Street Food Season 01
സ്ട്രീറ്റ് ഫുഡ് സീസൺ 01 (2019)

എംസോൺ റിലീസ് – 1824

Download

1060 Downloads

IMDb

7.9/10

Episode 1: Bangkok, Thailand / എപ്പിസോഡ് 1: ബാങ്കോക്ക്, തായ്ലണ്ട്

ഏഷ്യൻ തെരുവ് ഭക്ഷണങ്ങളെ പരിചയപ്പെട്ടുത്തുന്ന, 2019ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലെ ഒന്നാമത്തെ എപ്പിസോഡാണിത്. ഈ എപ്പിസോഡിൽ തായ്ലൻഡിലെ ബാങ്കോക്ക് തെരുവുകളിലെ ഏതാനും ഭക്ഷണ വിഭവങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഭക്ഷണത്തോടൊപ്പം ആ നാട്ടിലെ ജീവിതരീതികളും അഭിരുചികളും കൂടി നമ്മളിലേക്കെത്തിക്കാൻ സീരീസിന് കഴിഞ്ഞിട്ടുണ്ട്. ഭക്ഷണപ്രിയർക്ക് നല്ലൊരു വിരുന്നായിരിക്കും സ്ട്രീറ്റ്ഫുഡ് എപ്പിസോഡ് 01.

Episode 2: Osaka, Japan / എപ്പിസോഡ് 2: ഒസാക, ജപ്പാൻ

സ്ട്രീറ്റ് ഫുഡ് (ഏഷ്യ) എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലെ രണ്ടാം എപ്പിസോഡാണിത്. ‘ജപ്പാന്റെ അടുക്കള’ എന്നറിയപ്പെടുന്ന ഒസാകയിലെ മൂന്ന് വ്യത്യസ്ത വഴിയോരഭക്ഷണശാലകളെയും അവയുടെ നടത്തിപ്പുകാരെയും പരിചയപ്പെടുത്തുകയാണ് ഇവിടെ. അതോടൊപ്പം ജപ്പാനിലെ സമ്പ്രദായങ്ങളും ചിട്ടവട്ടങ്ങളും എങ്ങനെയാണ് അവിടുത്തെ ഭക്ഷണരീതികളുമായി ബന്ധപ്പെട്ടുകിടക്കുന്നത് എന്നുകൂടി ഈ എപ്പിസോഡ് പരിശോധിക്കുന്നു.

Episode 3: Delhi, India / എപ്പിസോഡ് 3: ഡൽഹി, ഇന്ത്യ

നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയെ വ്യത്യസ്തമാക്കുന്നത് പല സാമ്രാജ്യങ്ങളും അവശേഷിപ്പിച്ചു പോയ വിവിധ സംസ്കാരങ്ങളാണ്. കാണാനും കീഴടക്കാനും വന്നവരിൽനിന്നെല്ലാം ഡൽഹി എന്തെങ്കിലുമൊന്ന് സ്വന്തമാക്കി. ഡൽഹിയുടെ ഭക്ഷണ സംസ്കാരം വിവിധ രാജ്യങ്ങളിൽനിന്ന് വിരുന്നെത്തിയ രുചികളുടെ ഒരു സംയോജനമാണ്. ഇപ്പൊ അവയെല്ലാം ഡൽഹിയുടെ സ്വന്തവുമാണ്. പഴയ ദില്ലിയിലെ കബാബുകളും പഞ്ചാബി ദാബകളിലെ ചോലെ ഭട്ടൂരെയുമെല്ലാം കടം കൊണ്ടതെങ്കിലും ഇപ്പോൾ ദില്ലിയുടെ സ്വന്തമാണ്. പുരാതന സ്മാരകങ്ങൾ എത്രമേൽ നമ്മെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നോ അത്ര തന്നെ ദില്ലിയുടെ തെരുവോര ഭക്ഷണങ്ങളും ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. തെരുവിലെ ഭക്ഷണം പലരുടെയും വിശപ്പകറ്റുന്നതോടൊപ്പം, ദില്ലിയുടെ സംസ്കാരത്തിന്റെ ഭാഗമായി. ഏറ്റവും നല്ല പാനി പൂരിക്കായി പോകേണ്ടത് ഏത് തെരുവിലേക്കാണ് എന്നതാണ് ചോദ്യം, ഏത് ഹോട്ടലിലേക്കെന്ന് ആരും ചോദിക്കില്ല.
ദില്ലിയുടെ രുചിവൈവിദ്ധ്യം വിദഗ്ധമായി ഒപ്പിയെടുത്ത ഡോക്യുമെന്ററിയാണിത്. ദില്ലിയിലേക്ക് ഒരു യാത്ര നടത്താൻ പ്രേരിപ്പിക്കും വിധം രുചികരമാണ് ഓരോ സീനും.

Episode 4: Yogyakarta, Indonesia / എപ്പിസോഡ് 4: യോഗ്യകർത്താ, ഇന്തോനേഷ്യ

Street Food എപ്പിസോഡ് 4 : യോഗ്യകർത്ത, ഇന്തോനേഷ്യ
ഇൻഡോനേഷ്യയിലെ പതിനേഴായിരത്തിലധികം ദ്വീപുകളിൽ ഏറ്റവും പ്രധാനപ്പെട്ട ജാവാ ദ്വീപിലെ ഒരു പ്രധാന നഗരമാണ് യോഗ്യകർത്ത. ജാവാ ദ്വീപും പ്രേത്യേകിച്ച് യോഗ്യകർത്തയും പരമ്പരാഗതമായ പാചകരീതികൾക്ക് പ്രശസ്തമാണ്. കൂടാതെ അവിടെ എളുപ്പം ലഭിക്കുന്ന ചക്ക, കപ്പ എന്നിവ കൊണ്ടുള്ള വിഭവങ്ങൾ ഒരുപാടാണ്. ഈ യോഗ്യകർത്ത നഗരത്തിലെ തെരുവുകളിൽ 80-100 വയസ്സായ ചില വൃദ്ധസ്ത്രീകൾ വിൽക്കുന്ന തനതായ മധുരപലഹാരങ്ങളെക്കുറിച്ചും മറ്റുചില പരമ്പരാഗത വിഭവങ്ങളെയും പരിചയപ്പെടുത്തുന്ന എപ്പിസോഡ് ആണിത്.

Episode 5: Chiayi, Taiwan / എപ്പിസോഡ് 5: ചിയായി, തായ്വാൻ

സ്ട്രീറ്റ് ഫുഡ് (ഏഷ്യ) എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലെ അഞ്ചാം എപ്പിസോഡിൽ തായ്‌വാനിലെ ചില വിഭവങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഭൂമിശാത്രപരമായ പ്രത്യേകതകൾ കൊണ്ട് മറ്റ് സ്ഥലങ്ങളിൽ നിന്ന് ഒറ്റപ്പെട്ട പ്രദേശമായതിനാൽ ചിയായിയിലെ ഭക്ഷണസംസ്കാരത്തിൽ പാശ്ചാത്യ പ്രഭാവം കുറവാണ്, അതുകൊണ്ട് തന്നെ തായ്‌വാനിൽ ഏറ്റവും പാരമ്പര്യത്തനിമയുള്ള വിഭവങ്ങൾ ലഭിക്കുന്നത് ചിയായിലാണ്. ഈ എപ്പിസോഡിൽ കാണിക്കുന്ന ഭക്ഷണങ്ങളെല്ലാം തന്നെ രുചിയിലും ചേരുവകളിലും യാതൊരു മാറ്റവും വരുത്താതെ തലമുറകളിലൂടെ കൈമാറി വന്നതാണ്.

Episode 6: Seoul, South Korea / എപ്പിസോഡ് 6: സിയോൾ, സൗത്ത് കൊറിയ

2019ൽ പുറത്തിറങ്ങിയ ഏഷ്യൻ തെരുവ് ഭക്ഷണങ്ങളെ പരിചയപ്പെട്ടുത്തുന്ന ഡോക്യുമെന്ററിയിലെ ആറാമത്തെ എപ്പിസോഡ്. ഈ എപ്പിസോഡിൽ കൊറിയൻ തലസ്ഥാനമായ സിയോളിലെ വഴിയോരങ്ങളിൽ വിൽക്കുന്ന ചില ഭക്ഷണ വിഭവങ്ങളെയും അത് ഉണ്ടാക്കുന്നവരുടെ ജീവിത ചുറ്റുപാടുകളെയുംപറ്റി വിവരിക്കുന്നു.

Episode 7: Saigon, Vietnam / എപ്പിസോഡ് 7: സൈഗോൺ, വിയറ്റ്നാം

സ്ട്രീറ്റ് ഫുഡ് പരമ്പരയിൽ ഉടനീളം ഉള്ള ഒരു തീമാണ് തെരുവുഭക്ഷണവും നാട്ടിലെ സംസ്കാരവും തമ്മിലുള്ള ബന്ധം. ഇത് ഒരുപക്ഷെ ഏറ്റവും പ്രകടമാകുന്നത് വിയറ്റ്നാമിലെ സൈഗോൺ നഗരത്തിലെ കാര്യം നോക്കുമ്പോഴാണ്. വളരെയധികം നാശനഷ്ടങ്ങളുണ്ടായി ഉയിർത്തെഴുന്നേറ്റ ഒരു രാജ്യത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വിലകുറഞ്ഞ് കിട്ടുന്ന പൊതവേ ഉപേക്ഷിക്കപ്പെടുന്ന സാധനങ്ങൾ വെച്ച് വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുകയാണ് അവർ ചെയ്തത്. അടക്കി ഭരിച്ചവരുടെ ഭക്ഷണം എടുത്ത് തനതായ മാറ്റങ്ങൾ വരുത്തിയും ഒച്ച് പൊടിയരി പോലെ ഗുണമേന്മ കുറവെന്ന പേരിൽ തഴയപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ വിഭവങ്ങളാക്കി മാറ്റിയും അതിജീവനം മനുഷ്യന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണെന്ന് കാണിച്ചു തരുന്നതാണ് ഈ എപ്പിസോഡ്

Episode 8: Singapore / എപ്പിസോഡ് 8: സിങ്കപ്പൂർ

സ്ട്രീറ്റ് ഫുഡ് (ഏഷ്യ) എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലെ ഈ എപ്പിസോഡിൽ വിവിധ സംസ്കാരങ്ങളുടെ സംഗമദേശമായ സിംഗപ്പൂരിലെ ഭക്ഷണമാണ് പരിചയപ്പെടുത്തുന്നത്. ഭക്ഷണത്തിൽ ഇന്ത്യനും ചൈനീസും വെസ്റ്റേണുമല്ലാം ഒരേ പോലെ ഉൾക്കൊള്ളുന്ന ഇവിടത്തെ ജനതക്ക് തനത് വിഭവങ്ങളായ ചില്ലി ക്രാമ്പും ചിക്കൻ റൈസും ഒരു വികാരമാണ്. ഒപ്പം പാരമ്പര്യത്തിന്റെ രുചിയുള്ള പുട്ടു പിറിങ്ങും. അനുഭവപരിചയമാണ് ഇവിടെ പല വിഭവങ്ങളുടെയും രുചിരഹസ്യം. അതിലൂടെയുള്ള സഞ്ചാരമാണ് ഈ ചെറു ഡോക്യുമെന്ററി. ഒപ്പം പുട്ടു പിറിങ്ങിലൂടെ വളർന്ന ഒരു കൊച്ചു മിടുക്കിയുടെ കഥയും.

Episode 9: Cebu, Philippines / എപ്പിസോഡ് 9: സെബു, ഫിലിപ്പീൻസ്

സ്ട്രീറ്റ് ഫുഡ് (ഏഷ്യ) എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലെ ഒമ്പതാമത്തെ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നത് തെക്കു കിഴക്കൻ ഏഷ്യയിലെ ദ്വീപു രാഷ്ട്രമായ ഫിലിപ്പീൻസിന്റെ പ്രധാനപ്പെട്ട തെരുവോര ഭക്ഷണങ്ങളായ നിലരംഗ്, ലെച്ചോൺ, ലമ്പിയ, തുസ്‌ലോബ്-ബുവ എന്നിവയെയാണ്. മൂന്ന് ദശലക്ഷത്തോളം വരുന്ന ഫിലിപ്പൈൻസ് ജനസമൂഹത്തിലെ നാലിലൊന്നും ദാരിദ്യരേഖയ്ക്ക് താഴെ വരുന്നവരാണ്. ഭൂരിഭാഗം ജനങ്ങളും നിത്യാഹാരത്തിനായി തെരുവോര ഭക്ഷണത്തെ ആശ്രയിക്കുന്നവരും അത്‌ ഉപജീവനമാർഗമായി സ്വീകരിച്ചവരുമാണ്. തുച്ഛമായി കരുതുന്ന ചേരുവകളെ കൊണ്ട് സ്വാദിഷ്ടമായ വിഭവങ്ങൾ തെരുവോര കച്ചവടക്കാർ തയ്യാറാക്കുന്നതും തെരുവോര ഭക്ഷണം അവിടുത്തെ ജനങ്ങളിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നും ഈ എപ്പിസോഡിൽ കാണിച്ചു തരുന്നു.