എംസോൺ റിലീസ് – 2780
ഭാഷ | ടർക്കിഷ് |
നിർമാണം | ES Film |
പരിഭാഷ | റിയാസ് പുളിക്കൽ, ഫാസിൽ മാരായമംഗലം, സാബിറ്റോ മാഗ്മഡ്, ഡോ. ഷാഫി കെ കാവുന്തറ, ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ, ആദം ദിൽഷൻ, നിഷാദ് മലേപറമ്പിൽ |
ജോണർ | ആക്ഷൻ, ഡ്രാമ, വാർ |
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. സിംഹങ്ങൾ കഥ പറഞ്ഞു തുടങ്ങുന്നത് വരെയേ വേട്ടക്കാർ നായകന്മാരായിരിക്കുകയുള്ളൂ. ഇവിടെ യൂറോപ്പിലെ അധിനിവേശ സാമ്രാജ്യങ്ങൾ ഒന്നടങ്കം മെഡിറ്ററേനിയനിലെ കടൽ കൊള്ളക്കാരൻ എന്ന് വിളിച്ചു ആക്ഷേപിച്ച ഹൈറെദ്ദിൻ ഖിസിർ ബാർബറോസ, സ്‌പെയിൻ അധിനിവേശ സാമ്രാജ്യത്തിന്റെ അതിശക്തമായ നാവിക സേനയ്ക്കെതിരെ ഒറ്റയ്ക്ക് പോരാടി അൾജീരിയയെ സ്പെയ്നിൽ നിന്നും മോചിപ്പിച്ചു അൾജീരിയയുടെ സുൽത്താനായി മാറിയ ഒറുച് ബാർബറോസ എന്നീ സിംഹങ്ങൾ അവരുടെ കഥ പറഞ്ഞു തുടങ്ങുകയാണ്. നായകന്മാർ എന്ന് അഹങ്കരിച്ച പലരും ഇനി വില്ലന്മാരായി മാറും. ഓട്ടോമൻ സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിഷ്യന്റിന് എന്തിനായിരുന്നു പല സാമ്രാജ്യങ്ങളും കടൽക്കൊള്ളക്കാരൻ എന്ന് ആക്ഷേപിച്ച ഖിസിർ ബാർബറോസയെ തന്റെ സാമ്രാജ്യത്തിന്റെ നാവികസേനാ തലവനാക്കി ഹൈറെദ്ദിൻ എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചത് എന്നുള്ളതിന്റെയൊക്കെ ഉത്തരം ഈ വീരോചിതമായ ഇതിഹാസ കാവ്യം പറയും. എർതൂറുൽ ഗാസിയായി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച എങ്കിൻ അൽത്താൻ ദുസിയത്താൻ, ഒറൂച്ച് റയീസ് ബാർബറോസയായി തിരിച്ചു വരുമ്പോൾ ദിറിലിഷ് എർതൂറുൽ എന്ന സൂപ്പർഹിറ്റ് സീരീസിന്റെ ലോകമെമ്പാടുമുള്ള ആരാധകർക്ക് കൂടി ഇത് വിരുന്നാണ്. പ്രതീക്ഷിക്കാതെ വന്നു ബ്രഹ്‌മാണ്ഡമായി മാറിയ ദിറിലിഷിന്റെ ന്യൂനതകളിൽ ചിലതായിരുന്ന വിഷ്വൽ എഫക്ട്സും സംഘട്ടന രംഗങ്ങളും ബാർബറോസയിലേക്ക് വരുമ്പോൾ ന്യൂനതകൾ എല്ലാം പരിഹരിച്ചുള്ളതാവുകയാണ്. എങ്കിന്റെ കൂടെ ഹിളിർ ഹൈറെദ്ദിൻ പാഷാ ബാർബറോസയായി ഉലാഷ് തുനാ ആസ്ത്തെപ്പേ കൂടി വരുമ്പോൾ ലോകം ഒരു പുത്തൻ താരോദയത്തിനു കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ഹൈറെദ്ദിൻ ബാർബറോസയുടെയും ഒറുച് റെഇസിന്റെ വീരോചിത ചരിത്രത്തിന് നമുക്കും സാക്ഷ്യം വഹിക്കാം.. Hayde.. Hayde..!