Manichitrathazhu
മണിച്ചിത്രത്താഴ് (1993)

എംസോൺ റിലീസ് – 1002

Download

1748 Downloads

IMDb

8.7/10

മലയാളത്തിന്റെ മണിച്ചിത്രത്താഴിന് ഇരുപത്തേഴ് വയസ്സ് തികയുമ്പോൾ ലോകസിനിമയുടെ മലയാള ജാലകമായ എംസോണിന്റെ ആദരമാണ് ചിത്രത്തിന്റെ ഉപശീർഷകം. പരിഭാഷയിൽ നിന്ന് ഉപശീർഷകത്തിലേക്കുള്ള ചുവടുവെപ്പിന് നിമിത്തമാകുന്നത് “ഞങ്ങൾക്ക് ചെവിട് കേൾക്കില്ല, ഞങ്ങളേക്കൂടി സഹായിക്കാമോ?” എന്ന പേരറിയാത്ത പ്രേക്ഷകന്റെ ഒറ്റച്ചോദ്യമാണ്. ആ ചോദ്യത്തിന്റെ അനേകം ഉത്തരങ്ങളുടെ ആകെത്തുക “ഞങ്ങൾ ഉണ്ടല്ലോ” എന്നുതന്നെയായിരുന്നു. അങ്ങനെ മലയാളത്തിൽ ആദ്യമായി മലയാളസിനിമക്ക് എംസോണിലൂടെ ഉപശീർഷകമൊരുങ്ങി. അത് 27 ആണ്ട് തികക്കുന്ന മലയാള ക്ലാസ്സിക്കിന്റേതായത് എങ്ങനെയെന്നറിയില്ല. ഇതൊരു തുടക്കമാകട്ടെ, മലയാളത്തിൽ വരാനിരിക്കുന്ന മലയാളത്തിന്റേയും ഇംഗ്ലീഷിന്റേയും കീഴെഴുത്തുകളുടെ പുതിയപാത.
പ്രേതബാധക്കു പേരുകേട്ട മാടമ്പള്ളിത്തറവാട്ടിൽ താമസിക്കാനെത്തുന്ന നകുലന്റേയും ഭാര്യ ഗംഗയുടേയും ജീവിതത്തിൽ കടന്നു വരുന്ന അത്യപൂർവ്വമായ ചില സംഭവങ്ങളും അമേരിക്കയിൽ നിന്നു വരുന്ന നകുലന്റെ സുഹൃത്ത് ഡോ.സണ്ണി ജോസഫ് അപൂർവ്വ സംഭവങ്ങളുടെ ചുരുളഴിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മലയാളസിനിമ നാളിതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഴോനറിൽ വ്യത്യസ്തമായി കഥപറഞ്ഞ സിനിമ ഇന്ത്യയിലെ ഭൂരിപക്ഷം ഇന്റസ്ട്രിയിലേക്കും പറിച്ച് നടപ്പെടുകയും പണം വാരുകയും ഉണ്ടായെങ്കിലും മധു മുട്ടം എന്ന എഴുത്തുകാരന്റെ കഥ അങ്ങനെതന്നെ വെള്ളിത്തിരയിലെത്തിയത് മണിച്ചിത്രത്താഴിലൂടെ മാത്രമാണ്. മലയാളം സബ്ടൈറ്റിൽ ഫോർ എവരിവൺ എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കിക്കൊണ്ട് ഭിന്നശേഷിയുള്ള എംസോണീയർക്കും കൂടി കാണാവുന്ന തരത്തിൽ ധാരാളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് അറിയിക്കട്ടെ.