എം-സോണ്‍ റിലീസ് – 1764
ക്ലാസ്സിക് ജൂൺ 2020 – 25
ഭാഷ | ജർമൻ |
സംവിധാനം | Fritz Lang |
പരിഭാഷ | രാഹുൽ രാജ് |
ജോണർ | ഡ്രാമ, സയൻസ് ഫിക്ഷൻ |
കാലത്തിനുമുന്നേ സഞ്ചരിക്കുക എന്ന വിശേഷണം അന്വർത്ഥമാക്കുന്ന
സിനിമകളിലൊന്നാണ് ഫ്രിറ്റ്സ് ലാങിന്റെ ‘മെട്രോപൊളിസ്’. 1927-ൽ പുറത്തിറങ്ങിയ ഈ നിശബ്ദചിത്രത്തിന്റെ കഥ നടക്കുന്നത് 2026-ൽ ഒരു പടുകൂറ്റൻ നഗരത്തിലാണ്.
ജനങ്ങൾ തൊഴിലാളികളായും മേലാളന്മാരായും വിഭജിക്കപ്പെട്ടിരിക്കുന്നു. മെട്രോപൊളിസിന് കീഴെ, പല നിലകൾ കടന്നുചെല്ലുന്നിടത്താണ് ജോലിക്കാരുടെ നഗരം. മുകളിലെ നഗരത്തിന് വേണ്ട സകല ഊർജ്ജവും നൽകുന്ന ‘ഹാർട്ട്-മെഷീൻ’ നിരന്തരം പ്രവർത്തിപ്പിക്കുന്നത് അവിടെയുള്ള ജോലിക്കാരാണ്. പലപ്പോഴും പൊട്ടിത്തെറികളിലും മറ്റ് അപകടങ്ങളിലും നിരവധിപേർ മരിക്കുന്നു. എന്നാൽ അതൊന്നും മുകളിലുള്ളവർ ഗൗനിക്കാറുപോലുമില്ല. ഒരുദിവസം മെട്രോപൊളിസിന്റെ അധികാരിയായ ജോ ഫ്രിഡേഴ്സന്റെ പുത്രൻ ഫ്രിഡർ, മരിയ എന്ന പെൺകുട്ടിയെ കാണാനിടയാവുന്നു. അവളെ പിന്തുടരുന്ന ഫ്രിഡർ അവിചാരിതമായി ജോലിക്കാരുടെ നഗരത്തിലെത്തുന്നു. മരിയ ആരാണെന്നുള്ള ഫ്രിഡറിന്റെ അന്വേഷണത്തിനിടെ സംഭവിക്കുന്ന വഴിത്തിരിവുകളിലൂടെ കഥ മുന്നേറുന്നു.
അന്നുവരെ പുറത്തിറങ്ങിയവയിൽ വെച്ച് ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രമായിരുന്നു മെട്രോപൊളിസ്. കൂറ്റൻ നഗരത്തിന്റെയും മറ്റും ദൃശ്യങ്ങൾ ഇന്നും കാഴ്ചക്കാരെ അമ്പരപ്പിക്കും. യന്ത്രമനുഷ്യൻ, ക്ലോണിംഗ് തുടങ്ങിയ പല ആശയങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. 2001-ൽ UNESCO യുടെ Memory of the World രജിസ്റ്ററിൽ ഇടംപിടിക്കുന്ന ആദ്യ ചലച്ചിത്രമായും മെട്രോപൊളിസ് മാറി.