എം-സോണ് റിലീസ് – 2399
ഭാഷ | കൊറിയൻ |
സംവിധാനം | Byung-Soo Kim |
പരിഭാഷ | അരുൺ അശോകൻ, വിവേക് സത്യൻ, ദേവനന്ദൻ നന്ദനം, റോഷൻ ഖാലിദ്, അനന്ദു കെ. എസ്. നിഷാം നിലമ്പൂർ, തൗഫീക്ക് എ, നിബിൻ ജിൻസി, ഹബീബ് ഏന്തയാർ, ഫഹദ് അബ്ദുൾ മജീദ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ, ശ്രുതി രഞ്ജിത്ത്, ജീ ചാങ്ങ് വൂക്ക് |
ജോണർ | ഫാന്റസി, മിസ്റ്ററി, റൊമാൻസ് |
സുകൃത ദുഷ്കൃതങ്ങളുടെ കാണപ്പെടാത്ത ഫലമായി വരുന്ന സുഖദുഃഖാനുഭവങ്ങളാണ് ‘വിധി’. തിരുത്താൻ അവസരം ലഭിച്ചാലും അത് നിശ്ചയിക്കപ്പെട്ട പോലെ തന്നെ നടക്കും. ജീവിതത്തിലേക്ക് ആരൊക്കെ കടന്നു വരണം എന്ന് തീരുമാനിക്കുന്നത് വിധിയാണ്. ആരൊക്കെ നിൽക്കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ പ്രവർത്തനങ്ങളുമാണ്.തിരുത്താൻ അവസരം ലഭിച്ചപ്പോൾ വിധി കൊടുത്ത മറുപടിയുടെ കഥയാണ് “നയൻ : നയൻ ടൈം ട്രാവൽ”.
പാർക്ക് സൺ വൂ (ലീ ജിൻ വുക്ക്) ഒരു ടെലിവിഷൻ വാർത്താ അവതാരകനാണ്, റിപ്പോർട്ടർ ജൂ മിൻ യോങ് (ജോ യൂൻ ഹീ) നോട് പ്രണയവുമാണ്. ജോലിയും, പ്രണയവുമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് നായകൻ ആ സത്യം അറിയുന്നത്. തന്നെ അർബുദം വലിഞ്ഞു മുറുക്കിയിരിക്കുന്നു. അവശേഷിക്കുന്ന ജീവിതത്തിലെ വിരലിലെണ്ണാവുന്ന നിമിഷങ്ങൾ മിൻ യോങുമായി ജീവിച്ചു തീർക്കാൻ ആഗ്രഹിക്കുന്നു. മിൻ യോങ്ങിനോട് പ്രണയം പറയാനും, കൊടുമുടി കയറുന്നതിടെ മരണപ്പെട്ട തന്റെ ജേഷ്ടന്റെ മൃതശരീരം ഏറ്റുവാങ്ങാനുമായി നേപ്പാളിലേക്ക് പോകുന്നു. അവിടെ നിന്നും ജേഷ്ഠൻ മരണസമയം കയ്യിൽ ഒരു ചന്ദനത്തിരി പിടിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നു. മഞ്ഞു മലയിൽ എന്തിനാണ് ചന്ദനത്തിരി? നായകൻ അതിന്റെ രഹസ്യം തേടുന്നു. അന്വേഷണത്തിനൊടുവിൽ 9 ചന്ദനത്തിരികൾ അടങ്ങുന്ന ഒരു പെട്ടി കിട്ടുന്നു. അതോടെ അവന്റെ ജീവിതം മാറി മറിയുകയാണ്. ആ ചന്ദനത്തിരികൾ അവനെ 20 വർഷം മുന്നേയുള്ള അതേ ദിവസം അതേ സമയത്തിലേക്ക് എത്തിക്കാൻ കെൽപുള്ളതായിരുന്നു. അതു കത്തിച്ചാൽ സമയത്തിലൂടെ സഞ്ചാരിക്കാം. ഇതൊരു ഭാഗ്യമാണെന്നും, തനിക്കുണ്ടായ നഷ്ടങ്ങൾ നികത്താമെന്നും അവൻ കരുതുന്നു. പക്ഷേ ആ ചന്ദനത്തിരികൾ വിധിയോട് ഏറ്റുമുട്ടിയപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു സംഭവിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ അവന് 9 അവസരങ്ങൾ മാത്രമേ ഉള്ളൂ, അതുവഴി ഭാവി സംരക്ഷിക്കാനാകും. അവൻ വിജയിക്കുമോ? അതോ അവന്റെ ഇപ്പോഴത്തെ ജീവിതം ഒരിക്കലും പഴയപടിയാകില്ലേ?
അടിപൊളി ട്വിസ്റ്റുകൾ നിറഞ്ഞ, സാധാരണ ടൈം ട്രാവൽ സൈ – ഫൈ സീരീസുകളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ വികാരങ്ങൾ, കുടുംബബന്ധം, മാതാപിതാക്കൾ, സുഹൃത്തുക്കൾ, പ്രണയം എന്നിവയാൽ നിറഞ്ഞ് നിൽക്കുന്ന മനസ്സിരുത്തി കാണാവുന്ന ഒരു കഥ. മികച്ച കാസ്റ്റിങ് കൊണ്ടും, മികച്ച OST കൊണ്ടും കണ്ടാൽ ഒട്ടും മടുപ്പ് വരാത്ത ഒരു കിടിലൻ ടൈം ട്രാവൽ കൊറിയൻ സീരീസ്.
കിം ബ്യൂങ് സൂ സംവിധാനം ചെയ്ത 2013 ലെ ദക്ഷിണ കൊറിയൻ ഡ്രാമ സീരീസാണ് “ നയൻ: 9 ടൈംസ് ടൈം ട്രാവൽ”.