എം-സോണ്‍ റിലീസ് – 2263
ഭാഷ | കൊറിയൻ |
സംവിധാനം | Min Yeon-hong, Lee Jung-hoon |
പരിഭാഷ | ജീ ചാങ്-വൂക്ക്, നിബിൻ ജിൻസി, ഗോകുൽ എസ് എൻ ചെറുവല്ലൂർ, നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്, ജിതിൻ ജേക്കബ് കോശി, വിവേക് സത്യൻ, അരുൺ അശോകൻ, ദേവനന്ദൻ നന്ദനം, കൃഷ്ണപ്രസാദ് പി ഡി, ഫഹദ് അബ്ദുൾ മജീദ്, തൗഫീക്ക് എ, വിഷ്ണു പ്രസാദ്, ജിതിൻ.വി, അനന്ദു കെ. എസ്. |
ജോണർ | മിസ്റ്ററി |
നൂറുവർഷം മുമ്പ്, പ്രണയമെഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ബ്രിട്ടണിലെ ഒരു നാട്ടിൻപുറത്തുകാരി… ദുരൂഹതകളും കൊലപാതകങ്ങളും മാത്രമുള്ള തന്റെ ആദ്യ അപസർപ്പക നോവൽ പുറത്തിറക്കുന്നു. സംഭ്രമജനകമായ നിഗൂഢതകളുടെ കഥകള്‍ പറഞ്ഞ… അഗതാ ക്രിസ്റ്റിയെന്ന അപസർപ്പകസാഹിത്യത്തിലെ തമ്പുരാട്ടിയുടെ ജനനം അതായിരുന്നു. വിക്ടോറിയൻ യുഗത്തിലെ ഷെർലോക്ക് ഹോംസെന്ന അതികായന്റെ അസാമാന്യ നിരീക്ഷണപാടവത്തോട് അഗതയുടെ കുറ്റാന്വേഷകർ കിടപിടിച്ചത് ഓരോ കേസിനെയും ബുദ്ധിപരമായ വിശകലനത്തിലൂടെ വിലയിരുത്തിയാണ്.
അക്കാലത്തെ ഭൂരിപക്ഷം നോവലിസ്റ്റുകളും പുരുഷന്മാരെ ഡിറ്റക്ടീവുകളായി അവതരിപ്പിച്ചപ്പോള്‍ അഗതാ ക്രിസ്റ്റി മിസ് മാർപ്പിളെന്ന ഒരു സ്ത്രീ ഡിറ്റക്ടീവിനെ അവതരിപ്പിക്കുകയുണ്ടായി. വായനക്കാര്‍ ഏറെ ആവേശത്തോടെയാണത് സ്വീകരിച്ചത്. ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകാരിയുടെ നോവൽ രചനയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ, മിസ് മാർപ്പിളിന്റെ കുറ്റാന്വേഷണകഥകളുടെ കൊറിയൻ പതിപ്പിന് പരിഭാഷയൊരുക്കി എംസോൺ ആ അനശ്വരപ്രതിഭയെ അനുസ്മരിക്കുന്നു.
മിസ് മാര്‍പ്പിളെന്ന വൃദ്ധകുറ്റാന്വേഷകയെ കൊറിയൻ ആഖ്യാനത്തിൽ മിസ് മാ എന്ന മധ്യവയസ്കയായി പുനരാവിഷ്കരിച്ചിട്ടുണ്ട്. മകളുടെ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന മിസ് മാ അവിചാരിതമായി ജയിലില്‍നിന്ന് രക്ഷപ്പെട്ട് യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്താനുള്ള കുരിശുയുദ്ധത്തിന് ഇറങ്ങിത്തിരിക്കുന്നു. എന്നാൽ അന്വേഷണവഴികളിൽ തന്റെ സ്വതസിദ്ധമായ അകക്കാഴ്ച ഉപയോഗിച്ച് അവർക്ക് മറ്റ് ചില കുറ്റകൃത്യങ്ങളുടെ കൂടി ചുരുളഴിക്കേണ്ടി വരുന്നു. അവയെല്ലാം തന്നെ വിവിധ മാർപ്പിൾ നോവലുകളിൽനിന്ന് പ്രചോദനമുള്‍ക്കൊണ്ടവയുമാണ്. കഥയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്തോറും നൂതന അർത്ഥങ്ങളും ത്രസിപ്പിക്കുന്ന ദൃശ്യാനൂഭൂതിയും നല്‍കുന്ന എണ്ണം പറഞ്ഞ കുറ്റാന്വേഷണഡ്രാമയാണ് മിസ് മാ നെമിസിസ്.