• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dr. Babasaheb Ambedkar / ഡോ. ബാബാസാഹേബ് അംബേദ്‌കർ (2000)

February 24, 2019 by Shyju S

എം-സോണ്‍ റിലീസ് – 1000

പോസ്റ്റർ : നിഷാദ് ജെ. എൻ
ഭാഷഇംഗ്ലീഷ്
സംവിധാനം Jabbar Patel
പരിഭാഷസുഭാഷ് ഒട്ടുംപുറം, സുനിൽ നടക്കൽ, ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൽ മജീദ്, പ്രവീൺ അടൂർ
Technical Teamപ്രവീൺ അടൂർ, നിഷാദ് ജെ. എൻ, ലിജോ ജോയ്
ജോണർബയോഗ്രഫി, ഹിസ്റ്ററി

8.7/10

Download

ഇന്ത്യ കണ്ട എക്കാലത്തേയും മഹാരഥൻമാരിലൊരാളായ അംബേദ്കറുടെ ജീവിത കഥ. 1901 മുതൽ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമ്മൾ കണ്ടും കേട്ടുമറിഞ്ഞതിനേക്കാൾ കയ്പ്പേറിയ അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം കടന്നുപോയതെന്ന് ചിത്രം വരച്ചിടുന്നു. തന്റെ സമുദായത്തിലെത്തന്നെ ഏറ്റവും വിദ്യാസമ്പന്നനായിരുന്നിട്ടും ജാതിയുടെയും തൊട്ടുകൂടായ്മയുടേയും പേരിൽ നേരിട്ട അവഗണനകൾ, ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടു നിൽക്കുന്ന കാലയളവിൽ ഗാന്ധിജിയോട് അധഃകൃതർക്ക് വേണ്ടി ശക്തിയുത്തം വാദിച്ചിട്ടും സത്യാഗ്രഹമെന്ന ഗാന്ധിയൻ സമരരീതിക്കുമുന്നിൽ മുട്ടുമടക്കേണ്ടിവന്ന ഗതികേട്, ചതിക്കപ്പെടുമെന്നറിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടനയുടെ നേതൃപദവി അലങ്കരിച്ചുകൊണ്ട് മധുരപ്രതികാരം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ നിയമകാര്യ മന്ത്രി. അവസാനം ഇന്ത്യയിലെ കീഴ്ജാതിക്കാരുടെ ദയനീയസ്ഥിതിയിൽ മാറ്റമില്ലെന്ന് കണ്ട് അവരെ ബുദ്ധമതത്തിലേക്ക് നയിച്ച അംബേദ്കർ, ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മരിക്കുന്നത് അങ്ങനെയായിരിക്കില്ല എന്ന തന്റെ പ്രതിജ്ഞ നിറവേറ്റുന്നത് വരെയുള്ള ജീവിതം ചിത്രം വരച്ചു കാട്ടുന്നു. മമ്മൂട്ടി എന്ന അനശ്വര നടന് 1998 ലെ മികച്ച നടനുള്ള ദേശീയ അവാർഡിനർഹമാക്കിയ ചിത്രം ജബ്ബാർ പട്ടേലാണ് സംവിധാനം ചെയ്തത്. എംസോണിനു വേണ്ടിയുള്ള ദീർഘകാല പ്രോജക്ടായിരുന്നു അംബേദ്കർ സിനിമയുടെ പരിഭാഷ. ഇംഗ്ലീഷ് പരിഭാഷ ലഭ്യമല്ലാതിരുന്നതിനാൽ സംഘത്തിന് ആദ്യപടിയായി ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കേണ്ടിവന്നു. 2019 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എംസോൺ അത് റിലീസ് ചെയ്തു. തുടർന്ന് രണ്ടാം ഘട്ടമായിട്ടാണ് മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയുടെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അംബേദ്കർ എന്ന സിനിമയുടെ പ്രാധാന്യം വളരെ വലുതാണെന്നതും പരിഭാഷാ സംഘത്തിന് പ്രചോദനം നൽകി.

എന്തുകൊണ്ട് അംബേദ്കർ സിനിമ !
വെണ്ണൂർ ശശിധരൻ എഴുതുന്നു.

ഇന്ത്യയുടെ ബഹുസ്വരതയിലും അതിനെ ശോഭയോടെ നിലനിർത്തുന്ന ഭരണഘടനയിലും അതിൽ ഉൾച്ചേർന്നിരിക്കുന്ന മഹത്തായ ജനാധിപത്യ സങ്കൽപ്പത്തിലും അതിന്റെ നൈതിക മൂല്യത്തിലും അലോസരപ്പെടുന്ന ഒരു രാഷ്ട്രീയ ചേരി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്‌. പലമയുടെ സൗന്ദര്യത്തെ നിലനിർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാധ്യതകളാണ് എന്ന ബോധ്യത്തിൽ നിന്നാണ് പ്രസ്തുത രാഷ്ട്രീയ ചേരിയുടെ അസ്വസ്ഥതകകൾ ഭരണഘടയിലേയ്ക്ക് കൂടി വ്യാപൃതമാകുന്നത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഏകശിലാത്മകമായ ഒരു ആശയ ധാരയിലേയ്ക്ക് ഉൾച്ചേർക്കാനുള്ള കുടില തന്ത്രങ്ങൾ അണിയറയിൽ ഇന്ന് പൂർവ്വാധികം സജീവമാണ്. ജനാധിപത്യ ഭരണ വ്യവസ്ഥയേയും പൗരാവകാശങ്ങളേയും വ്യക്തിസ്വാതന്ത്ര്യത്തേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തേയും അശ്ലീലമായി കരുതുകയും ഫാസിസ്റ്റ് ഭരണവ്യവസ്ഥയുടെ സ്ഥാപനത്തിലൂടെ അതിനെയെല്ലാം ഇല്ലായ്മ ചെയ്യുകയുമാണ് ഇക്കൂട്ടരുടെ ആത്യന്തിക ലക്ഷ്യം. അതിന്റെ പ്രയോഗങ്ങൾ പല ഭാവത്തിലും രൂപത്തിലും സജീവമാണിന്ന്. എന്നാൽ അതിനെല്ലാം വിഘാതമായി ഇന്ത്യൻ ഭരണഘടന നില നിൽക്കുന്നു എന്നത് ഇക്കൂട്ടരെ കൂടുതൽ പ്രകോപിതരാക്കുണ്ട്. ഇന്ത്യയിൽ രൂപം കൊണ്ടുവരുന്ന നവ ഫാസിസ്റ്റ പ്രവണകളേയും തത്ഫലമായുണ്ടാകുന്ന പൗരാവകാശ ധ്വംസനങ്ങളേയും ചോദ്യം ചെയ്യാനും ചെറുക്കാനും ഇന്ത്യൻ ജനതയ്ക്ക് ഊർജ്ജം നൽകുന്നത് നമ്മുടെ ഭരണഘടനയാണ്‌. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നതും ഭരണഘടനയുടെ അടിത്തറയിലാണ്.

ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയിൽ നിന്ന് ഇന്ത്യ സ്വതന്ത്രമാവുന്നത് 1947 ഓഗസ്റ്റ് 15 നാണല്ലോ. അതിനു മുൻപു തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയും അതിന്റെ ഭരണഘടനയും എപ്രകാരമായിരിക്കണമെന്ന് ഗാന്ധിജിയും, നെഹ്രുവും, അംബേദ്കറും ഉൾപ്പെടെയുള്ള രാഷ്ട്ര ശിൽപ്പികൾ വിഭാവനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1947 ആഗസ്റ്റ് 27 ന് ഭരണഘടനാ കമ്മിറ്റി രൂപീകൃതമാവുകയും ബി. ആർ അംബേദ്കറെ അതിന്റെ ചെയർമാനായി അവരോധിക്കുകയും ചെയ്തു. അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന തയ്യാറാക്കുകയും 1949 നവംബർ 26 ന് കോൺസ്റ്റിറ്റ്യവന്റ് അസംബ്ലി അത് അംഗീകരിക്കുകയും 1950 ജനുവരി 26 ന് നിലവിൽ വരികയും ചെയ്തു. നിയമങ്ങളുടേയും തത്വങ്ങളുടേയും അടിസ്ഥാനത്തിൽ രാജ്യഭരണത്തിന് അടിസ്ഥാനമായിട്ടുള്ള പ്രമാണം എന്നാണതിന്റെ നിർവ്വചനം. മൗലീക തത്വങ്ങളും, നിയമപരമായ ചട്ടങ്ങളും അടങ്ങിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്. ബ്രിട്ടന്റേതു പോലെ പാരമ്പര്യങ്ങളുടേയും അതിന്റെ വ്യാഖ്യാനങ്ങളുടേയും അടിസ്ഥാനത്തിലുള്ള അലിഖിത രൂപമല്ല അതിനുള്ളത്.

സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ അതിന്റെ നെടുംതൂണായ ഗാന്ധിജിയും, കോൺഗ്രസ്സുമായി ഒട്ടേറെ അഭിപ്രായ ഭിന്നതകർ പരസ്യമായി പ്രകടിപ്പിച്ചിരുന്ന അംബേദ്കറെ തന്നെ ഭരണഘടനാ നിർമ്മാണ സമിതിയുടെ തലവനാക്കിയത് നിയമകാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അവഗാഹത്തിന്റേയും കറകളഞ്ഞ സാമൂഹ്യബോധത്തിന്റേയും ഉയർന്ന വിദ്യാഭ്യാസത്തിന്റേയും ഉന്നതമായ ധിഷണാശേഷിയുടേയും അടിസ്ഥാനത്തിലായിരുന്നു. ഖാദി പ്രചരണത്തിന് ഗാന്ധി നൽകുന്ന പ്രാധാന്യം അയിത്ത വിരുദ്ധ പ്രചരണത്തിന് നൽകുന്നില്ല എന്നതായിരുന്നു അംബേദ്കറുടെ വിയോജിപ്പുകളിലൊന്ന്. ഇതിൽ കടുത്ത പ്രതിഷേധവും അംബേദ്കർക്കുണ്ടായിരുന്നു. 1930 മാർച്ചിൽ ഗാന്ധിജി ഉപ്പുസത്യാഗ്രഹം തുടങ്ങിയപ്പോൾ അതിൽ പങ്കെടുക്കാതെ അംബേദ്കറും സംഘവും നാസിക്കിലെ കലാറാം ക്ഷേത്രത്തിൽ പിന്നോക്ക ജാതിക്കാർക്ക് പ്രവേശനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിറങ്ങിയത് ഇതിന്റെ ഭാഗമായാണ്. സൈമൺ കമ്മീഷൻ ബഹിഷക്കരണത്തിന് കോൺഗ്രസ്സ് ആഹ്വാനം ചെയ്തപ്പോൾ അതിന് വിരുദ്ധമായി അംബേദ്കർ കമ്മീഷനു മുൻപാകെ ഹാജറായതും മറ്റൊന്നു കൊണ്ടല്ല. ഇതിൽ ഗാന്ധിജിക്കും കോൺഗ്രസ്സ് നേതൃത്വത്തിനും അംബേദ്കറോട് കടുത്ത അതൃപ്തിയും അമർഷവുമുണ്ടായിരുന്നു. അംബേദ്കറുടെ നിലപാടുകൾ ശരിയായിരുന്നു എന്നാണ് പിൽക്കാല ചരിത്രം വായിച്ചാൽ ബോധ്യപ്പെടുക. അത് ഉൾക്കൊള്ളുവാൻ ഇന്ത്യയിലെ ജാതിവ്യവസ്ഥയും, രാജ്യത്ത് നിലനിന്നിരുന്ന അയിത്താചാരവും, തന്നിമിത്തം അവർണ്ണർ അനുഭവിച്ചിരുന്ന യാതനകളും, അതിനെതിരെ അംബേദ്കറുടെ നേതൃത്വത്തിൽ ഉയർന്നു വന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ചുമൊക്കെ അറിയേണ്ടതുണ്ട്.

BC 2000 ത്തിന് മുൻപ് മദ്ധ്യേഷയിൽ നിന്ന് വന്ന് ഇന്ത്യയിലെ ആദിമജനതയെ അമർച്ച ചെയ്താണ് ആര്യന്മാർ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കുന്നത്. അതോടെയാണ് ഇന്ത്യയിൽ ജാതി വ്യവസ്ഥ നിലവിൽ വരുന്നതും. ആര്യ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ അവരുടെ ജീവിതക്രമം ഹൈന്ദവതയുമായി ലയിച്ച് പരിണമിച്ചപ്പോഴാണ് ചാതുർവർണ്യ വ്യവസ്ഥ ഭാരതത്തിൽ ഉദയം ചെയ്യുന്നതും അതൊരു സവിശേഷതയായി തീരുന്നതും. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെയായിരുന്നല്ലോ അതിന്റെ വർഗ്ഗീകരണം. തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് പ്രധാനമായും നിലനിന്നിരുന്നത്. ഇതു പ്രകാരം ബ്രാഹ്മണൻ യജ്ഞാതി കർമ്മവും, വിദ്യാഭ്യാസവും, ക്ഷത്രിയൻ സൈനികവൃത്തിയും, വൈശ്യൻ കച്ചവടവും, കൃഷിയും ഗോരക്ഷയും, ശൂദ്രൻ സേവക വൃത്തിയും (ഫലത്തിൽ കൂലിവേല, പുറം പണി) എന്നിങ്ങനെയായിരുന്നു കർത്തവ്യ വിഭജനം. തൊഴിലിന്റെ അടിസ്ഥാനത്തിൽ ഉച്ഛനീചത്വം നിലവിൽ വരുന്നതോടെ സവർണ്ണർ (ബ്രാഹ്മണൻ, ക്ഷത്രിയർ, വൈശ്യർ) അധികാരസ്ഥാനങ്ങളിൽ എത്തപ്പെടുകയും അവർണ്ണർ (ശൂദ്ര വിഭാഗം) പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്തു. ഇന്നും നിലനിൽക്കുന്ന അവരുടെ ദുരിതപർവ്വം ആരംഭിക്കുന്നത് അങ്ങിനെയാണ്. ഉയർന്ന അധികാര, സാമ്പത്തിക ശ്രേണിയിലുള്ള സവർണ്ണ വിഭാഗത്തിന്റെ ആധീശത്വത്തിൻ കീഴിൽ ഞെരിഞ്ഞമരുക എന്നത് ദളിതരുടെ നിത്യ ജീവിതാവസ്ഥയായി തീർന്നു. പിൽക്കാലത്ത് നൂറ്റാണ്ടുകളോളം ഉയർന്നെണീക്കാനാവാത്ത വണ്ണം സവർണ്ണരുടെ നിരന്തരമുള്ള കുതിര കയറ്റത്തിനും, പീഡനങ്ങൾക്കും ഇരയാക്കപ്പെട്ടു അവരുടെ ജീവിതം.

കൊളോണിയൽ ഭരണകാലത്ത് ഇതിന് പ്രത്യേക മാറ്റമൊന്നും ചരിത്രത്തിൽ രേഖപ്പെട്ടു കാണുന്നില്ല. കാരണം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതായിരുന്നല്ലോ അവരുടെ തന്ത്രം. ഇന്ത്യയിൽ ജാതീയമായ, വർണ്ണപരമായ വിഭാഗീയത നിലനിൽക്കുക എന്നത് അവരുടെ ആവശ്യമായിരുന്നു. ഒരൊറ്റ ഇന്ത്യ എന്ന സങ്കൽപ്പത്തിൽ സ്വാതന്ത്ര്യ സമരം മുന്നോട്ടു കൊണ്ടു പോകുമ്പോൾ ഗാന്ധിജിക്കും ഭാരതീയരെ ജാതീയ വിഭജനമില്ലാതെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അംബേദ്കർ, ഗാന്ധിജിയുമായി വിയോജിക്കുന്നത് ഇതുകൊണ്ടാണ്. കാരണം ജാതീയതയുടെ തിക്താനുഭവങ്ങൾ അംബേദ്കറോളം അനുഭവിച്ച ഒരു ബുദ്ധിജീവി ഇന്ത്യയുടെ ചരിത്രത്തിൽ അന്നും ഇന്നും ഇല്ല തന്നെ.
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബവാഡേ എന്ന കുഗ്രാമത്തിൽ റാംജി സഖ് പാലിന്റെയും, ഭീമാ ഭായിയുടേയും പതിനാലാമത്തെ മകനായാണ് ഭീം റാവു അംബേദ്കറുടെ ജനനം. സഹോദരങ്ങളിൽ ഒൻപതു പേർ ചെറുപ്പത്തിലേ മരിച്ചു. നീചമെന്ന് സവർണ്ണർ ഗണിച്ചു പോന്നിരുന്ന മഹാർ ജാതിക്കാരനാണ് അംബേദ്കർ. അദ്ദേഹത്തിന് 6 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പ്രാഥമിക വിദ്യഭ്യാസം സപ്പോളിയിലായിരുന്നു. തുടർന്ന് പഠനം സത്താറ ഗവൺമെന്റ് ഹൈസ്കൂളിലേയ്ക്ക് മാറ്റി. ഇക്കാലത്താണ് അംബേദ്കറുടെ ജീവിതവീക്ഷണത്തേയും രാഷ്ട്രീയ ബോധത്തേയും മാറ്റിമറ്റിച്ച അനുഭവമുണ്ടാകുന്നത്. ഒരിക്കൽ ജ്യേഷ്ഠൻമാരുമൊത്ത് അച്ഛന്റെ ജോലി സ്ഥലത്തേയ്ക്ക് കാളവണ്ടിയിൽ യാത്ര ചെയ്യവെ, സവർണ്ണനായ വണ്ടിക്കാരൻ യാത്രികരുടെ ജാതി തിരിച്ചറിയുകയും, അവരെ വണ്ടിയിൽ നിന്നിറക്കി, കാളയേയും വണ്ടിയേയും പുണ്യാഹം തളിച്ച് ശുദ്ധിയാക്കുകയും തുടർ യാത്രയ്ക്ക് അവരെ അനുവദിക്കാതിരിക്കുകയും ചെയ്തു. പിന്നീട് ഇരട്ടി വാടക വാഗ്ദ്ധാനം ചെയ്തതിനു ശേഷമാണ് യാത്ര അനുവദിച്ചത്. പക്ഷേ വണ്ടിക്കാരൻ വണ്ടിയിൽ കയറാതെ അയിത്തം ഭയന്ന് പിറകേ നടക്കുകയാണ് ചെയ്തത്. ഇത് കുഞ്ഞ് അംബേദ്കറുടെ മനസ്സിൽ ഉണങ്ങാത്തൊരു മുറിവായി ജീവിതാവസാനം വരെ നിലനിന്നു. പിൽക്കാലത്ത് ഭാരതത്തിലെ തീണ്ടിക്കൂടാത്തവരും കണ്ടു കൂടാത്തവരും, അധഃസ്ഥിതിതരും, അധഃകൃതരുമായ വലിയൊരു ജനവിഭാഗത്തിന്റെ ഉന്നമനത്തിനും മോചനത്തിനുമായി പോരാടാൻ അംബേദ്കറെ പ്രേരിപ്പിച്ചത് ഈ അനുഭവമാണ്. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം ഇത് ആവർത്തിക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തിൽ സവർണ്ണ സഹപാഠികൾക്കൊപ്പം ഇരിക്കുവാനോ കളിക്കുവാനോ കഴിഞ്ഞിരുന്നില്ല. നിലത്ത് ചാക്ക് വിരിച്ചായിരുന്നു ക്ലാസ്സിൽ ഇരുന്നിരുന്നത്. സംസ്കൃതം പഠിക്കാൻ അവസരം കിട്ടിയില്ല. സ്വകാര്യ ട്യൂഷനിലൂടെയാണ് അത് പഠിച്ചെടുത്തത്. അധ്യാപകർ പോലും തീണ്ടൽ ഭയന്ന് അകലെ നിർത്തിയാണ് പഠിപ്പിച്ചിരുന്നത്. പൊതുവഴിയൊ, കുളമോ ഉപയോഗിക്കാൻ അനുവാദമുണ്ടായിയിരുന്നില്ല. പിന്നീട് ബോംബേയിലെ എൽഫിൻസ്റ്റൺ ഹൈസ്കൂളിൽ പഠനത്തിന് ചേർന്നതിന് ശേഷമാണ് അംബേദ്കറുടെ ഇത്തരം തിക്താനുഭവങ്ങളിൽ ഒരു മാറ്റുണ്ടാവുന്നത്.

1907 ൽ അംബേദ്കർ മെട്രിക്കുലേഷൻ വിജയിച്ചു. സ്കൂളിലെ അനുമോദന ചടങ്ങിൽ ഒരദ്ധ്യാപകൻ സമ്മാനിച്ച ബുദ്ധന്റെ ജീവചരിത്രം അംബേദ്ക്കറെ വലിയ തോതിൽ സ്വാധീനിച്ചു.
14 മത്തെ വയസിൽ പാരമ്പര്യ രീതിയനുസരിച്ച് 9 കാരിയായ രമാബായിയെ വിവാഹം കഴിച്ചു.
1912ൽ എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് ഇംഗ്ലീഷിലും പേർഷ്യനിലും ബിരുദം നേടി.
1913 ൽ രാജാവിന്റെ നിർദ്ദേശ പ്രകാരം ബറോഡ രാജ്യ സർവ്വീസിൽ ചേർന്നു. സഹപ്രവർത്തകരിൽ നിന്നുള്ള ജാതീയ അവഗണനയും, വിവേചനവും അസഹ്യമായതിനാൽ ജോലി രാജിവച്ചു.
1915ൽ കൊളംബിയ സർവ്വകലാശാലയിൽ നിന് രാഷ്ട്രമീമാംസയിൽ എം.എ.
1916 ൽ ഇന്ത്യയ്ക്കുള്ള ലാഭവിഹിതം: ചരിത്രപരമായ ഒരപഗ്രഥനം എന്ന പ്രബന്ധത്തിന് കൊളംബിയ സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി.
പിന്നീട് ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണമിക്സിൽ ധനശാസ്ത്രം പഠിക്കാനായി ചേർന്നെങ്കിലും സ്കോളർഷിപ്പ് അവസാനിച്ചതിനാൽ പഠനം പൂർത്തിയാക്കാനായില്ല.

1917 ൽ ബറോഡാ രാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും കീഴ്ജീവനക്കാരിൽ നിന്ന് പോലുമുള്ള ജാതിവിവേചനവും, അവഗണയും അസഹ്യമായപ്പോൾ ജോലി രാജിവച്ചു. അനന്തരം സിഡൻഹാം കോളേജിൽ രാഷ്ട്രമീമാംസാ അദ്ധ്യാപകനായി ജോലി ലഭിച്ചുവെങ്കിലും ജാതീയമായ തിക്താനുഭവങ്ങൾ ആവർത്തിക്കപ്പെട്ടു. അക്കാലത്ത് താമസിക്കാൻ വീട് ലഭിക്കാതെ സത്രത്തിലാണ് താമസിച്ചിരുന്നത്. ജാതീയ വിവേചനം അസഹ്യമായപ്പോൾ ആ ജോലിയും രാജിവെയ്ക്കേണ്ടി വന്നു. അധ:കൃതരുടെ ഉന്നമനത്തിനായി അംബേദ്കർ സജീവമായി രംഗത്തു വരുന്നത് ഇക്കാലത്താണ്. അതിന്റെ ഭാഗമായി ‘മൂകനായിക് ‘ എന്ന പ്രസിദ്ധീകരണവും ആരംഭിച്ചു.
1920ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണമിക്സിൽ നിന്ന് ധനശാസ്ത്രത്തിൽ എം. എസ്.സി. അക്കൊല്ലം തന്നെ ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് “രൂപയുടെ പ്രശ്നം ” എന്ന പ്രബന്ധത്തിന് പിഎച്ച് ഡി.
1923 ൽ ബോംബേയിൽ തിരിച്ചെത്തി. ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുകയും മികച്ച വക്കീലെന്ന് പേരെടുക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവർത്തനവുമായി പൊതുരംഗത്ത് സജീവമാവുന്നതും ഇക്കാലത്താണ്.

പൊതുകുളങ്ങളും കിണറുകളും അധഃസ്ഥിതർക്കും ഉപയോഗിക്കാമെന്ന് 1923 ൽ ബോംബേ നിയമസഭ പ്രമേയം പാസാക്കിയെങ്കിലും അത് നടപ്പിലായില്ല. ഇതിൽ പ്രതിഷേധിച്ച് ബോംബേ ജില്ലയിലെ ചൗദാർ തലാബ് എന്ന കുളത്തിൽ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു സംഘം അവർണ്ണർ ഇറങ്ങി. പ്രതിഷേധവുമായി എത്തിയ സവർണ്ണർ അംബേദ്കറേയും സംഘത്തേയും മർദ്ദിക്കുകയും കുളം പുണ്യാഹം തളിച്ച് ശുദ്ധമാക്കുകയും ചെയ്തു. അതിനെതിരെ ബഹുജന സത്യാഗ്രഹം നടത്താൻ അംബേദ്കർ തീരുമാനിച്ചു. അതിന് മുന്നോടിയായി മഹാറിൽ നടന്ന വൻ സമ്മേളനത്തിൽ വച്ച് മനുസ്മൃതി ചുട്ടുകരിച്ച് കുഴിയിലിട്ട് മൂടി. ഇത് സവർണ്ണരെ ഞെട്ടിച്ചു.
1930 കളിൽ അദ്ദേഹം ബോംബേ ലോ കോളേജിൽ അദ്ധ്യാപകനായി ചേർന്നു. 1930, 31, 32 വർഷങ്ങളിൽ ലണ്ടൻ വട്ടമേശ സമ്മേളനത്തിൽ ദളിതരുടെ പ്രതിനിധിയായി പങ്കെടുത്തു. (ഇത് ഗാന്ധിജിക്ക് ഇഷ്ടമായില്ല)
1935ൽ ലോ കോളേജ് പ്രിൻസിപ്പലായി. ഭാര്യ രമാഭായിയുടെ മരണവും ഇക്കൊല്ലം തന്നെ ആയിരുന്നു. 3 പുത്രന്മാരും, മകളും നേരത്തേ മരിച്ചിരുന്നു.
1938 ൽ അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ചു.
1948 ൽ ശാരദാ കബീറിനെ വിവാഹം കഴിച്ചു.
1951 സെപ്തംബർ 27ന് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
1952ൽ ലോക സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.
1954 ഡിസംബറിൽ റംഗൂണിൽ വച്ച് നടന്ന ബുദ്ധമത സമ്മേളനത്തിൽ പങ്കെടുത്തു.
1956 ഒക്ടോബർ 14 ദസറ ദിവസം നാഗ്പൂരിൽ വച്ച് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ചു.
1956 ഡിസംബർ 5ന് ഡയബറ്റിക് ന്യൂറോസിസ്സ് രോഗത്താൽ മരണമടഞ്ഞു.
മരണാന്തരം 1990 ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ചു.
പ്രധാന കൃതികൾ:
ബുദ്ധന്റെ വിശേഷം, അയിത്തജാതിക്കാർ, ബുദ്ധനും കാൾ മാക്സും, ബുദ്ധനും അദ്ദേഹത്തിന്റെ ധർമ്മവും, വിപ്ലവവും, പ്രതിവിപ്ലവവും ഇന്ത്യയിൽ.

ഉന്നതവിദ്യഭ്യാസമുണ്ടായിട്ടും, ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ചിട്ടും ജാതീയമായ അവഹേളനവും, അവഗണയും ജീവിതത്തിലുടനീളം നേരിടേണ്ടി വന്നിരുന്നു അംബേദ്കർക്ക്. പക്ഷേ ഒരിക്കലും തളരുവാനോ, പിൻമാറുവാനോ അദ്ദേഹം തയ്യാറായില്ല. കാരണം ആ പിൻമാറ്റം ഭാരതത്തിലെ കോടിക്കണക്കായ ദളിതരുടെ ജീവിതം ഇരുട്ടിലാക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നിരിക്കണം. അധഃസ്ഥിതർക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ഒരു ഒത്തുതീർപ്പുകൾക്കും വഴങ്ങാത്തതായിരുന്നു. അതിന് അദ്ദേഹത്തിന് ജീവിതത്തിൽ വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്. അക്കാലത്തെ രാഷ്ട്രീയ ചരടുവലികളിൽ പലപ്പോഴും അദ്ദേഹത്തിന് കാലിടറി വീഴേണ്ടി വന്നിട്ടുണ്ട്. പദവികൾ നഷ്ടമായിട്ടുണ്ട്. അതിന് പിറകിൽ കോൺഗ്രസ്സ് രാഷ്ടീയ ചേരിക്കകത്തെ സവർണ്ണലോപി തന്നെ ആയിരുന്നു എന്ന് അനുമാനിക്കാനുള്ള സകല സാധ്യതകളും ചരിത്രത്തിന്റെ വിടവുകളിൽ നിന്ന് വായിച്ചെടുക്കാം. അംബേദ്കറുടെ നേതൃത്വത്തിൽ അവർണ്ണർ സംഘടിതശക്തിയായി വളരുന്നത് തങ്ങളേയും തങ്ങളുടെ രാഷ്ട്രീലക്ഷ്യത്തേയും അപ്രസകതമാക്കും ഭയം അതിനു പിറകിൽ ഉണ്ടായിരുന്നു. അവർണ്ണരുടെ അഭിവൃദ്ധിക്കു പിറകിൽ തങ്ങളാണെന്ന ഒരു കപടപ്രതിച്ഛായ ഉണ്ടാക്കിയെടുത്ത് നേട്ടം കൊയ്യുക എന്ന ദുഷ്ടലാക്കായിരുന്നു അവർക്കെന്നും ഉണ്ടായിരുന്നത്. അതിന് അംബേദ്കറെ ചരിത്രത്തിന്റെ നാൾവഴികളിൽ നിന്ന് തുടച്ചു നീക്കേണ്ടത് അനിവാര്യമായിരുന്നു. കീഴാള ജീവിതങ്ങൾക്ക് പരിവർത്തനരഹിതമായ പരമ്പരാഗത തുടർച്ചകളുണ്ടാവണമെന്ന സവർണ്ണ താൽപ്പര്യങ്ങളും അതിൽ നിഴലിക്കുന്നുണ്ട്. അംബേദ്കറുടെ പോരാട്ടങ്ങളും, അവയുടെ സ്മരണകളും വർത്തമാനകാല ദളിത് മുന്നേറ്റത്തിന് ഊർജ്ജം നൽകുമോ എന്ന സവർണ്ണ ഭയം കൂടി അംബേദ്കറെ തമസ്ക്കരിക്കുന്നതിന് പിറകിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. എന്നത് വസ്തുതയാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ഭരണം കാലാകാലങ്ങളിൽ കൈയ്യടക്കിയ എല്ലാ രാഷ്ട്രീയ കക്ഷികളിലും ഈ ഭയം പ്രച്ഛന്നമായി നിലനിന്നിരുന്നു. വർത്തമാനകാല ചരിത്രപാരായണത്തിൽ ഗാന്ധിജിയുടേയും നെഹ്രുവിന്റെയും പട്ടേലിന്റെയും ഇന്ത്യയെ ഒരു മതേതര രാജ്യമായി കെട്ടിപ്പടുക്കുന്നതിൽ ഒരു തരത്തിലുള്ള പങ്കാളിത്തവുമില്ലാത്ത സർവർക്കറിന്റെയും, ദീൻ ദയാൽ ഉപാധ്യായയുടെയും നാഥുറാം ഗോഡ്സേയുടേയും പേരുകൾ ഉയർന്നു കേൾക്കുന്നതും അംബേദ്ക്കറുടെ പേര് കേൾക്കാതിരിക്കുകയും ചെയ്യുന്നത് ഈ ഭയത്തിന്റെ തുടർച്ചയാണ്. പ്രത്യേകിച്ച് ദളിത് രാഷ്ട്രീയത്തിന്റെ പ്രസക്തി ഏറെ വർദ്ധിച്ച ഇക്കാലത്ത്.

അംബേദ്കർ സിനിമയ്ക്ക് എന്തു പറ്റി?

ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തിറക്കിയ ചിത്രമായിരുന്നു അംബേദ്ക്കറുടെ ജീവചരിത്രത്തെ അധികരിച്ച് ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഡോ. ബാബാസാഹേബ് അംബേദ്കർ. അംബേദ്കറെക്കുറിച്ചുള്ള ഓർമ്മകളും, അദ്ദേഹം മുന്നോട്ടുവച്ച ദളിത് രാഷ്ടീയവും ഇന്ത്യൻ ജനതയെ ഓർമ്മിപ്പിക്കുകയും, സമൂഹത്തിൽ അത് സജീവമായി നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു ചലച്ചിത്രനിർമ്മിതിക്കു പിറകിലെ ഉദ്ദേശ്യം എന്നൊരു പ്രചരണം അക്കാലത്ത് ഉയർന്നു കേട്ടിരുന്നു. പതിവ് ഹിന്ദി സിനിമയുടെ മസാലക്കൂട്ടുകളുടെ പ്രയോഗമൊക്കെ അതിന്റെ ഘടനയിൽ ചേരുംപടി ചേർക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് ഉയർത്തിപ്പിടിക്കുന്ന രാഷ്ടീയം പ്രസക്തമായിരുന്നു. ഇന്ത്യൻ അവസ്ഥയിൽ അത് അനിവാര്യവുമായിരുന്നു. അതു കൊണ്ടു തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതും വരും നാളുകളിൽ ചർച്ച ചെയ്യപ്പെടേണ്ടതുമായിരുന്നു ആ ചിത്രം. എന്നാൽ 2000 ത്തിനുശേഷം സമൂഹ മദ്ധ്യത്തിൽ നിന്ന് ആ ചിത്രം പതുക്കെ പിൻവലിക്കപ്പെട്ടു. നടേ സൂചിപ്പിച്ച സവർണ്ണ രാഷ്ട്രീയ ലോപിയുടെ ഭയം തന്നെയാണതിന് പിറകിൽ എന്ന് അൽപ്പം രാഷ്ട്രീയ ബോധവും നിരീക്ഷണ പാടവുമുള്ള ആർക്കും മനസ്സിലാവും. മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആന്റ് എംപവർമെന്റും മഹാരാഷ്ട്ര സർക്കാരും സംയുക്മയാണ് ആ ചിത്രം നിർമ്മിച്ചത്. നാഷണൽ ഫിലിം ഡവലപ്പ്മെൻറ് കോർപ്പറേഷനായിരുന്നു നിർമ്മാണ മേൽനോട്ടം. NFDC യുടെ ശേഖരത്തിൽ അതിന്റെ പ്രിൻറ് ഉണ്ടാവേണ്ടതാണ്. ആധുനിക സാങ്കേതിക വളർച്ചയ്ക്കനുസരിച്ച് വിവിധ ഫോർമാറ്റുകളിലേക്ക് അത് മാറ്റപ്പെടേണ്ടതും ആവശ്യക്കാർക്ക് വിതരണം ചെയ്യപ്പെടേണ്ടതുമാണ്. എന്നാൽ നിലവിലെ അവസ്ഥ അതിഭീകരമാണ്. 60 കളിലും, 70 കളിലും അതിന് മുൻപും NFDC ഫണ്ടു ചെയ്തതും നിർമ്മാണ മേൽനോട്ടം വഹിച്ചതുമായ ചിത്രങ്ങൾ അവർ DVD ഫോർമാറ്റിൽ ഇന്നും വിതരണം ചെയ്യുന്നുണ്ട്. മിക്കതും തുറന്ന വിപണിയിലും ലഭ്യവുമാണ്. എന്നാൽ അംബേദ്കർ സിനിമ ലഭ്യമല്ല. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് ഇത്രയുമാണ്:

ചിത്രത്തിന്റെ ഇംഗ്ലീഷ് ഉപശീർഷകം അടങ്ങുന്ന കോപ്പി ലഭ്യമല്ല. അങ്ങിനെ ഒന്നുണ്ടോ എന്നു പോലും NFDC ക്ക് അറിവില്ല. നിലവിലെ അതിന്റെ കോപ്പിറൈറ്റും, ഉടമസ്ഥാവകാശവും NFDC ക്കല്ല. മറ്റാർക്ക് എന്ന വിവരം അറിയാവുന്നത് ദില്ലിയിലെ INDവകുപ്പിന് മാത്രമാണ്. അവിടെ നിന്ന് വിവരങ്ങൾ ശേഖരിക്കുക സാധാരണക്കാർക്ക് എളുപ്പമല്ല. ULTRA CD എന്ന കമ്പനിക്ക് അതിന്റെ CD വിതരണാവകാശം 2001 കളിൽ കൊടുത്തിരുന്നു. ഇപ്പോൾ ആ കമ്പനി നിലവിലില്ല. അംബേദ്കർ സിനിമയുടെ ദൃശ്യഗുണം കുറഞ്ഞ കോപ്പിയാണ് ഇന്ന് ലഭ്യമിട്ടുള്ളത്. അതാവട്ടെ അക്കാലത്ത് ULTRA CD എന്ന മാർക്കറ്റിംങ്ങ് കമ്പനി പുറത്തിറക്കിയതിന്റെ CD പകർപ്പുമാണ്.
ആമസോണിൽ ഇംഗ്ലീഷ് സബ് വേർഷൻ ഉണ്ടായിരുന്നു എന്ന് കാണുന്നുണ്ടെങ്കിലും ഇപ്പോൾ ലഭ്യമല്ല. ലോകസിനിമകളെക്കുറിച്ച് വായിട്ടലയ്ക്കുന്ന, അതിനേക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന, രാഷ്ട്രീയ സിനിമകളുടെ കാലിക പ്രസക്തിയേക്കുറിച്ച് നിരന്തരം സംസാരിക്കുന്ന മലയാളത്തിലെ ആസ്ഥാന നിരൂപകർക്കൊന്നും അംബേദ്ക്കർ സിനിമയുടെ തമസ്ക്കരണത്തേക്കുറിച്ച് ഒന്നും പറയാനില്ല എന്നതാണ് ഏറെ വിചിത്രം.

എം സോണിന്റെ അംബേദ്കർ ഇംഗ്ലീഷ് ഉപശീർക നിർമ്മാണവും, പിന്നീട് വരുന്ന മലയാള പരിഭാഷയും സമാനതകളില്ലാത്ത, അതിശക്തമായ ഒരു രാഷ്ട്രീയ ദൗത്യമായി മാറുന്നത് അതുകൊണ്ടാണ്. ഇന്ത്യയിൽ അംബേദ്കർ എന്ന വ്യക്തിയും, സിനിമയും, രാഷ്ടീയവും വരും നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെടാൻ ഈ പരിഭാഷാ ശ്രമം നിമിത്തമാവും എന്ന കാര്യം സ്പഷ്ടമാണ്. ദളിത് പീഡനങ്ങൾ തുടർക്കഥയായ ഇക്കാലത്ത് പ്രത്യേകിച്ചും.

ഇംഗ്ലീഷ് സബ് അതുപോലെ മലയാളം പരിഭാഷയോടുകൂടിയുള്ള സിനിമ എംസോണിൽ മാത്രമേ ലഭ്യമാകൂ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Biography, English, History Tagged: Fahad Abdul Majeed, Praveen Adoor, Shihas Paruthivila, Subhash Ottumpuram, Sunil Nadakkal

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]