എംസോൺ റിലീസ് – 3200
ക്ലാസിക് ജൂൺ 2023 – 03
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Hughes |
പരിഭാഷ | എല്വിന് ജോണ് പോള് |
ജോണർ | കോമഡി, ഡ്രാമ |
എപ്പോഴെങ്കിലും ഒരു യാത്ര പോകുമ്പോൾ വണ്ടി വരാൻ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് നമുക്കറിയാം. യാത്രയിൽ വെച്ച് അസഹനീയമായ സ്വഭാവമുള്ള, എപ്പോ മിണ്ടാതിരിക്കണം എന്നറിയാത്ത ഒരാൾ കൂടെ വന്നിരുന്നാൽ എന്ത് കഷ്ടമാണെന്നും നമുക്കറിയാം. എന്നാൽ, ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് അനുഭവിക്കേണ്ട അവസ്ഥ വന്നാൽ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരം ഒരു അനുഭവത്തിൻ്റെ കഥയാണ് 1987 ൽ ജോൺ ഹ്യൂസ് രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച്, സ്റ്റീവ് മാർട്ടിൻ, ജോൺ കാൻഡി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു പുറത്തിറങ്ങിയ അമേരിക്കൻ കോമഡി റോഡ് മൂവിയായ “പ്ലെയിൻസ്, ട്രെയിൻസ് ആൻഡ് ഓട്ടോമൊബീൽസ്“
അമേരിക്കയിലെ ഒരു വിശേഷദിവസമായ താങ്ക്സ്ഗിവിങ്ങിന് ഷിക്കാഗോയിലെ തൻ്റെ വീട്ടിൽ എത്താൻ ശ്രമിക്കുവാണ് ന്യൂയോർക്കിൽ ജോലി ചെയ്യുന്ന ബിസിനസ് എക്സിക്യൂട്ടിവായ നീൽ പേജ്(സ്റ്റീവ് മാർട്ടിൻ). പലവിധ കാരണങ്ങൾ കാരണം, നീൽ യാത്രയിൽ തടസ്സങ്ങൾ നേരിടുന്നു. ഇതിനിടയിൽ വെച്ച് വാ തോരാതെ സംസാരിക്കുന്ന ഷവർ കർട്ടൻ റിംഗ് വിൽപ്പനക്കാരനായ ഡെൽ ഗ്രിഫിത്തിനെ (ജോൺ കാൻഡി) നീൽ പരിചയപ്പെടുന്നു. തുടക്കം മുതലേ ഡെലിൻ്റെ സ്വഭാവം അസഹനീയമായി തോന്നുന്ന നീൽ കിട്ടുന്ന എല്ലാ അവസരത്തിലും അയാളെ ഒഴിവാക്കി താങ്ക്സ്ഗിവിങ്ങിന് മുന്നേ വീടെത്താൻ ശ്രമിക്കുന്നു. എന്നാൽ, കറങ്ങി തിരിഞ്ഞ് അവസാനം അവര് വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു. ഈ പ്രശ്നങ്ങൾ എല്ലാം തരണം ചെയ്തു സമയത്തിന് നീലിന് വീട്ടിൽ എത്താൻ സാധിക്കുമോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.
അമേരിക്കൻ കോമഡി സിനിമകളിലെ ക്ലാസിക്കുകളിൽ ഒന്നായ ചിത്രം, കാണുന്ന പ്രേക്ഷകനെ കുറെ ചിരിപ്പിക്കുകയും, ചെറുതായി കരയിപ്പിക്കുകയും, അവസാനം ഒരു പുഞ്ചിരിയോടെ അവസാനിക്കുകയും ചെയ്യുന്നു.