എം-സോണ് റിലീസ് – 2062
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Katie Couric Media |
പരിഭാഷ | ഡോ. ആശ കൃഷ്ണകുമാർ, അഖില പ്രേമചന്ദ്രൻ, ശ്രീധർ |
ജോണർ | ക്രൈം, ഡ്രാമ |
ഒരു സ്ത്രീ താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ, എന്താകും സമൂഹത്തിന്റെ ആദ്യ പ്രതികരണം? ഓ പിന്നെ, ഇതെന്തുകൊണ്ട് അന്നുതന്നെ പറഞ്ഞില്ലേ, ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം, അവളുടെ സ്വഭാവദൂഷ്യം എന്ന് വേണ്ട, അത് വിശ്വസിച്ച് അവൾക്കൊപ്പം നിൽക്കുക എന്നതൊഴിച്ച് എല്ലാത്തരം പ്രതികരണങ്ങളും ലളിതമായി കിട്ടും. ധരിച്ചിരുന്ന വേഷം, സംഭവം നടന്ന സമയം, സ്ഥലം അവളുടെ സൌഹൃദങ്ങൾ ജോലി, തുടങ്ങി എല്ലാം ഇഴകീറി പരിശോധിച്ച് എങ്ങനെയെങ്കിലും അവളുടെ തലയിൽതന്നെ അതിന്റെ കുറ്റം കെട്ടിവയ്ക്കാൻ ശ്രമിക്കും. അങ്ങനെയൊന്ന് നടന്നിട്ടേ ഇല്ല എന്ന് വരുത്തി തീർക്കാനാണ് നമുക്ക് വ്യഗ്രത. സ്ത്രീകളുടെ തുറന്നുപറച്ചിലുകൾ എപ്പോഴും അൺബിലീവബിൾ ആകുന്നത് എന്തുകൊണ്ടാണ്?
അൺബിലീവബിൾ എന്ന ഈ നെറ്റ്ഫ്ലിക്സ് സീരീസ് അത്തരം തോന്നലുകളെ, വിചാരങ്ങളെ പ്രതികരണങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നു. മന:സാക്ഷിയുള്ള ആർക്കും കുറ്റബോധം കൊണ്ട് തലകുനിക്കാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല. എപ്പോഴെങ്കിലും അറിയാതെയെങ്കിലും സമൂഹത്തോടൊപ്പം അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെല്ലാമുള്ള പാഠമാണ് അൺബിലീവബിൾ.
ആർക്കും അവിശ്വസിനീയമായി തോന്നുന്ന ബലാത്സംഗങ്ങൾ. ഒരു തെളിവും അവശേഷിപ്പിക്കാത്ത അക്രമി. എളുപ്പം ഇരകൾ പറയുന്നത് അവിശ്വസിക്കുക തന്നെയാണ്. എന്നാൽ തെളിവുണ്ടാക്കിക്കൊടുക്കേണ്ട ജോലി ഇരയുടേതല്ലല്ലോ. അത് തപ്പിയെടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ആ പണി വൃത്തിയായി ചെയ്യാൻ രണ്ട് വനിത ഡിറ്റക്റ്റീവുകൾ ഒരുമ്പെട്ടിറങ്ങുമ്പോൾ കേസിന്റെ ചുരുൾ പതുക്കെ അഴിയും.
എന്നാൽ കേസ് എത്ര തെളിയിക്കപ്പെട്ടാലും ആ സ്ത്രീകൾ അനുഭവിച്ച അരക്ഷിതാവസ്ഥക്ക് പകരം നൽകാനൊന്നുമില്ല. ഏറ്റവും ഹീനമായ ആക്രമണത്തെക്കുറിച്ച് തുറന്നുപറയാൻ ധൈര്യം കാണിച്ചപ്പോഴും കൂടെയുള്ളവരാരും വിശ്വസിക്കാത്തതിന്റെ വേദന കടിച്ചമർത്തേണ്ടവരുന്ന കൌമാരക്കാരി മരി എന്നും ഒരു നോവായി അവശേഷിക്കും. മരിയായി മറ്റൊരു കുട്ടിയെ സങ്കൽപ്പിക്കാൻ കഴിയില്ല. അത്രയ്ക്ക് മനസ്സിലേക്ക് ഇറങ്ങുന്ന പ്രകടനമാണ് കാറ്റിലിൻ ഡീവർ എന്ന പെൺകുട്ടിയുടേത്. ബലാത്സംഗത്തിന്റെ ഇരകൾ എങ്ങനെ പെരുമാറണമെന്ന് നിഷ്കർഷിക്കുന്ന, അതിൽനിന്ന് വ്യത്യസ്തയായാൽ അവിശ്വസിക്കുന്ന ഒരു സമൂഹത്തിൽ അവൾക്ക് എന്ന് നീതി കിട്ടും? അത്രയും അസഹനീയവും ട്രോമ നിറഞ്ഞതുമായ ആ അനുഭവത്തെപ്പറ്റി വീണ്ടും വീണ്ടും പറയിക്കലല്ല കേസ് അന്വേഷണം എന്ന് തിരിയാത്ത പൊലീസുകാരും ചേർന്ന് ആ ദുരനുഭവത്തിന്റെ ഓർമ്മകളിൽനിന്നുള്ള രക്ഷപ്പെടൽ അസാധ്യമാക്കി തീർക്കുന്നു.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സീരീസ് എടുത്തിരിക്കുന്നത്. ‘ദ അൺബിലീവബിൾ സ്റ്റോറി ഓഫ് റേപ്പ്’ എന്ന മാധ്യമ വാർത്തയാണ് സീരീസിന് പ്രചോദനമായത്. ഈ വാർത്തയ്ക്ക് പുളിറ്റ്സർ പ്രൈസ് ലഭിച്ചിരുന്നു. – അഖില പ്രേമചന്ദ്രൻ