എംസോൺ റിലീസ് – 3007
ഭാഷ | കൊറിയൻ |
സംവിധാനം | Eung-bok Lee |
പരിഭാഷ | ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ, മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്, അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ, അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം |
ജോണർ | ആക്ഷൻ, കോമഡി, ഡ്രാമ |
2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി സൺ. കൊറിയയിലും വിദേശത്തുമായി ഒരുപാട് പ്രേക്ഷകപിന്തുണ നേടിയ ഈ സീരീസ് 32 ലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. കൊറിയൻ ദേസങ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഡ്രാമ, നിരൂപക പ്രശംസയും പിടിച്ചു പറ്റി.
ജോലികളിലും ജീവിത സാഹചര്യങ്ങളിലും ആശയങ്ങളിലും വ്യത്യസ്തമായവർ കണ്ടു മുട്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്താൽ എന്താണ് സംഭവിക്കുക?! ജീവനെടുത്തും ജീവൻ ത്യാഗം ചെയ്തും നാടും രാജ്യവും കാക്കുന്ന പട്ടാളക്കാർ. തനിക്ക് മുന്നിൽ രോഗിയായി കിടക്കുന്നത് ശത്രുവായാലും മിത്രമായാലും ഒരേ പരിഗണനയിൽ അവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന ഡോക്ടർമാർ. കൊറിയൻ സ്പെഷ്യൽ ഫോഴ്സ് ആയ ആൽഫ ടീം ക്യാപ്റ്റനാണ്, ക്യാപ്റ്റൻ യൂ സി ജിൻ. ഹേസോങ് ആശുപത്രിയിലെ വളർന്നു വരുന്ന മികച്ച സർജനാണ് ഡോ. കങ്ങ് മോ യോൺ. ഇവർ പ്രത്യേക സാഹചര്യത്തിൽ കണ്ടു മുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. എന്നാൽ അവർ തമ്മിലുള്ള അന്തരങ്ങൾ തിരിച്ചറിയുകയും അധികം താമസിക്കാതെ വേർപിരിയുകയും ചെയ്യുന്നു.
പക്ഷേ, പ്രണയം അങ്ങനെയാണ്. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം തോന്നിയാൽ പോലും പിന്നീടത് മറക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ എട്ട് മാസങ്ങൾക്ക് ശേഷം പല സംഭവ വികാസങ്ങൾക്കൊടുവിൽ മെഡിക്കൽ സേവനത്തിനായി ഉറുക്കിൽ എത്തിപ്പെടുന്ന ഡോ. കങ്ങ് മോയോണെ കാത്തിരുന്നത് സ്പെഷ്യൽ വെക്കേഷൻ ലഭിച്ച്, ഉറുക്കിലേ തബേക് യൂണിറ്റിലേക്ക് ഡീപ്ലോയ്മന്റ് ലഭിച്ച ക്യാപ്റ്റൻ യൂ സിജിനെയാണ്. അങ്ങനെയവർ വീണ്ടും കണ്ടു മുട്ടുകയും, ആകസ്മികമായി സംഭവിക്കുന്ന പല ദുരന്തങ്ങളിലും ഒന്നിച്ച് കൈകോർത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു പിന്നീടവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിലൂടെയാണ് ഡ്രാമ സഞ്ചരിക്കുന്നത്.