എം-സോണ്‍ റിലീസ് – 752
ഭാഷ | സ്പാനിഷ് |
സംവിധാനം | Víctor Erice |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, ഫാന്റസി |
അന്ന എന്നൊരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ ചുറ്റുമുള്ള മുതിർന്നവരുടെ മാനസിക സംഘര്‍ഷങ്ങളും വികാരവിചാരങ്ങളും അവതരിപ്പിക്കുന്ന ,അവളുടെ ഫാന്റസി ലോകത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് The spirit of the beehive. സ്പെയിനില്‍ നിന്നും വന്നതില്‍ ഏറ്റവും ജനപ്രീതി നേടിയ ആര്‍ട്ട്ഹൌസ് ചിത്രങ്ങളിലൊന്നാണിത്.
സ്പെയിനിലെ ഇടതുപക്ഷ സര്‍ക്കാരിനെ ആഭ്യന്തര യുദ്ധത്തിലൂടെ പുറത്താക്കി ഫാന്സിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണം നിലവില്‍വന്നത് 1939 ലാണ് .ജനജീവിതത്തെ സാരമായി ബാധിച്ച ഈ രക്തരൂക്ഷിത വിപ്ലവം കുടുംബങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ചിന്നഭിന്നമാക്കി. പട്ടാളഭരണത്തില്‍ സമൂഹത്തെ ആകമാനം ബാധിച്ച നിരാശയും ബന്ധങ്ങളില്‍ സംഭവിച്ച തകര്‍ച്ചയുമൊക്കെയാണ് സംവിധായകനായ വിക്റ്റര്‍ എറിസ് തന്റെ ചിത്രത്തിന് പശ്ചാത്തലമാക്കുന്നത് .
സ്പെയിനിലെ കാസ്റ്റ്ലിയന് ഗ്രാമത്തിലാണ് കഥ നടക്കുന്നത് .ചിത്രം ആരംഭിക്കുന്നത് തന്നെ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ പ്രകൃതിദൃശ്യത്തിലൂടെയാണ്. അന്നയുടെ കുടുംബാന്തരീക്ഷത്തിലേക്ക് ക്യാമറ കടന്നുവരുമ്പോള്‍ സംവിധായകന് ലക്ഷ്യം കൂടുതല്‍ വ്യക്തമാവുന്നു .അച്ഛനായ ഫെര്‍ഡിനന്റ് എഴുതുന്ന കവിതകള്‍ തേനീച്ചകളുടെ “യാന്ത്രിക”മായ ജീവിതത്തെക്കുറിച്ചുള്ളതാണെങ്കിലും ആ വരികളില്‍ നിഴിലിക്കുന്ന നിരാശയുടെ ഉറവിടം ആഭ്യന്തരയുദ്ധവും പട്ടാളഭരണവുമോക്കെയാണ് .അമ്മയായ തെരേസ തന്റെ പൂര്വകാമുകനെഴുതുന്ന കത്തുകളിലുമുണ്ട് വേര്‍പെട്ടു പോയ ബന്ധങ്ങളെ ഓര്‍ത്തുള്ള നഷ്ടബോധം .ഈ നിരാശയും നഷ്ടബോധവുമോക്കെയാവണം,പരസ്പരം സ്നേഹവും കരുതലുമുണ്ടങ്കില്കൂടി കുടുംബാങ്ങളോരോരുത്തരും ആ വലിയ വീട്ടില്‍ തങ്ങളുടേതായ ലോകത്ത് ഒതുങ്ങി കഴിയാന്‍ കാരണം.
.പട്ടാളഭരണത്തിനെതിരെയുള്ള കടുത്ത വിമര്‍ശനോ പരിഹാസമോ അല്ല സംവിധായകന് ഉദ്ദേശിക്കുന്നത് മറിച്ച് ഒരു കൊച്ചുകുട്ടിയുടെ വീക്ഷണകോണിലൂടെ ശക്തമായ ഒരു സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ നിരീക്ഷിക്കാനാണ് സംവിധായകന് പ്രേക്ഷകനോട് ആവശ്യപ്പെടുന്നത് .ഏതു തരം പ്രേക്ഷകനെയും ആകര്‍ഷിക്കുന്ന ഒരു ഫാന്റസി സ്വഭാവം ചിത്രത്തിന് ലഭിക്കുകയും അതുവഴി സംവിധായകന് ഉദ്ദേശിച്ച ആശയം കൃത്യമായി പ്രേക്ഷകരിലെക്കെത്തുകയും ചെയ്യുന്നു .എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രം വ്യക്തമായ തുടക്കവും ഒടുക്കവുമുള്ള ഒരു പ്ലോട്ടിനെ പിന്തുടരുന്നില്ല എന്നതാണ് .ഒരു നിലപാട് അവതരിപ്പിക്കുന്നതിനു പകരം ഒരു പ്രത്യേക കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ അവതരിപ്പിക്കുക എന്നതുമാത്രമാണ് ലക്ഷ്യമെന്നതിനാല്‍ ഈ തീരുമാനം അങ്ങേയറ്റം അനുയോജ്യമാണന്നുതന്നെ പറയാം .
സ്പാനിഷ് ചലച്ചിത്രനിരൂപകനായിരുന്ന വിക്റ്റര്‍ എറിസിന്റെ ആദ്യ ചിത്രമായിരുന്നു സ്പിരിറ്റ് ഓഫ് ബീഹൈവ്. പട്ടാളഭരണം അതിന്റെ അന്ത്യനാളുകളിലേക്കടുത്തിരുന്ന കാലത്താണ് വന്നതെങ്കിലും വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ചിത്രത്തിന് നേരിടേണ്ടി വന്നു. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് അന്താരാഷ്ട്രചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങളും അഭിനന്ദനങ്ങളും നേടിയതോടെയാണ് ഒരു മാസ്റ്റെര്‍പീസ് പദവിയിലേക്ക് ചിത്രമെത്തുന്നത് . 2007 ചിത്രം റീ റിലീസ് ചെയ്തപ്പോള്‍ ലഭിച്ച നിരൂപക/പ്രേക്ഷക പ്രതികരണം ഈ ക്ലാസിക്ക് ചിത്രത്തിന്റെ അനശ്വരതക്ക് തെളിവാണ്.