്ട് മധുരപ്രതികാരം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ നിയമകാര്യ മന്ത്രി. അവസാനം ഇന്ത്യയിലെ കീഴ്ജാതിക്കാരുടെ ദയനീയസ്ഥിതിയിൽ മാറ്റമില്ലെന്ന് കണ്ട് അവരെ ബുദ്ധമതത്തിലേക്ക് നയിച്ച അംബേദ്കർ, ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മരിക്കുന്നത് അങ്ങനെയായിരിക്കില്ല എന്ന തന്റെ പ്രതിജ്ഞ നിറവേറ്റുന്നത് വരെയുള്ള ജീവിതം ചിത്രം വരച്ചു കാട്ടുന്നു. മമ്മൂട്ടി എന്ന അനശ്വര നടന് 1998 ലെ മികച്ച നടനുള്ള ദേശീയ അവാർഡിനർഹമാക്കിയ ചിത്രം ജബ്ബാർ പട്ടേലാണ് സംവിധാനം ചെയ്തത്. എംസോണിനു വേണ്ടിയുള്ള ദീർഘകാല പ്രോജക്ടായിരുന്നു അംബേദ്കർ സിനിമയുടെ പരിഭാഷ.
ഇംഗ്ലീഷ് പരിഭാഷ ലഭ്യമല്ലാതിരുന്നതിനാൽ സംഘത്തിന് ആദ്യപടിയായി ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കേണ്ടിവന്നു. 2019 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എംസോൺ അത് റിലീസ് ചെയ്തു. തുടർന്ന് രണ്ടാം ഘട്ടമായിട്ടാണ് മലയാളം പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയുടെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അംബേദ്കർ എന്ന സിനിമയുടെ പ്രാധാന്യം വളരെ വലുതാണെന്നതും പരിഭാഷാ സംഘത്തിന് പ്രചോദനം നൽകി.