എം-സോണ്‍ റിലീസ് – 1708
ഭാഷ | ഹിന്ദി |
നിർമാണം | Red Chillies Entertainment |
പരിഭാഷ | സുനില്‍ നടയ്ക്കല്‍, ലിജോ ജോളി, കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ |
ജോണർ | ആക്ഷൻ, ഹൊറർ, ത്രില്ലർ |
ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റർടെയിൻന്മെന്റ് നിർമിച്ച ഇന്ത്യയിലെ ആദ്യ സോമ്പി ഹൊറർ സീരീസാണ് ബേതാൾ. പാട്രിക്ക് ഗ്രഹാമും നിഖിൽ മഹാജനും സംയുക്തമായി ആണ് ഇതിന്റെ സംവിധാന ചുമതല നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സ് പ്ളാറ്റ്‌ഫോമിൽ 24 മെയ് 2020 ഇൽ ആണ് ഇത് റിലീസ് ചെയ്തത്. ആകെ 4 എപ്പിസോഡുകളാണ് ഈ വെബ്‌സീരിസിൽ ഉള്ളത്.
ആദിവാസി ഗ്രാമത്തിൽ ഹൈവേ നിർമ്മിച്ചു അതിനെ നഗരവുമായി ബന്ധിക്കാനായി കാട്ടിൽ തമ്പടിച്ചിരിക്കുന്ന ഒരു നിർമ്മാണ കമ്പനിയുടെ തലവനാണ് വക്രബുദ്ധിക്കാരനായ മുതൽവൻ. ഇയാൾക്ക് ഭരണസിരാകേന്ദ്രങ്ങളിൽ ഉന്നത സ്വാധീനം ഉണ്ട്. റോഡ് പണിക്ക് എതിരായി നിൽക്കുന്ന ഗ്രാമവാസികളെ ഒഴിപ്പിക്കാനായി പ്രത്യേക സേനയുടെ സഹായം അയാൾ തേടുന്നു. റോഡ് പണി പുരോഗമിക്കണമെങ്കിൽ അവിടെ അടഞ്ഞു കിടക്കുന്ന ഒരു തുരങ്കം തുറക്കേണ്ടതുണ്ട്. എന്നാൽ കാലങ്ങളായി തുടർന്ന് പോകുന്ന വിശ്വാസപ്രകാരം ആ തുരങ്കം തുറക്കുന്നത് അനർത്ഥങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു. അവരുടെ എതിർപ്പിനെ മറികടന്ന് തുരങ്കം തുറന്ന പ്രത്യേക സേനക്ക് നേരിടേണ്ടി വന്നത് ഭീതിജനകമായ സംഭവങ്ങളാണ്.
ഹൊറർ മൂഡിലാണ് ഈ സീരിസിന്റെ ഓരോ എപ്പിസോഡും കടന്ന് പോകുന്നത്. അതിനാൽ തന്നെ ഇത്തരം ജേണറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യ വിരുന്നാകും ഈ സീരീസ്.