എംസോൺ റിലീസ് – 3203
ക്ലാസിക് ജൂൺ 2023 – 05
ഭാഷ | ജാപ്പനീസ് |
സംവിധാനം | Hayao Miyazaki |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | അഡ്വഞ്ചർ, അനിമേഷന്, ഫാമിലി |
മന്ത്രവിദ്യകളും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല സാങ്കേതിക വിദ്യകളും കൊണ്ട് പ്രബലമായ ഒരു സാങ്കൽപ്പിക രാജ്യവും, അവരുടെ അയൽ രാജ്യവുമായുള്ള യുദ്ധത്തെ പറ്റിയുമാണ് ഹൗൾസ് മൂവിങ് കാസിൽ സംസാരിക്കുന്നത്. ആ കാലഘട്ടത്തിലെ സ്‌ത്രീകളുടെ തൊപ്പികൾ നിർമ്മിച്ച് വിൽക്കുന്ന സോഫിയിലൂടെയാണ് കഥ തുടങ്ങുന്നത്. തന്റെ സഹോദരിയെ കണ്ടിട്ട് തിരിച്ചു കടയിലെത്തിയ സോഫിയെ ‘മാലിന്യത്തിന്റെ മന്ത്രവാദിനി’ ശപിച്ച് ഒരു പ്രായമായ സ്ത്രീയാക്കി മാറ്റുന്നു. അതിനുശേഷം സോഫി, ഹൗൾ എന്നു പേരുള്ള ഒരു മാന്ത്രവാദിയെ കണ്ടുമുട്ടുന്നതും, രാജാവിന്റെ പോരാട്ടത്തിലുള്ള അവന്റെ ചെറുത്തുനിൽപ്പിന്റെ ഭാഗമാവുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.
2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരായ സംവിധായാകന്റെ ശക്തമായ എതിർപ്പായിരുന്നു ‘ഹൗൾസ് മൂവിംഗ് കാസിൽ’ എന്ന ഈ ചിത്രം. സിനിമയിൽ ശക്തമായ യുദ്ധവിരുദ്ധ സന്ദേശങ്ങളും, ഫെമിനിസ്റ്റ് ഘടകങ്ങളും, ഒപ്പം അനുകമ്പയുടെ മൂല്യത്തെക്കുറിച്ചും സംവിധായകൻ സംസാരിക്കുന്നുണ്ട്.
2004 നവംബർ 20-ന് ജപ്പാനിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, ജപ്പാനിൽ നിന്നും 190 മില്യൺ ഡോളറും, ലോകമെമ്പാടും 237 മില്യൺ ഡോളറോളം ബോക്സ് ഓഫീസ് കളക്ഷൻ നേടി വാണിജ്യപരമായി ഏറ്റവും വിജയിച്ച ജാപ്പനീസ് ചിത്രങ്ങളിലൊന്നായി മാറി. കൂടാതെ “ഓൾ ടൈം ഹയസ്റ്റ് ഗ്രോസ്സിംഗ് അനിമേ ഫിലിം” ലിസ്റ്റിൽ നിലവിൽ ആറാം സ്ഥാനത്തും നിൽക്കുന്നു.
ബെസ്റ്റ് അനിമേറ്റഡ് ഫീച്ചർ ഫിലിം കാറ്റഗറിയിൽ 78th അക്കാദമി അവാർഡിൽ നോമിനേഷൻ ലഭിക്കുകയും, കൂടാതെ നാല് ടോക്കിയോ അനിമേ അവാർഡുകളും, മികച്ച തിരക്കഥയ്ക്കുള്ള നെബുല അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും ഈ ചിത്രം വാരിക്കൂട്ടി. അനിമേ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണിത്.