എംസോൺ റിലീസ് – 2766
ഭാഷ | കൊറിയൻ |
സംവിധാനം | Kim Hui-won |
പരിഭാഷ | ജിതിൻ.വി, ദേവനന്ദൻ നന്ദനം, നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്, വിവേക് സത്യൻ, ഫഹദ് അബ്ദുൽ മജീദ്, ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ, ഗോകുൽ എസ് എൻ ചെറുവല്ലൂർ, തൗഫീക്ക് എ, അനന്ദു കെ. എസ്, അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് |
ജോണർ | കോമഡി, ക്രൈം, റൊമാൻസ് |
ചോര കണ്ട് അറപ്പ് മാറിയ ഇറ്റലിയിലെ ഒരു മാഫിയ കുടുംബമായ കസ്സാനോ ഫാമിലിയുടെ നിയമോപദേഷ്ടാവാണ് കോൺസീല്യേർ വിൻസെൻസോ കസ്സാനോ.
പിതാവിന്റെ മരണ ശേഷം സഹോദരനുമായുള്ള ഒരു പ്രശ്നത്തിന്റെ പേരിൽ അവിടെനിന്നും രാജ്യംവിട്ട് കൊറിയയിലേക്ക് വരികയാണ് വിൻസെൻസോ. പക്ഷേ തന്റെ വരവിന് പിന്നിൽ കൃത്യമായ ഒരു ഉദ്ദേശ്യം തന്നെ ഉണ്ടായിരുന്നു അയാൾക്ക്. പണ്ട് അയാൾ കൊറിയയിലെ ഒരു കെട്ടിടത്തിന് താഴെ ടൺ കണക്കിന് സ്വർണം ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. അവിടെ നിന്ന് അതെടുക്കുക, രാജ്യം വിടുക. ഇതാണ് അയാളുടെ ലക്ഷ്യം. എന്നാൽ അവിടെ താമസിക്കുന്ന വാടകക്കാരെ ഒഴിപ്പിച്ചാൽ മാത്രമേ അത് എടുക്കാനാകൂ. പക്ഷേ വാടകക്കാർ അവിടെ നിന്നും പിന്മാറില്ലെന്ന് ഉറപ്പിക്കുന്നു. അതേ സമയം ആ കെട്ടിടം സ്വന്തമാക്കി അവിടെ ഒരു ടവർ പണിയാനുള്ള പദ്ധതിയാണ് ബാബേൽ ഗ്രൂപ്പ് നോക്കുന്നത്. ബാബേൽ ബലം പ്രയോഗിച്ച് ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുകയും അത് പൊളിച്ചു അവിടെ ബാബേൽ ടവർ എന്ന പേരിൽ ഫ്ലാറ്റ് പണിയാനും ശ്രമിക്കുന്നു. പക്ഷേ വാടകക്കാർ ഇതിനെതിരെ നിയമ പോരാട്ടം നടത്തുന്നു. അവരോടൊപ്പം നിന്ന് നിയമ പോരാട്ടം നടത്താനായി വക്കീലായ ഹോങ് യൂ ചാനും കൂടെ കൂടുന്നു. കാര്യങ്ങൾ പിടിവിട്ടു കിടക്കുകയാണെന്ന് മനസ്സിലാക്കിയ വിൻസെൻസോ വാടകക്കാരോടൊപ്പം ചേർന്ന് നിന്ന് തന്റെ ആവശ്യം തഞ്ചത്തിൽ നടപ്പിലാക്കാൻ പദ്ധതിയിടുന്നു. എന്നാൽ അവിടുന്നങ്ങോട്ട് ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്.
ഒരുപക്ഷത്ത് വിൻസെൻസോയും നായികയും കൂടെ ഒരുപറ്റം വാടകക്കാരും. മറുവശത്ത്, വിലങ്ങുതടിയായി നിൽക്കുന്ന എന്തിനേയും വെട്ടിമാറ്റാൻ ഭയപ്പെടാത്ത ബാബേൽ ഗ്രൂപ്പും ചേർന്ന് തകർത്താടുന്ന ഒരു യുദ്ധമാണ് വിൻസെൻസോ സീരീസ്. ഒരോ എപ്പിസോഡ് തീരുമ്പോഴും പ്രേക്ഷകനെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന, ഗ്യാങ്സ്റ്റർ, കോമഡി, ക്രൈം എന്റർടൈമെന്റായ, ഈ വർഷം ഇറങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ നിരൂപക പ്രശംസയും പിടിച്ചു പറ്റിയ നെറ്റ്ഫ്ലിക്സ് കൊറിയൻ സീരീസാണ് വിൻസെൻസോ.