എം-സോണ്‍ റിലീസ് – 2534
ഭാഷ | ജാപ്പനീസ് | |
സംവിധാനം | Yûsuke Taki Jun’ichi Mori Takashi Matsuo | |
പരിഭാഷ | ജിതിൻ ജേക്കബ് കോശി, ദേവനന്ദൻ നന്ദനം, അനന്ദു കെ. എസ്, വിവേക് സത്യൻ, നിബിൻ ജിൻസി, ഗോകുൽ എസ് എൻ ചെറുവല്ലൂർ, അരുൺ അശോകൻ, ഫഹദ് അബ്ദുൽ മജീദ്, തൗഫീക്ക് എ, ശ്രുതി രഞ്ജിത്ത്, റോഷൻ ഖാലിദ്, നിഷാം നിലമ്പൂർ, ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ | |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
കാലത്തിനും ദേശത്തിനും അനുയോജ്യമായ മാറ്റങ്ങളോടെ ഏത് നാടിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടാലും പ്രേക്ഷകമനസ്സുകളിൽ വേരൂന്നി പന്തലിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളേ കല്പിതകഥകളുടെ ലോകത്തുള്ളൂ. അക്കൂട്ടത്തിൽ അഗ്രഗണ്യനാണ് 221 ബി ബേക്കർ സ്ട്രീറ്റിൽ താമസിക്കുന്ന അതുല്യനായ കുറ്റാന്വേഷകൻ. പിറവി കൊണ്ട് 135 വർഷത്തിന് ശേഷവും പരിഭാഷയായും സിനിമയായും വെബ് സീരീസായും ലോകമെങ്ങും ഇന്നും കൊണ്ടാടപ്പെടുന്ന നിത്യവിസ്മയമായ കഥാപാത്രം. മുഖവര ആവശ്യമില്ലാത്ത ഒരേയൊരു ഷെർലക് ഹോംസ്!
മേല്പറഞ്ഞ പോലെ, സ്വഭാവവൈശിഷ്ട്യം ചോരാതെ ക്ലാസിക്കൽ ഷെർലക്കിനെ ആധുനികകാലത്തിലേക്ക് ആനയിച്ച് നമ്മെ വിസ്മയിപ്പിച്ച ആഖ്യാനങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. ഈ അടുത്തകാലത്ത് അവയിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചത് ബെനഡിക്റ്റ് കംബർബാച്ച് നായകനായ ബിബിസിയുടെ ‘ഷെർലക്’ സീരിസാണ്. ആ ആധുനിക ആവിഷ്ക്കാരത്തിന്റെ ആരാധകര്‍ക്ക് നമ്മുടെയീ ജാപ്പനീസ് ഷെർലക്കും തീർത്തും സുപരിചിതയായിരിക്കും. കാരണം, ബെനഡിക്റ്റിന്റെ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള സോഷ്യോപ്പാത്ത് ഹോംസിനോട് അത്രമേൽ സാമ്യതയുള്ളതാണ് യൂക്കോ ടാക്കൂച്ചിയുടെ മെരുങ്ങാൻ ഒട്ടും തയ്യാറല്ലാത്ത, സരസത കൈമുതലാക്കിയ… സ്ത്രീ ഷെർലക്.
വർത്തമാനകാലത്തിലെ ജപ്പാൻ കഥാപശ്ചാത്തലമാക്കിയ മിസ്സ് ഷെർലക്, പ്രധാന കഥാപാത്രമായ വാട്സണെയും സ്ത്രീയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. സിറിയയിലെ സന്നദ്ധസേവനത്തിന് ശേഷം കലാപത്തിന്റെ മരവിക്കുന്ന ഓർമ്മകളുമായി തിരികെയെത്തുന്ന ഡോ. വാട്ടോ-സൻ തന്റെ സഹപ്രവര്‍ത്തകന്റെ കൊലപാതകത്തിന് സാക്ഷിയാകുന്നു. നീതി തേടിയുള്ള അന്വേഷണത്തിനിടയിൽ അവൾ അരക്കിറുക്കിയായ സാറ ‘ഷെർലക് ’ ഷെല്ലി എന്ന കൺസൽട്ടിങ് ഡിറ്റക്ടീവിനെ പരിചയപ്പെടുന്നു. തുടര്‍ന്നങ്ങോട്ടുള്ള ഒരുമിച്ചുള്ള യാത്രകളിൽ ഓരോ കുറ്റകൃത്യത്തിന്റെയും ചുരുളഴിക്കവേ… പ്രഥമദൃഷ്ട്യാ ഭ്രാന്തമായിരുന്ന ഷെർലോക്കിന്റെ കുറ്റാന്വേഷണരീതികൾക്ക് വാട്ടോ-സന്റെ കണ്ണില്‍ ഒരു അസാധാരണ ജീനിയസ്സിന്റെ മതിപ്പുളവാക്കുന്ന കൂർമ്മബുദ്ധിയുടെ മാനം കൈവരുന്നു.
ഏതൊരു ഷെർലക് ആരാധകനും പ്രതീക്ഷിക്കും പോലെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കേസുകളാണ് മിസ് ഷെർലക്കും നേരിടുന്നത്. ഒരു ‘ഷെർലക്കിന്’ മാത്രം ചേർത്തുവായിക്കാനാവുന്ന വിചിത്രസംഭവങ്ങളും, ആ അനശ്വര കഥാപാത്രത്തിന് മാത്രം തെളിയിക്കാനാവുന്ന നിഗൂഢമായ കൊലപാതകങ്ങളും കൊണ്ട് മുഖരിതമാണ് ഓരോ എപ്പിസോഡുകളും. ഷെർലക്കിന്റേതായി ഇന്നോളം ഇറങ്ങിക്കൊണ്ടിരിക്കുന്ന അസംഖ്യം പതിപ്പുകളുടെ സ്വീകാര്യതയെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന മറ്റൊരു മനോഹരാഖ്യാനമാണ് ഈ ജാപ്പനീസ് പെൺപ്പതിപ്പ്.